ശുദ്ധിയാക്കിക്കഴിഞ്ഞാല്‍ പിന്നെയും മൂത്രം ഉറ്റുന്നു. എങ്ങനെയാണ് ശുദ്ധി വരുത്തേണ്ടത്?
ചോദ്യകർത്താവ്
മുഹമ്മദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മൂത്രം ഒഴിച്ചുകഴിഞ്ഞാല്‍ പൂര്‍ണ്ണമായും അത് കഴിഞ്ഞു എന്ന് ഉറപ്പുവരുത്തുന്നതിനെയാണ് ഇസ്തിബ്റാഅ് എന്ന് വിളിക്കുന്നത്. അഥവാ തൊണ്ട അനക്കിയും ചുമച്ചും മൂത്രനാളത്തില്‍ തങ്ങി നില്‍ക്കുന്ന മൂത്രാംശങ്ങള്‍ പുറത്തു കൊണ്ടു വരാന്‍ ശ്രമിക്കണം. മാത്രമല്ല. ഇടതു കൈ കൊണ്ട് ലിംഗത്തിന്‍റെ താഴ്ഭാഗത് അതിന്‍റെ മുരടുമുതല് താഴോട്ട് മൂത്രനാളത്തെ തടവണം. പിന്നെയും മൂത്രം തങ്ങാന്‍ സാധ്യതയുള്ളവര്‍ അല്പം നടക്കുക വരെ ചെയ്യണം. പൂര്‍ണ്ണമായും മൂത്രം പുറത്തു വരാന്‍ അല്പ സമയം ചെലവഴിക്കേണ്ടി വന്നാല്‍ അതും ചെയ്യണം. ഇങ്ങനെ ചെയ്യുന്നതു മൂലം ജമാഅത് നഷ്ടപ്പെട്ടാലും ഇവയെല്ലാം ചെയ്യണം. അത് വളരെ പ്രധാനമാണ്.
ഇബ്നുഅബ്ബാസ്(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, പ്രവാചകര്‍ ഒരിക്കല്‍ രണ്ട് ഖബറുകള്‍ക്ക് അടുത്ത് കൂടി നടന്നുപോയി. അപ്പോള്‍ പറഞ്ഞു, ഈ ഖബ്റിലുള്ളവര്‍ ശിക്ഷിക്കപ്പെടുന്നതാണ്, അത്ര വലിയ ദോഷത്തിലൊന്നുമല്ല അവര്‍ ശിക്ഷിക്കപ്പെടുന്നത്, അവരില്‍ ഒരാള്‍ മൂത്രമൊഴിക്കുമ്പോള്‍ പൂര്‍ണ്ണമായും ശുദ്ധമാവാര്‍ (ഇസ്തിബ്റാഅ്) ഇല്ലായിരുന്നു (മറഞ്ഞിരിക്കാറില്ലായിരുന്നു എന്ന് മറ്റൊരു നിവേദനത്തില്‍ കാണാം) മറ്റൊരാള്‍ ഏഷണിക്കാരനായിരുന്നു. എന്നിട്ട് പ്രവാചകര്‍ ഒരു പച്ച മട്ടലെടുത്ത് രണ്ടായി കീറി ഖബ്റിന് സമീപം കുത്തിവെച്ചു. ഇത് കണ്ട സ്വഹാബികള്‍, എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ചോദിച്ചു, അവിടന്ന് പറഞ്ഞു, അവ രണ്ടും ഉണങ്ങാത്തിടത്തോളം അത് തസ്ബീഹ് ചൊല്ലും, ആ തസ്ബീഹ് കാരണമായി അവരുടെ ശിക്ഷക്ക് ഇളവ് ലഭിച്ചേക്കാം (ബുഖാരി, മുസ്‌ലിം).
ഈ ഹദീസിന്‍റെ വിശദീകരണത്തില്‍ മൂത്രമൊഴിച്ചാല്‍ പൂര്‍ണ്ണമായും ശുദ്ധിയായെന്ന് ഉറപ്പ് വരുത്തേണ്ട ആവശ്യകതയെക്കുറിച്ച് പണ്ഡിതര്‍ വിശദീകരിക്കുന്നുണ്ട്. മൂത്രമൊഴിച്ച് അല്‍പം കഴിഞ്ഞ് ഏതാനും തുള്ളികള്‍ വീണ്ടും ഉറ്റിവീഴുന്നത് പതിവുള്ളതാണെങ്കില്‍ അത് വരെ കാത്തിരിക്കുകയോ നടക്കുകയോ മറ്റോ ചെയ്യണം, എന്നിട്ടേ ശുദ്ധിയാക്കാവൂ.
ഇനി അങ്ങനെയെല്ലാം ചെയ്ത് ശുദ്ധിയാക്കിയ ശേഷം പിന്നീട് വല്ലതും ഉറ്റിയാല്‍ പോയി വീണ്ടും ശുദ്ധിയാക്കേണ്ടതും നജസ് വസ്ത്രത്തിലായെങ്കില്‍ അതും ശുദ്ധിയാക്കേണ്ടതുമാണ്. അതിന് ശേഷമേ നിസ്കരിക്കാവൂ.
അതേ സമയം, വസവാസിന്‍റെ ഭാഗമായും ഇങ്ങനെ സംഭവിക്കാറുണ്ട്. മനസ്സില്‍ വെറുതെ സംശയം ജനിപ്പിക്കുകയും അതിലൂടെ കര്‍മ്മങ്ങള്‍ ബാതിലാക്കുകയും ചെയ്യുന്നത് പിശാചിന്‍റെ കുതന്ത്രങ്ങളില്‍ പെട്ടതാണ്. അത്തരം കേവല സംശയങ്ങള്‍ക്ക് മനസ്സ് കൊടുക്കുകയേ അരുത്, അത് പരമാവധി ഒഴിവാക്കാനും മനസ്സുറപ്പോടെ നിസ്കരിക്കാനുമാണ് ശ്രമിക്കേണ്ടത്. സൂറതുന്നാസ് പതിവായി ഓതുന്നതിലൂടെ ഇത്തരം വസവാസുകള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. നിസ്കാരത്തില്‍ വുദു മുറിയുന്ന വല്ലതും പുറത്തുപോയോ എന്ന് ഇടക്കിടെ സംശയം തോന്നുന്ന ഒരാളെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രവാചകര്‍ ഇങ്ങനെ പറഞ്ഞതായി കാണാം, അത് കാര്യമാക്കേണ്ടതില്ല, ശബ്ദമോ വാസനയോ അനുഭവപ്പെടാത്തിടത്തോളം അവന്‍ നിസ്കാരം തുടരട്ടെ. വസവാസിന്‍റെ ഭാഗമായി വരുന്ന ഇത്തരം പൈശാചിക ചിന്തകള്‍ ചെവി കൊടുക്കരുതെന്ന പാഠമാണ് പ്രവാചകര്‍ ഇതിലൂടെ പറഞ്ഞുതരുന്നത്.
ഇത്തരം വസവാസിന് സാധ്യതയുള്ളവര്‍ മൂത്രമൊഴിക്കുന്ന സമയത്ത് വീട്ടില്‍ ധരിക്കുന്ന സാധാരണ വസ്ത്രങ്ങള്‍ ധരിക്കുകയും നിസ്കാരത്തിന് വേറെ ധരിക്കുന്നതും നന്നായിരിക്കും.
ദൈനം ദീന ജീവിതത്തില്‍ ഇസ്‌ലാമിക വിധിവിലക്കുകള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ പടച്ചവന്‍ തൗഫീഖ് നല്‍കട്ടെ. പിശാചിന്‍റെ കുതന്ത്രങ്ങളില്‍നിന്ന് രക്ഷിക്കുമാറാവട്ടെ. ആമീന്‍