വലിയ അശുദ്ധിയെ ഉയർത്താൻ ഉയർത്താനുള്ള ഒരു വ്യക്തിയുടെ ചെവി അടയുകയും ചെവിയുടെ ഉള്ളിൽ ശക്തമായ വേദനയും ചെവിയുടെ ഉള്ളിൽ വെള്ളം കടന്നാൽ വേദന മൂർഛിക്കുമെന്ന് ഭയെപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ എങ്ങെനെയാണ് ചെവി കഴുകേണ്ടത്? ഇത് സബന്ധമായി കിതാബുകളിൽ പരാമർശമുണ്ടെങ്കിൽ കിതാബും പേജും പറഞ്ഞു തന്നാൽ വളെരെ ഉപകാരമായിരിക്കും. ചെവി എങ്ങനെ എവിടെയെല്ലാം കഴുകലാണ് നിർബന്ധം എന്നും അറിയണം.
ചോദ്യകർത്താവ്
shaduli
Jun 6, 2021
CODE :Fiq10147
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ശരീരത്തിന്‍റെ പുറമെ കാണുന്ന എല്ലാ ഭാഗത്തും വെള്ളമെത്തിക്കലാണ് ഫര്‍ളായ കുളിയില്‍ നിര്‍ബന്ധമുള്ളത്. ചെവിക്കുഴിയില്‍ നിന്നും പുറമെ കാണുന്ന ഭാഗമാണ് ഫര്‍ളായ കുളിയില്‍ കഴുകേണ്ടത്. ചെവിയുടെ ചുളിഞ്ഞ ഭാഗങ്ങളിലേക്കെല്ലാം വെള്ളമെത്തിക്കാന്‍ ശ്രദ്ധിക്കണം (ഫത്ഹുല്‍ മുഈന്‍ - ശുറൂതുസ്സ്വലാത്ത്)
ഫര്‍ളായ കുളി ശരിയാവാന്‍ വെള്ളം ചെവിയുടെ അകത്ത് കടത്തേണ്ടതില്ലാത്തതിനാല്‍ ചോദ്യത്തില്‍ പറയപ്പെട്ട രോഗിക്ക് പ്രയാസമില്ലാതെ കുളി നിര്‍വഹിക്കാന്‍ കഴിഞ്ഞേക്കാം. എങ്കിലും വെള്ളമുപയോഗിച്ചാല്‍ രോഗം കൂടുമെന്ന് അതിയായ ഭയമുണ്ടെങ്കില്‍ വെള്ളമെത്തിക്കാന്‍ കഴിയുന്ന എല്ലാ ഭാഗത്തേക്കും വെള്ളമെത്തിച്ച് വെള്ളമെത്തിക്കാത്ത സ്ഥലത്തിന് വേണ്ടി തയമ്മും ചെയ്യാവുന്നതാണ് (ഫത്ഹുല്‍ മുഈന്‍)
ചെവി കഴുകുന്നതിനെ കുറിച്ചും വെള്ളം ഉപയോഗിച്ചാല്‍ അസുഖം ഭയപ്പെടുമ്പോള്‍ തയമ്മും ചെയ്യേണ്ടതിനെ കുറിച്ചും ഫത്ഹുല്‍മുഈനില്‍ പറഞ്ഞത് പോലെ ഫര്‍ള് കുളിയെ കുറിച്ച് ചര്‍ച്ച ചെയ്ത എല്ലാ ഫിഖ്ഹിന്‍റെ ഗ്രന്ഥങ്ങളിലും പരാമര്‍ശിക്കപ്പെട്ട വിഷയങ്ങളാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.