വിഷയം: ‍ ആതിഥേയന്‍റെ ക്ഷണം സ്വീകരിക്കല്‍

മുസ്ലികൾ തമ്മിലുള്ള കടമകളിൽപ്പെട്ട 'ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക' എന്നത് ഒന്ന് വിശദമാക്കാമോ? ചിലർ ചുമ്മാ ഒരു ഫോർമാലിറ്റി ക്ക് വേണ്ടി ഭക്ഷണം കഴിക്കുമ്പോഴൊക്കെ കഴിച്ചിട്ട് പോകാം എന്ന് പറയാറുണ്ട് അപ്പൊഴൊക്കെ ക്ഷണം സ്വീകരിക്കൽ നിർബന്ധമാണോ?

ചോദ്യകർത്താവ്

ബഷീർ

Feb 4, 2021

CODE :Fiq10053

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

നികാഹ് കഴിഞ്ഞ ശേഷമുള്ള വിവാഹസദ്യയിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ പരിഗണനീയമായ കാരണങ്ങള്‍ ഇല്ലെങ്കില്‍ ആ ക്ഷണം സ്വീകരിച്ച് അവിടെ പങ്കെടുക്കല്‍ നിര്‍ബന്ധമാണ് (ഫത്ഹുല്‍മുഈന്‍). എന്നാല്‍ നികാഹല്ലാത്ത മറ്റു സദ്യകളിലേക്കുള്ള ക്ഷണം സ്വീകരിച്ച് അതില്‍ പങ്കെടുക്കല്‍ സുന്നത്തുമാണ്.  (ഫത്ഹുല്‍മുഈന്‍, ഇആനത് (3:598). ചേലാകര്‍മം, പ്രസവം, യാത്രയില്‍ നിന്ന് തിരിച്ചെത്തല്‍, ഖത്മുല്‍ ഖുര്‍ആന്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ശേഷമെല്ലാം സദ്യയൊരുക്കലും ആ സദ്യയിലേക്ക് ക്ഷണിക്കപ്പെട്ടവര്‍ പങ്കെടുക്കലും സുന്നത്താണ് (ഫത്ഹുല്‍ മുഈന്‍, ഇആനത് (3: 413)

ക്ഷണിക്കപ്പെടുന്നവരെ പ്രത്യേകം പേരെടുത്ത് ക്ഷണിക്കുകയോ വിശേഷണം പറഞ്ഞ് ക്ലിപ്തപ്പെടുത്തി ക്ഷണിക്കുകയോ വേണം. വരുന്നവര്‍ക്കൊക്കെ വരാം, നീ കണ്ടവരെയൊക്കെ വിളിച്ചോ, നീ കരുതിയവരെയൊക്കെ വിളിച്ചോ, തുടങ്ങിയ ക്ഷണങ്ങള്‍ക്ക് പങ്കെടുക്കല്‍ സുന്നത്തില്ല. അന്യസ്ത്രീയും പുരുഷനും തനച്ചാവുന്ന രീതിയിലുള്ള സദ്യകളിലും പങ്കെടുക്കരുത്. അത്തരം സാഹചര്യങ്ങളില്‍ പങ്കെടുക്കല്‍ ഹറാമാണ്. ക്ഷണിച്ചിട്ടില്ലെങ്കില്‍ എന്തെങ്കിലും കാര്യം ഭയന്നതിന്‍റെ പേരില്‍ ക്ഷണിക്കുക, സ്ഥാനമാനങ്ങളില്‍ ആഗ്രഹിച്ച് ക്ഷണിക്കുക, നിഷിദ്ധമായ കാര്യങ്ങളില്‍ സഹായത്തിന് വേണ്ടി ക്ഷണിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ ക്ഷണം സ്വീകരിക്കല്‍ സുന്നത്തില്ല. ഹറാമായ സ്വത്ത് കലര്‍ന്നവന്‍റ സദ്യയിലും പങ്കെടുക്കേണ്ടതില്ല. ഒരാളുടെ സ്വത്തില്‍ കൂടുതലും ഹറാമാണെങ്കില്‍ അയാളൊരുക്കുന്ന സദ്യയില്‍ പങ്കെടുക്കല്‍ കറാഹതും നമുക്ക് നല്‍കുന്നത് ഹറാമാണെന്നറിഞ്ഞാല്‍ പങ്കെടുക്കല്‍ ഹറാമുമാണ്. നമ്മുടെ സാന്നിധ്യം കൊണ്ട് നീങ്ങുമെന്ന് പ്രതീക്ഷയില്ലാത്ത നിഷിദ്ധമായ കാര്യങ്ങളുള്ള സദ്യയിലും പങ്കെടുക്കല്‍ സുന്നത്തില്ല. അനുവദനീയമല്ലാത്ത അലങ്കാരങ്ങള്‍, ഹറാമായ ഗാനമേള പോലെയുള്ള സദസ്സുകള്‍, ബിംബസമാനമായ ജീവകോലങ്ങള്‍, തുടങ്ങിയവയുള്ള സദ്യകളിലെല്ലാം പങ്കെടുക്കല്‍ ഹറാമാണ് (ഫത്ഹുല്‍മുഈന്‍)

രണ്ടുപേര്‍ ഒരേ സമയത്തേക്ക് ക്ഷണിച്ചാല്‍ രണ്ടാളുടെ ക്ഷണവും സ്വീകരിക്കാന്‍ കഴിയാത്താപക്ഷം ആദ്യം ക്ഷണിച്ച ആളുടേതാണ് സ്വീകരിക്കേണ്ടത്. രണ്ടുപേരും ഒപ്പം ക്ഷണിച്ചാല്‍ കുടുംബപരമായ അടുപ്പം  പരിഗണിച്ചും പിന്നീട് തന്‍റെ വീടുമായി ഏറ്റവും അടുത്തത് ആര് എന്നത് പരിഗണിച്ചും മുന്‍ഗണന നല്‍കണം. അവയും സമമായി വന്നാല്‍ നറുക്കെടുപ്പ് നടത്തണം (ഫത്ഹുല്‍മുഈന്‍).

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ആളുകള്‍ക്കിടയിലേക്ക് ഒരാള്‍ അപ്രതീക്ഷിതമായി കയറിവന്നപ്പോള്‍ അവരവനെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചാലും, അവരുടെ ക്ഷണം പൂര്‍ണസംതൃപ്തിയോടെയാണെന്നും ക്ഷണിക്കാതിരിക്കുന്നതിലുള്ള ലജ്ജയോ മറ്റോ  കാരണമല്ല ക്ഷണിക്കുന്നതെന്നും  മികച്ച ധാരണയും പ്രതീക്ഷയുമുണ്ടെങ്കിലേ അവരോടൊന്നിച്ച് ഭക്ഷണത്തിനിരിക്കാവൂ (ഫത്ഹുല്‍മുഈന്‍).

ക്ഷണിക്കപ്പെടുന്നവന്‍ ക്ഷണം സ്വീകരിക്കണമെന്ന ആഗ്രഹമില്ലാതെ വെറുതെ ഫോര്‍മാലിറ്റിക്ക് വേണ്ടി മാത്രമുള്ള ക്ഷണങ്ങള്‍ സ്വീകരിക്കേണ്ടതില്ലെന്ന് മേല്‍പറഞ്ഞതില്‍ നിന്ന് വ്യക്തമായല്ലോ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter