ബാധ ഒഴിപ്പിക്കല്‍, അസ്മാഅ് ചികിത്സ ഇവ അനുവദനീയമാണോ?

ചോദ്യകർത്താവ്

മുജീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. ജിന്ന് ബാധയേല്‍കുകയെന്നത് പണ്ഡിതര്‍ അംഗീകരിച്ച യാഥാര്‍ത്ഥ്യമാണ്. അള്ളാഹു പറയുന്നു: الذين يأكلون الربا لا يقومون إلا كما يقوم الذي يتخبطه الشيطان من المس പലിശതിന്നുന്നവര്‍ പിശാച് ബാധയേറ്റവനെപ്പോലെയല്ലാതെ നില്‍ക്കുകയില്ല (അല്‍ബഖറ 275). ജിന്ന് ബാധ പിശാച് ബാധ എന്നത് യാഥാര്‍ത്ഥ്യമാണ് എന്നതിലേക്ക് വിരല്‍ ചൂണ്ടുന്ന ആയതാണിത്. ഇബ്നു തൈമിയ്യ പറയുന്നു: മനുഷ്യന്‍ ജിന്നിന് മേല്‍ മൂത്രമൊഴിച്ചോ ചൂടുവെള്ള മൊഴിച്ചോ ബുദ്ധിമുട്ടിച്ചാല്‍ ജിന്ന് പ്രതികരിക്കും. ചിലപ്പോള്‍ മനുഷ്യനെ കൊന്നുവെന്നും വരാം. പ്രത്യേക കാരണമൊന്നുമില്ലാതെ ചില മനുഷ്യര്‍ ചെയ്യുന്നത് പോലെ വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിച്ചുവെന്നും വരാം. മറ്റ് ചിലപ്പോള്‍ മറഞ്ഞ കാര്യങ്ങള്‍ അറിയിച്ച് കൊടുത്തു കൊണ്ട് ബാധയേറ്റ മനുഷ്യനെ സഹായിക്കുന്നവരുമുണ്ടാവും (دقائق التفسير/مجموع الفتاوى) ഇമാം അഹ്മദ് (റ) വിനോട് തന്റെ മകന്‍ പറഞ്ഞു: പിതാവേ ജിന്ന് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കില്ലെന്ന് സമൂഹം പറയുന്നു. അപ്പോള്‍ ഇമാം അഹ്മദ് (റ) പറഞ്ഞു: അവര്‍ കളവ് പറയുകയാണ്. ജിന്ന് ബാധയേറ്റവന്റെ നാവിലൂടെ സംസാരിക്കുകയും ചെയ്യും ഇത്തരം ബാധയേല്‍ക്കുമ്പോള്‍ ശരീഅത് അനുവദിച്ച രീതിയില്‍ അതിനു ചികിത്സ തേടണം. ഇങ്ങനെ ഒരു ഹദീസ് കാണാം:عَنْ عُثْمَانَ بْنِ أَبِي الْعَاصِ رَضِيَ اللَّهُ عَنْهُ قَالَ : لَمَّا اسْتَعْمَلَنِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى الطَّائِفِ جَعَلَ يَعْرِضُ لِي شَيْءٌ فِي صَلَاتِي حَتَّى مَا أَدْرِي مَا أُصَلِّي فَلَمَّا رَأَيْتُ ذَلِكَ رَحَلْتُ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : (ابْنُ أَبِي الْعَاصِ؟) قُلْتُ : نَعَمْ يَا رَسُولَ اللَّهِ ، قَالَ : (مَا جَاءَ بِكَ؟) قُلْتُ : يَا رَسُولَ اللَّهِ عَرَضَ لِي شَيْءٌ فِي صَلَوَاتِي حَتَّى مَا أَدْرِي مَا أُصَلِّي ، قَالَ : (ذَاكَ الشَّيْطَانُ ، ادْنُهْ) فَدَنَوْتُ مِنْهُ فَجَلَسْتُ عَلَى صُدُورِ قَدَمَيَّ قَالَ : فَضَرَبَ صَدْرِي بِيَدِهِ وَتَفَلَ فِي فَمِي وَقَالَ : (اخْرُجْ عَدُوَّ اللَّهِ) فَفَعَلَ ذَلِكَ ثَلَاثَ مَرَّاتٍ ، ثُمَّ قَالَ : (الْحَقْ بِعَمَلِكَ) قَالَ : فَقَالَ عُثْمَانُ : فَلَعَمْرِي مَا أَحْسِبُهُ خَالَطَنِي بَعْدُ ഉസ്മാനുബ്നു അബില്‍ ആസ്വ് പറയുന്നു. നബി തങ്ങള്‍ എന്നെ ത്വാഇഫില്‍ ഭരണാധികാരിയാക്കി. എനിക്ക് നിസ്കാരത്തില്‍ എന്തോ ഒരവസ്ഥ തോന്നാന്‍ തുടങ്ങി. ഞാന്‍ നിസ്കരിക്കുന്നതിനെ കുറിച്ച് എനിക്കറിയാതെയായി. ഞാന്‍ നബി തങ്ങളെ സമീപത്ത് ചെന്ന് കാര്യം പറഞ്ഞു. നബി പറഞ്ഞു അത് പിശാചാണ്. ഞാന്‍ നബി തങ്ങളെ സമീപത്ത് ഇരുന്നു. നബി (സ) എന്റെ നെഞ്ചിലടിക്കുകയും എന്റെ വായില്‍ തുപ്പുകയും ചെയ്തിട്ട് പറഞ്ഞു. അള്ളാഹുവിന്റെ ശത്രൂ ഇറങ്ങിപ്പോവുക. അത് മൂന്ന് പ്രാവശ്യം ചെയ്തു. എന്നിട്ട് എന്നോട് പറഞ്ഞു. ഇനി ത്വാഇഫിലേക്ക് തന്നെ പോയിക്കൊള്ളുക. ഉസ്മാന്‍ (റ) പറയുന്നു ശേഷം എനിക്ക് ഈ അവസ്ഥ ഉണ്ടായിട്ടില്ല. ഇതു നബി തങ്ങള്‍ നടത്തിയ ചികിത്സയാണ്. ജിന്ന് ബാധയേറ്റവരെ അടിച്ച് ചികിത്സിക്കാമെന്ന് ഇബ്നു തൈമിയ്യയും ഇബ്നു ഖയ്യിമും പറയുന്നത് കാണാം. അള്ളാഹ് എന്ന് പാത്രത്തില്‍ സാധ്യമാവുന്നത്ര എഴുതി വെള്ളമൊഴിച്ച്  ബാധയേറ്റവന്റെ മുഖത്ത് തെളിച്ചാല്‍ അള്ളാഹു അവന്റെ പിശാചിന് കരിച്ചു കളയും എന്ന് ഇആനതില്‍ കാണാം. ബാധയേറ്റവന്റെ ചെവിയില്‍ ബാങ്ക് വിളിക്കുന്നത് നല്ലതാണെന്ന് ഖല്‍യൂബിയില്‍ പറയുന്നു. ഇത്തരം ചികിത്സകള്‍ ചെയ്യുന്ന ആള്‍ക്കും ചില യോഗ്യതകള്‍ ആവശ്യമാണ്. ഇമാം അഹ്മദ് (റ) ചരിത്രത്തില്‍ കാണാം: ഒരു സ്ത്രീക്ക് ബാധയേറ്റത് അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ അദ്ദേഹം തന്റെ ചെരുപ്പ് ഊരി നല്‍കിക്കൊണ്ട് പറഞ്ഞു. ഈ ചെരുപ്പ് കയ്യില്‍ പിടിച്ച് കൊണ്ട് ചോദിക്കുക. നിങ്ങള്‍ ഇറങ്ങിപ്പോവുന്നോ അതോ ഈ ചെരുപ്പ് കൊണ്ടു അടിക്കണോ. അവര്‍ അങ്ങനെ ചെയ്തു. അപ്പോള്‍ ആ സ്ത്രീയുടെ നാവിലൂടെ ജിന്ന് സംസാരിച്ചു. അഹ്മദ് (റ) അള്ളാഹുവിനെ അംഗീകരിച്ചു. ഞാന്‍ അദ്ദേഹത്തെയും അംഗീകരിക്കുന്നു. അഹ്മദ് (റ) മരണത്തിന് ശേഷം ഈ സ്ത്രീക്ക് രണ്ടാമതും ബാധയേറ്റു. അപ്പോള്‍ അഹ്മദ് (റ) ശിഷ്യന്‍ മേല്‍ പറഞ്ഞ ചികിത്സ നടത്തി. പക്ഷെ ആ ജിന്ന് ഈ ശരീരത്തില്‍ നിന്ന് പുറത്ത് പോയില്ല. അപ്പോള്‍ ഇത്തരം ചികിത്സകള്‍ സ്വയം നടത്തി ഫലിക്കാതിരിക്കുമ്പോള്‍ യോഗ്യരായവരെ സമീപിക്കേണ്ടി വരും. ശരീഅത് അംഗീകരിച്ച രീതിയില്‍ മന്ത്രത്തിലൂടെയോ മറ്റോ ചികിത്സ നടത്തുന്ന ആളുകളെ സമീപിക്കുന്നതിന് വിരോധമൊന്നുമില്ല. ശരീഅതിന്റെ കല്‍പനകള്‍ പാലിച്ച് നല്ല ജീവിതം നയിക്കുന്ന പണ്ഡിതന്മാരെ സമീപിക്കുന്നതായിരിക്കും കൂടുതല്‍ ഉത്തമം. അസ്മാഅ് ചികിത്സകള്‍ അനുവദനീയമാണോ എന്ന് ഇബ്നു ഹജര്‍ (റ) നോട് ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞു: അതിന്റെ രീതി വിശദീകരിച്ചതിന് ശേഷം അത് ഉപകാരം ചെയ്യുന്നതാണ് പുറമെ ഗസ്സാലി ഇമാം അത് ഉപയോഗിച്ചിരുന്നു. അനുവദനീയമായ ആവശ്യങ്ങള്‍ക്കു അതുപയോഗിക്കാവുന്നതുമാണ്. സകരിയ്യല്‍ അന്‍സ്വാരി (റ) വും അത് ചെയ്തിരുന്നവരാണ്. അദ്ദേഹത്തിന് ആ വിഷയത്തില്‍ ഒരു രചന തന്നെയുണ്ട്. (ഇമാം ഗസാലി (റ) വും  علم الأوفاق എന്ന പേരില്‍ ഈ വിഷയത്തില്‍ ഗ്രന്ഥ രചന നടത്തിയിട്ടുണ്ട്). കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter