അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നു ഉണ്ടെന്നും അവര്‍ക്ക് മനുഷ്യ ജീവിതത്തില്‍ സ്വാധീനമുണ്ടെന്നും വിശ്വസിച്ച ആള്‍ പിന്നീട് അത് തെറ്റാണെന്ന് മനസ്സിലാക്കുകുയം കുഫ്രിലേക്ക് നയിക്കുന്ന ചിന്തകള്‍ മനസ്സില്‍ വരികയും ചെയ്തത് കൊണ്ട് രിദ്ദത് സംഭവിക്കുമോ? ശിര്‍ക്ക് ചെയ്തു എന്ന തോന്നലും ഇടക്കുണ്ടാകുന്നു. ശിര്‍ക്ക് തൌബയിലൂടെ പൊറുക്കപെടുമോ?

ചോദ്യകർത്താവ്

ജാസിം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നു വിശ്വസിക്കുന്നത് തെറ്റല്ല. അല്ലാഹു ലോകത്ത്‌ പല തരം സൃഷ്ടികളെ സൃഷ്ടിച്ചിട്ടുണ്ട്. അവയില്‍ മനുഷ്യനും ജിന്നുകളും പെടും. മലക്കുകള്‍ സ്വര്‍ഗ്ഗവാസികളായ ഹൂറികള്‍, യഅജൂജ്‌, മഅജൂജ്‌, ദജ്ജാല്‍, ദാബ്ബത്തുല്‍ അര്‍ദ് തുടങ്ങി പലതും പ്രമാണങ്ങളാല്‍ സ്ഥിരപ്പെട്ടതാണ്. അല്ലാഹു പറയുന്നു: “ആകാശഭൂമികളെ സൃഷ്ടിച്ചതും അവ രണ്ടിലും ജീവജാലങ്ങളെ വ്യാപിപ്പിച്ചതും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടവയാണ്. അവനിച്ഛിക്കുമ്പോള്‍ അവരെയൊക്കെഒരുമിച്ചുകൂട്ടാന്‍ കഴിവുറ്റവനാണവന്‍” . (അല്‍-ശൂറ : 29) അത് കൊണ്ട് തന്നെ പ്രപഞ്ചത്തില്‍, മറ്റിടങ്ങളില്‍ ജീവന്‍റെ സാധ്യത തള്ളിക്കളയാന്‍ സാധ്യമല്ല. മനുഷ്യ ചരിത്രത്തില്‍ അന്യഗ്രഹ ജീവികള്‍ ഇടപെട്ടിട്ടുണ്ടെന്നു വിശ്വസിക്കുന്നത് അവയുടെ സ്വന്തമായ കഴിവ് കൊണ്ടാണെന്ന് വിശ്വാസിച്ചാല്‍ മാത്രമേ അത് മത വിരുദ്ധമാവുകയുള്ളൂ. പ്രപഞ്ചത്തിന്‍റെ മുഴുവന്‍ നിയന്ത്രണാധികാരം അല്ലാഹുവിനാണ്. അവന്റെ അനുമതിയോടെയും അറിവോടെയും മാത്രമാണ് ഒരു ചെറിയ ഇലയനക്കം മുതല്‍ ഗാലക്സികളുടെ സഞ്ചാരം വരെ സംഭവിക്കുന്നത്. ശിര്‍ക് എന്ന മഹാപാപത്തെ കുറിച്ച് പലരിലും ഉണ്ടായ തെറ്റിദ്ധാരണയുടെ ഫലം കൂടിയാണ് ഈ ചോദ്യം എന്ന് പറയാതെ വയ്യ. അല്ലാഹുവിനുള്ള കഴിവുകള്‍ മറ്റുള്ളവര്‍ക്ക് കല്‍പിക്കുമ്പോഴാണ് ശിര്‍ക് വരുന്നത് എന്ന് ഇവ്വിഷയകമായി നാം മനസ്സിലാക്കേണ്ടതുണ്ട്. പറയുക: "കാര്യങ്ങളെല്ലാം അല്ലാഹുവിന്റെ അധീനതയിലാണ്.” (ആല്‍ ഇംറാന്‍ : 154)  മുമ്പും പിമ്പും കാര്യങ്ങളുടെ നിയന്ത്രണം അല്ലാഹുവിന്റെ കരങ്ങളിലാണ്. (അല്‍-റൂം 4) മനുഷ്യ ചരിത്രത്തില്‍ ആരുടെ ഇടപെടലും അല്ലാഹുവിന്റെ അനുമതിയോടെയും വിധിയോടെയും മാത്രമാണ്. ഈ വിശ്വാസം അടിസ്ഥാനമാക്കി മനുഷ്യ ചരിത്രത്തിലെ മനുഷ്യ ഇടപെടലുകള്‍ പോലെ അന്യഗ്രഹ ഇടപെടലുകളെ ക്കുറിച്ചുള്ള ചിന്ത കേവലം ഒരു നിഗമനമോ ഒരു കാഴ്പ്പാടോ മാത്രാമണ്. താങ്കള്‍ ഉന്നയിച്ച വിഷയത്തിലെ വൈജ്ഞാനിക വിശകലനമാണ് മുകളില്‍ സൂചിപ്പിച്ചത്. താങ്കളുടെ ചോദ്യത്തില്‍ നിന്ന് മനസ്സിലാവുന്നത് അതിനപ്പുറം മനുഷ്യ മനസ്സിലുണ്ടാവുന്ന ദുര്‍ബോധനമാണ് താങ്കളുടെ പ്രശ്നമെന്നാണ്. ദുര്‍ബോധനം നടത്തുകയെന്നത് പിശാചിന്റെ ജോലിയാണ്. പലതരത്തിലുള്ള തോന്നലുകളും ചിന്തകളും അത് മനസ്സില്‍ സൃഷ്ടിച്ചുകൊണ്ടോയിരിക്കും. അത്തരം തോന്നലുകള്‍   ഒരിക്കലും ഈമാനെ ബാധിക്കുകയില്ല. ശിര്‍ക്ക്‌ ചെയ്തോയെന്ന തോന്നലുണ്ടായത് കൊണ്ട് മാത്രം ശിര്‍ക്കാവുകയില്ല. ശ്രേഷ്ഠകാലത്തെ അടയാളപ്പെടുത്തിയ സഹാബികളില്‍ പോലും ചിലപ്പോള്‍ അത്തരം തോന്നലുകള്‍ ഉണ്ടായിരുന്നു. അത്തരം തോന്നലുകള്‍ വരുമ്പോള്‍ അത് അപകടകരമായ ചിന്തയാണല്ലോ എന്ന ബോധം വരുന്നത് തന്നെ ഈമാനിന്റെ വ്യക്തമായ ലക്ഷണമായിട്ടാണ് നബി (സ) പറഞ്ഞത്‌. അബൂഹുറൈറ (റ) പറയുന്നു: ഒരുകൂട്ടം സഹാബികള്‍ നബി (സ)യുടെ അടുത്ത്‌ വന്നു പറഞ്ഞു: ഞങ്ങള്‍ സംസാരിക്കാന്‍ ഭയക്കുന്ന പല (തോന്നലുകളും) ഞങ്ങളുടെ മനസ്സിലുണ്ടാവുന്നു. അപ്പോള്‍ നബി (സ) പ്രതിവചിച്ചു: അത് (ആ ഭയം) നിങ്ങള്‍ക്കുണ്ടായോ? അവര്‍ പറഞ്ഞു: അതെ. നബി (സ) പ്രതിവചിച്ചു: അത് വ്യക്തമായ ഈമാനാണ്. (മുസ്‌ലിം) ഈ ഹദീസ്‌ വിശദീകരിച്ച് ഇമാം നവവി പറയുന്നു: “അത്തരം ചിന്തകളെ അപകടരമായി കാണുന്നതാണ് വ്യക്തമായ ഈമാന്‍. ആ തോന്നലുകള്‍ വിശ്വസിക്കുന്നത് പോയിട്ട് പറയുന്നത് പോലും ഭയക്കുന്നതും അപകടകരമായി കാണുന്നതും ഈമാന്‍ പൂര്‍ണ്ണമായവരില്‍ നിന്ന് മാത്രമേ ഉണ്ടാകൂ” (ശറഹു മുസ്‌ലിം). അതിനാല്‍ തന്നെ ഇത്തരം തോന്നലുകളുടെ പേരില്‍ രിദ്ദത്ത് സംഭവിക്കുമെന്ന് ഭയക്കേണ്ടതില്ല. മറിച്ചു അത്തരം ചിന്തകള്‍ അപകടകരമാണെന്ന ബോധം മനസ്സിലുണ്ടാക്കുക. ഇത്തരം തോന്നലുകള്‍ വിശ്വാസകാര്യത്തില്‍ പിശാച് ഉണ്ടാക്കുന്ന ദുര്‍ബോധന(വസ്വാസ്)മാണ്. അത്തരം ദുര്‍ബോധനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു പ്രമാണങ്ങള്‍ പഠിപ്പിച്ചു തന്നിട്ടുണ്ട്. 1. നിങ്ങള്‍ക്ക്‌ അത്തരം ചിന്തകള്‍ വരുമ്പോള്‍ അതില്‍ അഭിരമിക്കാതെ എത്രയും പെട്ടെന്ന് അതവസാനിപ്പിക്കുകയും വിശ്വാസം ഊട്ടി ഉറപ്പിക്കുകയും പിശാചില്‍ നിന്ന് കാവലിനെ തേടുകയും ചെയ്യുക. നബി (സ) പറഞ്ഞു; നിങ്ങളില്‍ ആരുടെയെങ്കിലും അടുത്ത്‌ പിശാച് വന്നിട്ട് പറയും: ഇതൊക്കെ ആരാണ് സൃഷ്ടിച്ചത്. അങ്ങനെ അവന്‍ ചോദിക്കും, നിന്റെ റബ്ബിനെ ആരാണ് സൃഷ്ടിച്ചത്. അവിടെയെത്തിയാല്‍ അവന്‍ അല്ലാഹുവിനോട് കാവല്‍ചോദിക്കുകയും ആ ചിന്ത അവിടെവെച്ച് അവസാനിപ്പിക്കുകയും ചെയ്യട്ടെ. മറ്റൊരു ഹദീസില്‍ കാണാം:  “ഞാന്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നുവെന്നു (آمنت بالله) പറയട്ടെ” അല്ലാഹു പറയുന്നു: പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും നിന്നെ ബാധിക്കുകയാണെങ്കില്‍ നീ അല്ലാഹുവില്‍ ശരണം തേടുക. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. (അല്‍-അഅ്റാഫ്– 200) അതായത്‌ (أعوذ بالله من الشيطان الرجيم) ചൊല്ലുക. ഇത്തരം ചിന്തകള്‍ വെറും തോന്നലുകളായി നിലനില്‍ക്കുമ്പോഴാണ് ഈപ്പറഞ്ഞ കാര്യങ്ങള്‍. അതൊരു സംശയമായി വിശ്വാസത്തെ ബാധിക്കുന്ന അവസ്ഥ വന്നാല്‍ പണ്ഡിതന്മാരെ സമീപിച്ച് സംശയ നിവാരണം വരുത്തുകയും വിശ്വാസം അരക്കിട്ടുറപ്പിക്കുകയും ചെയ്യുക. വല്ല കാരണവശാലും ശിര്‍ക്കിലൂടെയോ മറ്റോ രിദ്ദത്ത് (ഇസ്‌ലാമില്‍ നിന്ന് പുറത്തുപോകല്‍) സംഭവിച്ചാല്‍ ശഹാദത്ത് കലിമ ചൊല്ലി തൌബയുടെ എല്ലാ നിബന്ധനകളും പാലിച്ചു തൌബ ചെയ്‌താല്‍ സ്വീകരിക്കപ്പെടുക തന്നെ ചെയ്യും. ഈമാനോടെ ജീവിച്ച് ഈമാനോടെ മരിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter