മസ്തിഷ്ക മരണം സംഭവിച്ച രോഗിയുടെ വിധി എന്താണ്? മതപരമായി മയ്യിതായി കണക്കാക്കാമോ? അയാളുടെ അവയവങ്ങള്‍ ദാനം ചെയ്യാമോ?

ചോദ്യകർത്താവ്

ഇഹ്സാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശരീരത്തിലെ പ്രധാന അവയവങ്ങളായ ഹൃദയവും ശ്വാസകോശവും പ്രവര്‍ത്തനം നിര്‍ത്തിയാല്‍ മരണം സംഭവിക്കും. പക്ഷേ ഈ ഹൃദയത്തെയും ശ്വാസകോശത്തെയും അവയുടെ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത് മസ്തിഷ്കമാണ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ മസ്തിഷ്കത്തിനു പരിക്കേല്‍ക്കുകയോ തലച്ചോറില്‍ രക്തസ്രാവമുണ്ടാവുകയോ ചെയ്ത് അതിന്റെ പരിക്ക് ഭേദമാക്കാന്‍ പറ്റാത്ത രീതിയില്‍ ആകുകയോ ചെയ്യുന്ന അവസരത്തില്‍ മസ്തിഷ്കം മരിച്ചതായി കണക്കാക്കപ്പെടുന്നു. മസ്തിഷ്ക മരണം ശരീഅതിന്റെ വീക്ഷണത്തില്‍ യഥാര്‍ത്ഥ മരണമല്ല. ഡോക്ടര്‍മാര്‍ മരിച്ചുവെന്ന് വിധിയെഴുതിയതിനു ശേഷവും ജീവിച്ചുവെന്ന വാര്‍ത്തകള്‍ നാം പത്രങ്ങളില്‍ വായിക്കാറുണ്ട്. മരിച്ചോ ഇല്ലെയോ എന്ന് സംശയമുള്ളപ്പോള്‍ മരിച്ചുവെന്ന് ഉറപ്പ് വരുന്നത് വരെ മരണാനന്തര ക്രിയകള്‍ ചെയ്യരുതെന്നാണ് കര്‍മ്മ ശാസ്ത്രനിയമം. ഇമാം ശാഫിഈ (റ) പറയുന്നു: أحب المبادرة في جميع أمور الجنازة فإن مات فجأة لم يبادر بتجهيزه لئلا تكون به سكتة ولم يمت بل يترك حتى يتحقق موته. ജനാസയുടെ എല്ലാ ശേഷക്രിയകളും പെട്ടെന്ന് ചെയ്യുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നുവെങ്കിലും പെട്ടെന്ന് മരിച്ചവന്റെ ശേഷക്രിയകള്‍ മരണം ഉറപ്പാവുന്നത് വരെ പിന്തിപ്പിക്കണം. കാരണം പെട്ടെന്നുള്ള ഒരുശ്വാസതടസ്സമായേക്കാം മരിച്ചിട്ടുണ്ടാവില്ല. ഇമാം ശാഫിഈ (റ) വീണ്ടും പറയുന്നു: فأما إذا مات مصعوقا أو غريقا أو حريقا أو خاف من حرب أو سبع أو تردى من جبل أو في بئر فمات فإنه لا يبادر به حتى يتحقق موته قال الشافعي فيترك اليوم واليومين والثلاثة حتى يخشى فساده لئلا يكون مغمى عليه أو انطبق حلقه أو غلب المرار عليه പെടിച്ചോ തീപിടുത്തത്തിലോ മുങ്ങിയോ ഉയരങ്ങളില്‍ നിന്ന് വീണോ മരിച്ച ആളുടെ അനന്തര ക്രിയകള്‍ പെട്ടെന്ന് ചെയ്യരുത്. കാരണം ചിലപ്പോള്‍ ബോധം മറഞ്ഞതായിരിക്കാം. അല്ലെങ്കില്‍ തന്റെ തൊണ്ട അടഞ്ഞത് കൊണ്ടായിരിക്കാം ശ്വസനം നിലച്ചത്. ശാഫിഈ ഇമാം പറഞ്ഞത് ശരിയാണെന്ന് ഇമാം ഗസാലിയും പറയുന്നുണ്ട്. ഇമാം നവവി (റ) തന്റെ ശര്‍ഹുല്‍ മഹദ്ദബിലും മറ്റു കിതാബിലും ഇത് ഉദ്ധരിക്കുകയും ചെയ്യുന്നുണ്ട്. ഇമാം ഇബ്നു ഹജര്‍ (റ) പറയുന്നു: ومتى شك في موته وَجَبَ تَأْخِيرُهُ إلَى الْيَقِينِ بِتَغَيُّرِ رِيحٍ أَوْ نَحْوِهِ فَذِكْرُهُمْ الْعَلَامَاتِ الْكَثِيرَةَ لَهُ إنَّمَا تُفِيدُ حَيْثُ لَمْ يَكُنْ هُنَاكَ شَكٌّ خِلَافًا لِمَا يُوهِمُهُ كَلَامُ شَارِحٍ وَقَدْ قَالَ الْأَطِبَّاءُ: إنَّ كَثِيرِينَ مِمَّنْ يَمُوتُونَ بِالسَّكْتَةِ ظَاهِرًا يُدْفَنُونَ أَحْيَاءً لِأَنَّهُ يَعِزُّ إدْرَاكُ الْمَوْتِ الْحَقِيقِيِّ بِهَا إلَّا عَلَى أَفَاضِلِ الْأَطِبَّاءِ وَحِينَئِذٍ فَيَتَعَيَّنُ فِيهَا التَّأْخِيرُ إلَى الْيَقِينِ بِظُهُورِ نَحْوِ التَّغَيُّرِ. "മരണത്തിന്റെ വിഷയത്തില്‍ വല്ല സംശവും വന്നാല്‍ വാസനയില്‍ വിത്യാസമോ മറ്റോ കൊണ്ട് ഉറപ്പാകുന്നത് വരെ മരണാനന്തര ക്രിയകള്‍ പിന്തിപ്പിക്കണം. മരണത്തിന്റെ വിഷയത്തില്‍ സംശയിക്കേണ്ട സാഹചര്യം ഇല്ലാത്തപ്പോള്‍ മാത്രമേ മരിണത്തിനു പണ്ഡിതന്മാര്‍ പറഞ്ഞ അടയാളങ്ങള്‍ അവലംഭിക്കാവൂ. ശ്വസനം നിലച്ചത് കാരണം മരിച്ച കുറേ ആളുകള്‍ ജീവനോടെ മറമാടപ്പെടുന്നുണ്ട്. കാരണം ശ്വാസം നിലച്ചത് കൊണ്ട് യഥാര്‍ത്ഥ മരണം സംഭവിച്ചോ എന്നറിയാന്‍ സാധിക്കില്ല. അതിനു ചില കഴിവും മികവുമുള്ള ഡോക്ടര്‍മാര്‍ക്കേ സാധിക്കൂ. അത് കൊണ്ട് അത്തരം അവസരങ്ങളില്‍ വാസനയിലെ വിത്യാസം കൊണ്ടോ മറ്റോ മരണം ഉറപ്പാവുന്നത് വരെ പിന്തിപ്പിക്കല്‍ നിര്‍ബന്ധമാണ്". ഇസ്‍ലാമിക വീക്ഷണ പ്രകാരം റൂഹ് ശരീരത്തില്‍ നിന്ന് പോവുന്നതിനാണ് മരണം എന്ന് പറയുന്നത്. وَالْمَوْتُ مُفَارَقَةُ الرُّوحِ الْجَسَدَ ഏതെങ്കിലും അവയവത്തിന്റെ പ്രവര്‍ത്തനം നിലക്കല്‍ കൊണ്ടല്ല. ഏതായാലും മസ്തിഷ്ക മരണം സംഭവിക്കുന്നത് മരിച്ചോ ഇല്ലെയോ എന്ന് സംശയമുള്ള ഒരു അവസരമാണല്ലോ. അത്തരം അവസരത്തില്‍ മരിച്ചുവെന്ന് ഉറപ്പ് ലഭിക്കുന്ന വരെ മരണാനന്തരക്രിയകള്‍ ചെയ്യരുതെന്ന കര്‍മ്മശാസ്ത്ര തീരുമാനം നാം മുമ്പ് പറഞ്ഞു. അത് കൊണ്ട് തന്നെ മസ്തിഷ്ക മരണത്തെ ശരീഅത് വീക്ഷണ പ്രകാരം യഥാര്‍ത്ഥ മരണമായി കണക്കാക്കാനാവില്ല. ജീവിച്ചിരിക്കുമ്പോഴും മരിച്ചതിനു ശേഷവും അവയവദാനം അനുവദനീയമല്ല. ഇതിന്‍റെ വിശദമായ വിവരണം സൈറ്റിലെ ആധുനിക കര്‍മ്മശാസ്ത്ര പ്രശ്നങ്ങള്‍ എന്ന ഭാഗം വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter