നമ്മുടെ നാട്ടില്‍ നാം സാധാരണ ഉപയോഗിക്കുന്ന പെപ്സിയും അതു പോലെയുള്ള പാനീയങ്ങളിലും 0.001 ശതമാനം ആള്‍കഹോള്‍ ഉള്ളതായി അറിയാന്‍ സാധിച്ചു. ഇങ്ങനെയുള്ള വല്ലതും കഴിക്കാമോ

ചോദ്യകർത്താവ്

അഹ്‍മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂറ്റ് ഓഫ് കണ്‍സപ്ഷന്‍ 2012 ജൂണില്‍ നടത്തിയ ലബോറട്ടറി പരിശോധനയില്‍ പെപ്സി, കൊക്ക കോള തുടങ്ങിയ പല സോഫ്റ്റ് ഡ്രിങ്കുകളിലും വളരെ ചെറിയ ഒരു ശതമാനം ആള്‍കഹോള്‍  കണ്ടത്തിയതായി 60 മില്യണ്‍ കന്‍സ്യൂമേഴ്സ് എന്ന ഫ്രഞ്ച് പത്രിക വാര്‍ത്ത കൊടുത്തിരുന്നു. പ്രസ്തുത വാര്‍ത്താ പ്രകാരം പെപ്സി കോളകള്‍ പോലെയുള്ള ചില പാനീയങ്ങളില്‍ 0.001 ശതമാനം ആള്‍കഹോളുണ്ട്.  പല രാജ്യങ്ങളിലും ഇടവിട്ടു നടത്തുന്ന പരിശോധനകളിലെല്ലാം ഇവ ആള്‍ക്കഹോള്‍ രഹിത പാനീയമായി സ്ഥിരീകരിക്കപ്പെട്ടതായതിനാല്‍ ഇതിനു വലിയ വാര്‍ത്താ പ്രാധാന്യമുണ്ടായിരുന്നു. കൊക്കകോളയുടെ സയന്‍റിഫിക് ഡിറക്ടര്‍, മികേല്‍ പെപിനും സീനിയര്‍ കമ്യൂണികേഷന്‍ മാനേജറും ഈ വാര്‍ത്തയോടു പ്രതികരിച്ചത് അവര്‍ ആല്കഹോളുള്ള ഒരു ചേരുവയും ഇതില്‍ ചേര്‍ക്കുന്നില്ലെന്നും ഈ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്ന എല്ലാ രാഷ്ട്രങ്ങളും ഇതിനെ സോഫ്റ്റ് ഡ്രിങ്കായി അംഗീകരിച്ചിട്ടുണ്ടെന്നും പറഞ്ഞായിരുന്നു. എന്നാല്‍ ഇത്തരം സോഫ്റ്റ് ഡ്രിങ്കുകളില്‍ വളരെ ചെറിയ അംശം ആള്‍കഹോള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും അത് അതിന്‍റെ നിര്‍മ്മാണ പ്രക്രിയയുടെ ഭാഗമായുണ്ടാവുന്ന പുളിപ്പിക്കല്‍ (fermentation) മൂലമാണെന്നും പ്രത്യേകം ചേരുവയായി ചേര്‍ക്കുന്നതല്ലെന്നും പെപ്സിയുടെ വക്താവ് ഇതിനോടു പ്രതികരിക്കവേ പറയുകയുണ്ടായി. ഈ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഇത്തരം പാനീയങ്ങളുടെ ഇസ്ലാമിക കാഴ്ചപ്പാട് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. പല പത്രങ്ങളും ഈ ആശങ്ക വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. മേല്‍പറഞ്ഞ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പെപ്സി കോളകളെ ലഹരി വസ്തുവായി കാണുകയും അവ നിഷിദ്ധവും നജസുമായി കണക്കാക്കുകയും ചെയ്യാനാവില്ല. കാരണം ഒന്ന് രസതന്ത്ര ശാസ്ത്രം പ്രകാരം ആള്‍കഹോളെന്നത്  -OH  അഥവാ ഹൈഡ്രോക്സില്‍ എന്ന ഫക്ഷണല്‍ ഗ്രൂപുമായി ഓര്‍ഗാനിക് തന്മാത്രകള്‍ ചേര്‍ന്നുണ്ടാവുന്നതാണ്. ഇത്തരം ആള്‍കഹോളുകളില്‍ ലഹരി ഉള്ളതും മാരക വിഷമുള്ളതും ലഹരിയില്ലാത്തവയുമുണ്ട്.  സാധാരണ ലഹരി പദാര്‍ത്ഥങ്ങളില്‍ കാണുന്ന എഥനോള്‍ അഥവ ഈഥൈല്‍ ആള്‍കഹോളിനും ആള്‍കഹോള്‍ എന്നു മാത്രം ചിലപ്പോള്‍ പറയപ്പെടാറുണ്ട്. എഥനോള്‍ ചേര്‍ത്തുണ്ടാക്കിയ ലഹരി പാനീയങ്ങള്‍ക്കും മറ്റു ചിലപ്പോള്‍ ആള്‍കഹോള്‍ പദം ഉപയോഗിക്കും.  നമ്മുടെ നിത്യോപയോഗ വസ്തുക്കളില്‍ മിക്കതിലും നേരിട്ടോ നിര്‍മ്മാണത്തിന്‍റെ ഭാഗമായിട്ടോ മറ്റു നിലക്കോ ആള്‍കഹോള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. മാത്രമല്ല ദോശ, ഇഢ്ഢിലി, ബ്രഡ് എന്നിവക്ക് മാവ് പുളിപ്പിക്കുമ്പോഴും അവിടെ എഥനോള്‍ ആള്‍കഹോള്‍ ഉണ്ടാകുന്നുണ്ട്.  ഇതു പോലെ മറ്റു മിക്ക പുളിപ്പിക്കലുകളിലും എഥനോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്.  കാലങ്ങളോളം പുളിപ്പിക്കലിലൂടെ ഉണ്ടാക്കിയെടുക്കുന്ന ആയൂര്‍വേദ അരിഷ്ടങ്ങളില്‍ എഥനോളിന്‍റെ അളവ് വളരെ കൂടുതലാണ്. ഇവയിലെല്ലാം 7 ശതമാനം മുതല്‍ പതിനെട്ടുവരെ എഥനോളുണ്ടാവാറുണ്ട്. പ്രവാചകര്‍ (സ) തങ്ങളുടെ കാലം മുതലേ മാവ് പുളിപ്പിക്കുന്ന രീതിയുണ്ടല്ലോ.  ഇത്തരം സോഫ്റ്റ് ഡ്രിങ്ക് നിര്‍മ്മാണത്തിനിടെ ചില പഴച്ചാറുകളും മറ്റു പഞ്ചസാര അടങ്ങിയ വസ്തുക്കളും പുളിക്കാനിടയാവുകയും അങ്ങനെ ഉണ്ടായിത്തീരുകയും ചെയ്തതാവാം ഈ ആള്‍കഹോള്‍‍ സാന്നിധ്യം. ഇങ്ങനെ പുളിപ്പിക്കലിലൂടെയുണ്ടാവുന്ന ലഹരി രഹിതമായ അളവിലുള്ള ആള്‍കഹോളിനെ ലഹരി പദാര്‍ത്ഥമായിട്ടും നജസായിട്ടും കണക്കാക്കാവതല്ല. കാരണം രണ്ട് മിക്കവാറും നജസുണ്ടാവാനുള്ള സാധ്യതയുണ്ടെങ്കിലും നാം ഉപയോഗിക്കുന്ന വസ്തുവില്‍ നജസ് ഉപയോഗിച്ചിട്ടുണ്ടെന്ന് ഉറപ്പില്ലാത്തിടത്തോളം അത് ശുദ്ധിയുള്ളതായി കണക്കാക്കണം. അതിനെ കുറിച്ച് ചികഞ്ഞു അന്വേഷിക്കേണ്ട ബാധ്യത നമുക്കില്ല. നബി (സ) തങ്ങള്‍ ശാമില്‍നിന്നു കൊണ്ടു വന്ന പാല്‍കട്ടി കഴിച്ചതായി ഹദീസില്‍ കാണാം. ശാമില്‍ നിര്‍മ്മിക്കപ്പെടുന്ന പാല്‍കട്ടിയില്‍ പന്നി നെയ്യ് ചേര്‍ക്കുന്നതായി അന്ന് പരക്കെ പറയപ്പെട്ടിരുന്നു. എങ്കിലും നബി(സ) അതിനെ കുറിച്ച് ചൂഴ്ന്ന് അന്വേഷിച്ചില്ല. അതു പോലെ യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെടുന്ന പഞ്ചസാരയില്‍ പന്നിയുടെ രക്തം കലര്‍ത്തപ്പെടുന്നുണ്ടെന്ന വാര്‍ത്തയുണ്ടെങ്കിലും നമ്മുക്ക് ലഭിച്ച പഞ്ചസാരയില്‍ പന്നിയുടെ ചോര കലര്‍ത്തിയതായി ഉറപ്പില്ലാത്തതിനാല്‍ അവ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് ഫുഖഹാക്കള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാരണത്താല്‍ നമ്മുടെ കൈകളിലിരിക്കുന്ന പെപ്സിയിലോ കോകോളയിലോ അത്തരം ആല്‍കഹോള്‍ കലര്‍ത്തപ്പെട്ടതായി നമുക്ക് ഉറപ്പ് ലഭിച്ചിട്ടില്ല. അതിന്‍റെ നിര്‍മ്മാക്കളതില്‍ ആല്‍കഹോള്‍ ചേര്‍ത്തതായി പരസ്യപ്പെടുത്തിയിട്ടുമില്ലെന്നിരിക്കെ ഏതെങ്കിലുമൊരു ലാബില്‍ ഏതോ കുറച്ച് സേമ്പളുകളില്‍ ആല്കഹോള്‍ കണ്ടെത്തിയെന്ന ഒരു വാര്‍ത്തയെ സാരമായി എടുക്കേണ്ടതില്ല. കാരണം മൂന്ന് പെപ്സി കോളകള്‍ വിറ്റഴിക്കപ്പെടുന്ന ഏകദേശം എല്ലാ രാഷ്ട്രങ്ങളിലും ഇടക്കിടെ അവ പരിശോധിക്കപ്പെടുന്നുണ്ട്. അവയിലൊന്നും റിപോര്‍ട്ട് ചെയ്യപ്പെടാത്ത ആല്‍കഹോള്‍ സാന്നിധ്യം ഒരേ ഒരു ലാബില്‍ നിന്നു റിപോര്‍ട്ടു ചെയ്യപ്പെട്ടതു കൊണ്ടു മാത്രം അങ്ങനെയൊന്ന് ഇത്തരം പാനീയങ്ങളിലെല്ലാമുണ്ടെന്ന് സ്ഥിരീകരിക്കാവാതല്ല. പല പരീക്ഷണങ്ങളിലൂടെയും പരിശോധനയിലൂടെയും തെളിഞ്ഞത് പിന്നീട് തെറ്റായിരുന്നുവെന്ന് മനസ്സിലായ സംഭവങ്ങള്‍ പലപ്പോഴുമുണ്ടെന്നിരിക്കെ പ്രത്യേകിച്ചും. പ്രസ്തുത ലാബില്‍ പരിശോധന നടത്തിയവര്‍ മനുഷ്യരും തെറ്റുകള്‍ പറ്റാവുന്നവരുമാണല്ലോ. ഇത്തരം പാനീയങ്ങള്‍ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കു സാധ്യതയുള്ളതിനാലും അതിനോട് കടുത്ത ആസക്തി വന്നു ചേരുന്നതിനാലും അത് ഉപേക്ഷിക്കുകയാണ് ഏറ്റവും ഉത്തമം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter