വിഷയം: ഹൈന്ദവ ആഘോഷങ്ങൾ
മുഹമ്മദ് നബി ഹൈന്ദവരുടെ ഭക്ഷണം കഴിച്ചതായി ഹദീസുണ്ടോ. മറ്റു മതസ്ഥർ അവരുടെ ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാക്കിയ ഭക്ഷണം സ്വീകരിക്കുന്നതിലും കഴിക്കുന്നതിലും തെറ്റുണ്ടോ. അവരുടെ ക്ഷണം സ്വീകരിക്കുന്നത്തിന്റെ വിധിയെന്ത്
ചോദ്യകർത്താവ്
Subaibath M T
Sep 9, 2022
CODE :Abo11356
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .
ഹൈന്ദവർ ഉണ്ടാക്കുന്ന ഹലാലായ ഭക്ഷണം (സസ്യ ആഹാരം പോലെ) കഴിക്കുന്നതിൽ യാതൊരു തെറ്റുമില്ല. യഹൂദിയായ ഒരു സ്ത്രീയുടെ ക്ഷണം സ്വീകരിച്ച് ഭക്ഷണം കഴിക്കാൻ തിരു നബി തങ്ങൾ പോയ ഹദീസ് സുനനു അബീ ദാവൂദിൽ കാണാം. മറ്റു മതസ്ഥർ അവരുടെ ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നതിലാണ് അഭിപ്രായ വ്യത്യാസമുള്ളത്. അവരുടെ മതത്തെ ആദരിച്ചു കഴിക്കുന്നത് കുഫ്റിന്റെ ഭാഗവും മതത്തെ ആദരിക്കാതെ അവരുടെ ആഘോഷങ്ങളിൽ പങ്കാളിയാവുക എന്ന നിലക്ക് കഴിക്കുന്നത് ഹറാമും വെറും ഭക്ഷണം എന്ന നിലക്ക് (അവരുടെ വിശ്വാസത്തെയോ ആഘോഷത്തെയോ മാനിക്കാതെ ) സ്വീകരിച്ചു കഴിക്കുന്നത് അനുവദനീയവുമാണ്(ഫതാവൽ കുബ്റാ). അഗ്നി ആരാധകരുടെ ആഘോഷമായ നൈറോസിന്റെ ഭാഗമായി ലഭിക്കാറുണ്ടായിരുന്ന ഹദിയകൾ അലിയ്യ്( റ) സ്വീകരിക്കുമായിരുന്നു (സുനനുൽകുബറ). മഹതി ആയിഷ ബീവിയും പ്രസ്തുത ഭക്ഷണം സ്വീകരിക്കുന്നതിനെ എതിർക്കുമായിരുന്നില്ല ( മുസ്വന്നഫു അബീ ശൈബ).
എന്നാൽ, ആഘോഷങ്ങളിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ടാൽ ക്ഷണം സ്വീകരിക്കുന്നതിൽ, പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. അവരോടുള്ള സ്നേഹവും സൗഹാർദ്ദവും നിലനിർത്തിക്കൊണ്ട് തന്നെ തന്ത്രപരമായി മാറിനിൽക്കലാണ് സൂക്ഷ്മത.
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ