വസ്തു കച്ചവടത്തില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ പൈസ വാങ്ങുന്നതിന്റെ വിധി എന്ത് ? കമ്മീഷന്‍ ഇസ്ലാം അനുവദിച്ചിട്ടുണ്ടോ ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സാമ്പത്തിക ഇടപാടുകളില്‍ ഇരുഭാഗത്തുമുള്ളവര്ക്കും പരമാവധി നീതി ലഭ്യമാക്കുമെന്നതാണ് ഇസ്‌ലാമിക നയം. അത്കൊണ്ട് തന്നെ ഇടപാടുകള്‍ കൃതവും വ്യക്തമാവുമായിരക്കണമെന്നു ഇസ്‌ലാം നിഷ്കര്‍ഷിക്കുന്നു.  അതിനാല്‍ തന്നെ ഒരാളുടെ സേവനം തന്റെ ആവശ്യങ്ങള്‍ക്ക്  വേണ്ടി ഉപയോഗപ്പെടുത്തുന്ന (ഇജാറത്ത്‌ – വാടക/കൂലി ഇടപാട്‌)  ഇടപാടിലും ഒരു നിശ്ചിത ജോലിക്ക് ഒരു നിശ്ചിത പ്രതിഫലം പ്രഖ്യാപിക്കുന്ന (ജിആലത്ത്) ഇടപാടിലും കൂലി അല്ലെങ്കില്‍ പ്രതിഫലം കൃത്യമായി നിശ്ചയിക്കപ്പെട്ടിരിക്കണം. ബ്രോക്കര്‍ ജോലിയില്‍ ബ്രോക്കറുടെ കൂലിയായി/പ്രതിഫലമായി നിശ്ചയിക്കപ്പെടുന്നത് അയാളുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി കിട്ടുന്ന സംഖ്യയുടെ നിശ്ചിത ശതമാനമാണ്. ഇവിടെ ഇടപാടുകള്‍ പൂര്‍ത്തിയാകുന്നത് വരെ അയാള്‍ക്ക് ലഭിക്കുന്ന കൂലി അവ്യക്തമാണ്. ഇത്തരത്തില്‍ ഒരാളുടെ കൂലി/പ്രതിഫലം അയാളുടെ ജോലിയുടെ ഫലമായി ലഭിക്കുന്ന ഒന്നായി നിശ്ചയിക്കുന്നത് ഇടപാടിനെ അസാധുവാക്കുമെന്നു തുഹ്ഫയുല്പ്പെടെയുള്ള ഫിഖ്‌ഹീ ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നു. തങ്ങള് പിരിച്ചുകൊണ്ട് വരുന്ന സംഖ്യയുടെ പത്തിലൊന്ന് പ്രതിഫലമായി നിശ്ചയിച്ചു നികുതിപിരിവുകാരെ ജോലിക്ക് വെക്കുന്നത് ഇത്തരം അസാധുവായ ഇടപാടില്‍ പെട്ടതാണെന്ന ഇമാം സുബ്കിയുടെ ഉദ്ധരണിയും തുഹ്ഫയില്‍ കാണാം. എന്നാല്‍ ജിആലത്ത്‌ ഇടപാടായി ഇതിന്റെ സാധുതക്ക് ന്യായമുണ്ടെന്നും പക്ഷേ പ്രതിഫലം അവ്യക്തമായതിനാല്‍ കൂലിയായി നല്‍കേണ്ടത് മാര്‍ക്കറ്റ്‌ റേറ്റനുസരിച്ചുള്ള കൂലിയാണെന്നും തുഹ്ഫ വ്യക്തമാക്കുന്നു.  ഹന്ബലി മദ്ഹബിലെ ചില പണ്ഡിതന്മാര്‍ ഇത്തരത്തിലുള്ള ഇടപാടുകള്‍ സാധുവാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്. ചുരുക്കത്തില്‍, ബ്രോക്കര്‍ ജോലിയിലും മറ്റും സേവനത്തിനുള്ള കൂലി/അല്ലെങ്കില്‍ ജോലിക്കുള്ള പ്രതിഫലമായി  അവയില്‍ നിന്ന് ലഭ്യമാകുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം തീരുമാനിച്ചുള്ള ഇടപാടുകള്‍ പ്രബലമായ അഭിപ്രായമനുസരിച്ച് സാധുവല്ല. അത്തരം ഇടപാടില്‍ ജോലിക്കാരനു അല്ലെങ്കില്‍ സേവനദാതാവിനു മാര്‍ക്കറ്റ്‌ റേറ്റനുസരിച്ചുള്ള കൂലിക്കായിരിക്കും അര്‍ഹത; അല്ലാതെ വരുമാനത്തിന്റെ നിശ്ചിത ശതമാനത്തിനല്ല. മറ്റൊരു കാര്യം ഇവിടെ ശ്രദ്ധിക്കേണ്ടത് അധ്വാനം ഇല്ലാത്തകാര്യങ്ങള്‍ക്ക് വേണ്ടി ഇജാറത്ത്‌ സഹീഹാവുകയില്ലയെന്നതാണ്. ഒരു ഉത്പന്നം ചെലവഴിക്കാന്‍ ഒന്നോ രണ്ടോ വാക്കുകള്‍ പറയാന്‍ മാത്രമായോ അതുപോലെ ആര്‍ക്കെങ്കിലും  ഒന്നോ രണ്ടോ അക്ഷരങ്ങള്‍ പഠിപ്പിക്കാന്‍ മാത്രമായോ ഒരാളുമായി ഇജാറത്ത്‌ ഇടപാട് നടത്തുന്നതു സാധുവാവുകയില്ല. അതേസമയം ഒരു തൊഴില്‍ പഠിക്കാന്‍ കുറെ അധ്വാനിക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ അത് ചെയ്യുന്ന സമയത്ത്‌ കാര്യമായ അധ്വാനമില്ലെങ്കിലും ഇജാറത്ത്‌ ഇടപാട്‌ സഹീഹാവുകയും ചെയ്യും. ഇസ്‌ലാം അനുവദിച്ച രീതിയില്‍ ഇടപാടുകള്‍ നടത്താന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter