വിഷയം: ഫാമിലി കൌണ്സിലിംഗ്
എന്റെ ഭർത്താവിന്റെ വീട്ടിൽ വാപ്പ, ഉമ്മ, 2 സഹോദരങ്ങൾ (age. 24, 21)ആണുള്ളത്. സാമ്പത്തികമായി വളരെ പിന്നിൽ നിന്നിരുന്ന വീട്ടിൽ എന്റെ ഭർത്താവ് 10 ലക്ഷത്തോളം രൂപ വീടു പണിക്കും മറ്റു ആവിശ്യങ്ങൾക്കുമായി നൽകിയിട്ടുണ്ട്. വീട്ടു കാര്യo, മറ്റു ഉത്തരവാദിത്തങ്ങൾ എന്നിവ വാപ്പ നോക്കാത്തത് കൊണ്ട് ഉമ്മ യാണ് വീട്ടിലെ കാര്യങ്ങൾ നോക്കി വരുന്നത്.ഉമ്മ വീട്ടിലെ ചിലവ്, മറ്റു ആവശങ്ങൾ എന്നിവക്കായി എന്റെ ഭർത്താവിനോട് ഇപ്പോഴും പണം ആവശപ്പെടുന്നു. വീട്ടിൽ 3ആൾ (വാപ്പ, 2സഹോദരങ്ങൾ ) പണിക് പോകുന്നതിന്നാലും അവര്ക് പടച്ചോന്റെ സഹായത്താൽ മറ്റു കടങ്ങളോ ബാധ്യത കളോ ഇല്ലാത്തതിനാലും, വീട്ടിലെ റൂം, മറ്റു സൗകര്യം കുറവുകൾ, സഹോദരന്റെ വിവാഹം, എന്നിവ കൊണ്ടും ഞങ്ങൾ ഉടൻ തന്നെ അവിടെ നിന്നും മാറേണ്ടത് കൊണ്ടും ഞാൻ ഭർത്താവിനോട് ഇനി അവര്ക് പണം നൽകുന്നതിന് പകരം നമ്മുക്കായി എന്തെങ്കിലു മാറ്റി വെക്കാൻ പറയുന്നതിൽ തെറ്റ് ഉണ്ടോ? എന്റെ ഭർത്താവ് അവര്ക് പണം കൊടുക്കാൻ താല്പര്യം പെടുന്നു. ഞങ്ങൾക്കായി മാറ്റി വെക്കാൻ താല്പര്യമില്ല.. ഞാൻ വളരെ വിഷമത്തിലാണ്. ഒരു പരിഹാരം പറഞ്ഞു തരുമോ
ചോദ്യകർത്താവ്
ഖമറുന്നീസ
Jun 22, 2020
CODE :Cou9884
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും. മുഹമ്മദ് നബി (സ്വ) യിലും കുടുംബത്തിലും അനുചരന്‍മാരിലും അല്ലാഹുവിന്റെ സ്വലാതും സലാമും സദാ വര്‍ഷിക്കട്ടെ.
സഹോദരി ഇവിടെ ഉന്നയിച്ച വിഷയത്തിൽ രണ്ടു കാര്യങ്ങളാണ് പ്രധാനമായും സൂചിപ്പിക്കുന്നത്. കുടുംബ വീട്ടിൽ നിന്നു മാറി സ്വന്തമായ ഒരു വീട്ടിലേക്ക് മാറിതാമസിക്കേണ്ട സാഹചര്യമാണ്. മറ്റൊന്ന് അക്കാര്യത്തെക്കുറിച്ച് കൂടുതൽ വേവലാതിപ്പെടാത്ത ഭർത്താവിനെ അക്കാര്യം ബോധ്യപ്പെടുത്തുകയും തന്റെ ധനവ്യയം നിയന്ത്രിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഇക്കാര്യങ്ങൾ ആർക്കും പരിക്കില്ലാത്ത രീതിയില് നടപ്പാക്കാനാണ് സഹോദരി ഉപദേശം തേടുന്നത്.
പണവും സമ്പാദ്യവും ജീവിയാത്രക്ക് അത്യന്താപേക്ഷിതമായ ഇന്ധനമാണ്. അത് ബുദ്ധിയോടെ വിനിയോഗിക്കണം. ജീവിതചെലവുകള്‍ ശ്രദ്ധയോടെ ക്രമീകരിക്കണം. സാമ്പത്തിക അച്ചടക്കവും മാനേജ്മെന്ട്ടും (financial discipline & management) വളരെ പ്രാധാനമാണ്.അല്ലാഹു പറയുന്നു: (നിലനില്‍പിനുള്ള താങ്ങായിക്കൊണ്ട് അല്ലാഹു നിശ്ചയിച്ച നിങ്ങളുടെ ധനത്തെ വിവേകമില്ലാത്തവർക്ക് വിട്ടുകൊടുക്കരുത്. അതില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ ഭക്ഷണവും വസ്ത്രവും കൊടുക്കുകയും അവരോട് നല്ല വാക്ക് പറയുകയും ചെയ്യുക.) (സൂരത്ത് നിസാഅ 5)
കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്‌നേഹവും ഐക്യവും കെട്ടുറപ്പോടെ കാത്തു സൂക്ഷിക്കേണ്ടത് ഇസ്‍ലാമില്‍ നിര്‍ബന്ധ ബാധ്യതയാണ്. അതേസമയം, ഭാവിയില്‍ സ്വന്തമായൊരു വീടും സ്ഥലസൗകര്യങ്ങളും ഉണ്ടാക്കിയെടുക്കാനുള്ള ഭാരിച്ച ചുമതലകൂടി നിര്‍വ്വഹിക്കാനുള്ളതിനാല്‍ ഇത്രയും കാലം ചെയ്തത് പോലുള്ള സാമ്പത്തിക ചെലവുകളില്‍ സ്വാഭാവികമായും ചെറിയ മാറ്റങ്ങള്‍ വരുത്തേണ്ടതുമാണ്. തനിക്കും താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കും സൗകര്യമുള്ളൊരു പാര്‍പ്പിടമൊരുക്കല്‍ കുടുംബനാഥന്റെ നിര്‍ബന്ധ ബാധ്യത (ഫര്‍ള് ഐന്‍) കൂടിയാണല്ലോ.
അത്കൊണ്ട് അക്കാര്യം ഭർത്താവിനോട് സൌമ്യമായി ഭരത്താവിനെ ബോധ്യപ്പെടുത്തുക. ഒരു കുടുംബ ബഡ്ജറ്റ് തയ്യാറാക്കുകയും വരുമാനത്തിൽ നിന്നു ഒരു ഭാഗം തന്റെ ഭാവി കിടപ്പാടത്തിനായി മാറ്റിവെക്കുകയും ചെയ്യാന് ഭർത്താവിനോട് പറയാവുന്നതാണ്.
ആ ബഡ്ജറ്റുള്ളിൽ നിന്നു കൊണ്ട് ഈ പ്രശ്നത്തെ ഒരു ഉറച്ച (assertive) സമീപനത്തോടെ സമീപിക്കാന്‍ ഭര്‍ത്താവിന് സാധിച്ചാൽ ഇത് വളരെ സുഗമായയി പരിഹരിക്കാൻ കഴിയും.
എല്ലാത്തിനോടും നമുക്ക് അതെ പറയാന്‍ പറ്റില്ലല്ലോ, ആവശ്യമാവുന്നിടത്ത് ‘പറ്റില്ല’ എന്ന് പറയാന്‍ കൂടി സാധിക്കേണ്ടതുണ്ട്. അതേ സമയം, അത് ആരെയും വേദനിപ്പിക്കാതെ, പ്രശ്നങ്ങളൊന്നും സൃഷ്ടിക്കാതെ ഏറ്റവും നല്ല രീതിയില്‍ മറ്റുള്ളവരെയെല്ലാം ബോധ്യപ്പെടുത്തും വിധം പറയാനാവുക എന്നതാണ് ഏറ്റവും പ്രധാനം. തന്റെ ബാധ്യതകളും ചുമതലകളും പറയേണ്ട രൂപത്തിലും സമയത്തും ഉമ്മയെ പറഞ്ഞു ബോധ്യപ്പെടുത്തുകയാണ് വേണ്ടത്.
എന്നാൽ ഇത്രയും കാലം കുടുംബത്തിന് നല്‍കിയ സാമ്പത്തിക പിന്തുണ പെട്ടെന്ന് നിര്‍ത്തുന്നത് കുടുംബബന്ധത്തില്‍ പൊട്ടലും ചീറ്റലും വിള്ളലും വരുത്താനേ വഴിവെക്കൂ. അതിനു പകരം നാം ഒരു വർഷം കൊണ്ട് നേടിയെടുക്കാൻ ഉദ്ദേശിക്കുന്ന കാര്യം ഒന്നരയോ രണ്ടോ വർഷം കൊണ്ട് നേടിയെടുക്കാവുന്ന രീതിയിൽ പ്ലാൻ ചെയ്യുകയും കുടുംബത്തിനുള്ള സാമ്പത്തിക പിന്തുണ നിയന്ത്രിത രീതിയിൽ തുടരുകയും ചെയ്താൽ ആർക്കും പരിക്കില്ലാതെ നിങ്ങളുടെ ലക്ഷ്യത്തിലെത്താൻ സാധിക്കുകയും ചെയ്യും. ഭാര്യ എന്ന നിലയില്‍ അതിനാവശ്യമായ പൂർണ്ണ പിന്തുണ ഭര്‍ത്താവിന് നല്‍കുകയും ചെയ്യുക.
ഇക്കാര്യങ്ങൾ ഒരു തീരുമാനമായി മാതാപിതാക്കളെ അറിയിക്കുന്നതിനു പകരം, അവരോട് നിങ്ങൾക്ക് ഒരു സ്വന്തമായി ഒരു വീട്ടിലേക്ക് മറിത്താമസിക്കേണ്ട ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്യുക അവരുടെ ഉപദേശം തേടുകയും ചെയ്യുക. അത്തരമൊരു ചർച്ചയിൽ മറ്റു വാപ്പയെക്കുറിച്ചോ മറ്റു സഹോദരങ്ങളോക്കുറിച്ചോ പരാതികൾ പറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതേ സമയം നിങ്ങളുടെ ആവശ്യകത കൃത്യമായി ബോധ്യപ്പെടുത്തുകയും ചെയ്യുക.
Also Read: കുടുംബം: ഇമാം ഗസ്സാലിയുടെ സമീപനം
ഞാന്‍ പത്ത് വര്‍ഷമായി ജോലി ചെയ്യുന്നു, ഇപ്പോഴും എന്റെ കൈയ്യില്‍ കാശ് ആയി ഒന്നും ബാക്കിയില്ല, ഈ രീതിയില്‍ പോയാല്‍ ഒരു വീട് വെക്കാനൊക്കെ എനിക്കെങ്ങനെയാ സാധിക്കുക, ഞാനെന്താണ് ചെയ്യേണ്ടത് എന്നൊക്കെ ഉപ്പയോടും ഉമ്മയോടും ചോദിച്ചാല്‍, അതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ തരാത്ത മാതാപിതാക്കളുണ്ടാവില്ല, അത് അവര്‍ക്ക് വലിയ സന്തോഷമാവുകയും അവരുടെ ഭാഗത്ത് നിന്നുള്ള സര്‍വ്വവിധ പിന്തുണ കൂടി ഉണ്ടാവുകയും ചെയ്യും.
സ്വന്തമായ വീട് എന്ന ലക്ഷ്യത്തിന്നായി നിങ്ങളും നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കുന്നുണ്ടെന്ന് കൂടി മാതാപിതാക്കളെ ബോധ്യപ്പെടുത്തുന്നതും നല്ലതാണ് . ഉദാഹരണം, വിവാഹത്തിനോ മറ്റോ പുതിയ വസ്ത്രം എടുക്കേണ്ടിവരുമ്പോള്‍, ഉമ്മ കേള്‍ക്കെ തന്നെ, വേണ്ട ഇക്കാ, എനിക്ക് ഇപ്പോള്‍ പുതിയ ഡ്രസ് വേണ്ട, ചെലവുകള്‍ പരമാവധി ചുരുക്കി ഭാവിക്കായി സേവ് ചെയ്യണമെന്ന് ഉപ്പയും ഉമ്മയും പറഞ്ഞതല്ലേ എന്ന് പറയുന്ന മരുമകളെ ഏതൊരു ഉമ്മയും ഇഷ്ടപ്പെടാതിരിക്കില്ല. അതോടെ അവരും ചെലവുകളില്‍ വലിയ നിയന്ത്രണം വരുത്തുകയും തന്റെ മകന്നും കുടുംബത്തിനും നല്ലൊരു ഭാവി ഉണ്ടാവണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും അതിനായി പ്രാർത്ഥിക്കുകയും ചെയ്യാതിരിക്കില്ല.
സന്തുഷ്ടകരമായ കുടുംബ ജീവിതം നയിക്കാനും മാതാപിതാക്കളോടും ബന്ധുക്കളോടുമുള്ള കടമകള്‍ യഥാവിധി നിര്‍വ്വഹിക്കാനും നാഥന്‍ തുണക്കട്ടെ, ആമീന്‍.