ഒരാള് കടയില് വന്ന് ഒരു സാധനം ചോദിച്ചിട്ട് ആ സാധനം ഉണ്ടായിട്ടും ആ സാധനം ഇല്ലാ എന്ന് നുണ പറയുന്നതിനെ്റ വിധി എന്താണ്. (മൊബൈല് കടയിലാണ് സിം കാഡിന് സൌദികള് വന്നാല് അവരോട് ഇല്ലാ എന്ന് പറയും അവര് സിം എന്തെകിലും ആയാല് വന്ന് കുഴപ്പം ഉണ്ടാക്കും അത് കൊണ്ടാണ്)
ചോദ്യകർത്താവ്
റാശിദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
കളവു പറയുന്നത് നിഷിദ്ധമാണ്. ജീവനു തന്നെ ഭീഷണമാകുക പോലെയുള്ള ചില പ്രത്യേകമായ നിര്‍ബന്ധ സാഹചര്യത്തില്‍ മാത്രമേ അത് അനുവദിക്കുകയുള്ളൂ. കൈപ്പാണെങ്കിലും സത്യം പറയണമെന്ന് നബി(സ) കല്‍പിച്ചിട്ടുമുണ്ടല്ലോ. സത്യം മറച്ചുവെക്കേണ്ടത് അത്യാവശ്യമാകുമ്പോള്‍, കളവു പറയാതെ തന്ത്രത്തില്‍ രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണം. അതിനും പറ്റിയില്ലെങ്കില്‍ പ്രത്യക്ഷത്തില്‍ എതിര്‍ കക്ഷി സത്യം ഉള്‍കൊള്ളാനാവാത്ത വിധം വ്യംഗമായി സംസാരിക്കാം. ഉദാഹരണത്തിനു സിം കാര്‍ഡ് ഉണ്ടോ എന്നു ചോദിക്കുന്നവനോട് നിനക്കു തരാനായി ഇവിടെ സിം കാഡില്ലല്ലോ എന്നു ഉത്തരം നല്‍കാം. (അഥവാ അവനല്ലാത്ത മറ്റു ചിലര്‍ക്ക് നല്‍കാനുണ്ട്) നാം പറഞ്ഞത് സത്യമാണു താനും എന്നാല്‍ കേട്ടയാള്‍ക്കു പ്രശ്നവുമില്ല. ഒഴിച്ചു കൂടാനാവാത്ത ഘട്ടങ്ങളിലാണ് ഇങ്ങനെ വ്യംഗമോ ദ്വയാര്‍ഥമോ ആയ പദങ്ങളുപയോഗിക്കേണ്ടത്. നബി (സ) തങ്ങളും അബൂബക്‍ര്‍(റ) വും ബദ്‍റ് യുദ്ധം നടക്കുന്നതിനു തൊട്ടുമുമ്പ് ശത്രു നീക്കങ്ങളറിയാന്‍ വേണ്ടിയുള്ള അന്വേഷണത്തില്‍ ഒരാളോട് ഖുറൈശികളിപ്പോളെവിടെയാണെന്നും മുസ്‍ലിംകളെവിടെയാണെന്നും ചോദിച്ചു. അദ്ദേഹം ശരിയായ ഉത്തരം നല്‍കി. പിന്നീട് നിങ്ങളവിടത്തുകാരാണെന്നദ്ദേഹത്തിന്‍റെ ചോദ്യത്തിനു വ്യംഗ്യമായ പദമുപയോഗിച്ച് ഞങ്ങള്‍ വെള്ളത്തില്‍ നിന്നാണെന്നു പറഞ്ഞു. ചോദ്യക്കാരനുദ്ദേശിച്ചത് ഏതു നാട്ടുകാരാണെന്നാണ്. ഉത്തരം അടുത്തുള്ള ജലാശയത്തിനരികത്തു നിന്നാണെന്ന്. അഥവാ അടുത്തുള്ള ബദ്റ് എന്ന സ്ഥലത്തുള്ള കിണറിനരികില്‍ നിന്നാണ് ഞങ്ങള്‍ വരുന്നത് എന്ന നിലക്ക് അത് സത്യമാണ്. എന്നാല്‍ ചോദ്യക്കാരനില്‍ അവര്‍ ആരാണെന്നു മറച്ചുവെക്കേണ്ടതു കൊണ്ട് ഏതു നാട്ടുകാരാണെന്നു കൃത്യമായി പറയുകയും ചെയ്തില്ല. ഇമാം ശാഫിഈ (റ)വിനെ മുഅ്തസലീ ഭരണ കൂടം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോള്‍ ഖുര്‍ആനിനെ കുറിച്ച്... മഖ്‍ലൂഖാണോ (സൃഷ്ടിയാണോ) എന്ന ചോദിച്ചപ്പോള്‍, നിങ്ങളെന്നെയാണോ ഉദ്ദേശിക്കുന്നത് എന്ന് ഇമാം അവരോടു ചോദിച്ചു. അവര്‍ പറഞ്ഞു അതേ. അപ്പോള്‍ ഇമാമവറുകള്‍ പറഞ്ഞു. എങ്കില്‍ മഖ്‍ലൂഖാണ്. ഇമാം ഉദ്ദേശിച്ചത് ഞാന്‍ (അഥവാ ഇമാം) സൃഷ്ടിയാണെന്നായിരുന്നു. മുഅ്തസലീ ഖാദി മനസ്സിലാക്കിയത് ഖുര്‍ആന്‍ സൃഷ്ടിയാണെന്നു ഇമാം അംഗീകരിച്ചുവെന്നായിരുന്നു. അങ്ങനെ ഇമാമിനെ അവര്‍ മോചിപ്പിച്ചു. പിന്നീടവര്‍ക്ക് പറ്റിയ അമളി മനസ്സിലായെങ്കിലും ഒരു പ്രാവശ്യം ശിക്ഷാ വിമുക്തനാക്കിയവനെ വീണ്ടും ശിക്ഷിക്കാനവരുടെ അഭിമാനം സമ്മതിച്ചില്ല. കള്ള പ്രവാചകന്‍ മുസൈലിമയുടെ മുന്നില്‍ ജീവന്‍ ത്യജിച്ചും സത്യം ഉറക്കെ പ്രഖ്യാപിച്ച് ശഹീദായ ഹബിബ് ബ്നു സൈദ് (റ) വിനെ റസൂല്‍ (സ) വളരെയധികം പ്രശംസിക്കുകയും എന്നാല്‍ മുസൈലിമയില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ മാത്രമായി മുസൈലിമക്കനുകൂലമായി പറഞ്ഞ അബ്ദുല്ലാഹ് ബ്നു വഹബ അല്‍ അസ്‍ലമി(റ) വിനെ അല്ലാഹു അനുവദിച്ചു തന്ന ഇളവ് ഉപയോഗപ്പെടുത്തിയാതാണെന്നു പറഞ്ഞ് അംഗീകരിക്കുകയും ചെയ്തു.
ജീവിതത്തിലൂടനീളം വാക്കിലും പ്രവൃത്തിയിലും ചിന്തയിലും സത്യം കാത്തു സൂക്ഷിക്കാന്‍ നാഥന്‍ തുണക്കട്ടെ.