സൂഫി സംഗീതം എന്നത് പതിവായി കേള്‍ക്കുന്ന ഒന്നാണ്. സത്യത്തില് സൂഫി സംഗീതം എന്ന ഒന്നുണ്ടോ? അങ്ങനെ ഇല്ലെങ്കില്‍ ചില നിഷിദ്ധമായ സംഗീത സങ്കല്‍പങ്ങള്‍ സൂഫികളുടെ പേരില്‍ വ്യാപകമായതിന്‍റെ പശ്ചാത്തലമെന്താണ്?

ചോദ്യകർത്താവ്

ബാസിത് ഏലംകുളം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. സൂഫി സംഗീതമെന്നത് പ്രത്യേക സംഗീത ശാഖയായി ഇന്നറിയപ്പെടുന്നു. പ്രസിദ്ധ പണ്ഡിതരൊക്കെ സംഗീതം ഹറാമോ കറാഹതോ ആണെന്ന് വിധിയെഴുതിയപ്പോള്‍ സൂഫികള്‍ സംഗീതത്തെ അള്ളാഹുവിലേക്കടുക്കാനുള്ള മാര്‍ഗമായി തെരെഞ്ഞെടുത്തു. എന്നത് കൊണ്ടാവാം പിന്നീടവ സൂഫി സംഗീതമെന്ന പേരില്‍ പ്രസിദ്ധമായത്. മഹാനായ ഗസാലി ഇമാം തന്റെ ഇഹ്‍യാഇല്‍ ഇത് സംബന്ധമായി വളരെ വിശദമായി പറയുന്നുണ്ട്. സംഗീതത്തെ വിമര്‍ശിച്ച പണ്ഡിതരെ ഉദ്ധരിച്ച ശേഷം ഖുര്‍ആന്‍ കൊണ്ടും ഹദീസ് കൊണ്ടും ഖിയാസ് കൊണ്ടും അവര്‍ക്ക് മറുപടി പറയുന്നു. ഗസാലി ഇമാം പറയുന്നു: ശാഫിഈ ഇമാം സംഗീതം കറാഹതാണെന്നും അത് കൂടുതലായി ചെയ്തവന്റെ സാക്ഷ്യം സീകാര്യമല്ലെന്നും പറഞ്ഞിരിക്കുന്നു. ഇമാം മാലിക് (റ) വും അബൂഹനീഫ (റ) വും സംഗീതത്തെ വിമര്‍ശിച്ചിരിക്കുന്നു. മദീനയിലേയും കൂഫയിലേയും മുഴുവന്‍ പണ്ഡിതരും സംഗീതത്തെ വെറുത്തവരായിരുന്നു. അബൂ ത്വാലിബുല്‍ മക്കി പറയുന്നു: അബ്ദുല്ലാഹിബ്നു ജഅ്ഫര്‍,അബ്ദുല്ലാഹിബ്നു സുബൈര്‍, മുഗീറതുബ്നു ശുഅ്ബ, മുആവിയ തുടങ്ങി പല സ്വഹാബികളും താബിഉകളും സംഗീതം ശ്രവിച്ചിട്ടുണ്ട്. മക്കക്കാരും മദീനക്കാരും ജുനൈദുല്‍ ബഗ്ദാദിയും ദുന്നൂനുല്‍ മിസ്‍രിയും സംഗീതം ശ്രവിച്ചിട്ടുണ്ട്. ഇങ്ങനെ പല ഉദ്ധരണികളും എടുത്തുദ്ധരിച്ച ശേഷം ഗസാലി ഇമാം പറയുന്നു, ചിലര്‍ സംഗീതം ശ്രവിക്കല്‍ ഹറാമാണെന്ന് പറഞ്ഞിരിക്കുന്നു, ഹറാം എന്നാല്‍ അതിന്റെ പേരില്‍ അള്ളാഹു ശിക്ഷിക്കുമെന്നാണല്ലോ അര്‍ത്ഥം. അത്  മതിയായ തെളിവില്ലാതെ ബുദ്ധി കൊണ്ട് പറയാന്‍ പറ്റിയതല്ല. ഇത് ഹറാമാണെന്ന് പറയാന്‍ അങ്ങനെയൊരു തെളിവില്ല. ശേഷം ഖുര്‍ആന്‍ കൊണ്ടും ഹദീസ് കൊണ്ടും ഖിയാസ് കൊണ്ടും സംഗീതം ശ്രവിക്കല്‍ അനുവദനീയമെന്ന് തെളിയിക്കുന്നു. ഇമാം ഗസാലി (റ) പറയുന്നു: ദുഖത്തിന്റെയും സന്തോഷത്തിന്റെയും സമയത്ത് അവ വര്‍ദ്ധിപ്പിക്കാനാവശ്യമായ സംഗീതമാലപിക്കാവുന്നതാണ് , സംഭവിച്ച് പോയ തെറ്റിന് മേല്‍ ദുഖിക്കുന്ന പോലെ അനുഗ്രഹം കാരണം സന്തോഷിക്കുന്നത് പോലെ ഈ സന്തോഷവും ദുഖവും സ്തുത്യര്‍ഹമായിരിക്കണമെന്ന് മാത്രം. ചുരുക്കത്തില്‍ മേല്‍ പറഞ്ഞ പോലോത്ത നല്ല ഉദ്ദേശങ്ങള്‍ക്ക് വേണ്ടിയായിരുന്നു സൂഫികള്‍ സംഗീതം ശ്രവിച്ചിരുന്നത്. അവരുടെ സംഗീതത്തിന്റെ അര്‍ത്ഥം ബാഹ്യമായി  അനിസ്‍ലാമികമെന്ന് തോന്നുന്നുവെങ്കിലും ആന്തരികമായി  അള്ളാഹുവിനോടും റസൂലിനോടുമുള്ള ഇശ്ഖാണ് ആ വരികളുടെ ഉള്ളടക്കം. ഗസാലി ഇമാം പറയുന്നു: ഹൃദയം പല നിഗൂഡതകളുടെയും കലവറയാണ്. നല്ല രാഗങ്ങള്‍ കേള്‍കുമ്പോള്‍ ഹൃദയത്തില്‍ മറഞ്ഞ് കിടക്കുന്നത് പുറത്ത് വരും. അള്ളാഹുവിനോടും റസൂലിനോടുമുള്ള പ്രേമമാണ് ഹൃദയത്തിലെങ്കില്‍ അവയും ദുര്‍വിചാരങ്ങളെങ്കില്‍ അവയും പുറത്ത് വരും, സംഗീതം കേട്ട് നല്ല ചിന്തകള്‍ ഉളവാകുന്നവര്‍ക് സംഗീതം ശ്രവിക്കല്‍ അനുവദനീയവും മറിച്ചെങ്കില്‍ നിഷിദ്ധവുമാണ്, എന്നാണ് ഗസാലി ഇമാം ഇത് കൊണ്ടുദ്ദേശിച്ചത്. സൂഫി സംഗീതം ഇങ്ങനെ സംഗ്രഹിക്കാം, ഹറാമും ഹലാലും സുന്നതും. സംഗീതം കേട്ട് ദുഷിച്ച ചിന്തകളുണ്ടാവുമെങ്കില്‍ ഹറാമും സദ്‍വിചാരങ്ങളുണ്ടാവുന്നെങ്കില്‍ സുന്നതും ഒന്നുമുണ്ടാവുന്നില്ലെങ്കില്‍ ഹലാലുമാണ്. ചുരുക്കത്തില്‍ സംഗീതം ആലപിക്കാനും കേള്‍കാനും അര്‍ഹതയുള്ളവര്‍ക് മാത്രമേ അത് അനുവദനീയമാവൂ. പാട്ട് കേള്‍കുമ്പോഴും പാടുമ്പോഴും സദ്‍വിചാരങ്ങള്‍ ഉണ്ടാവുകയെന്നതാണ് അതിനുള്ള അര്‍ഹത. അര്‍ഹരല്ലാത്തവര്‍ സൂഫി വര്യന്മാര്‍ പാടിയ സംഗീത മാലപിച്ചാല്‍ അതിനെ സൂഫി സംഗീതമെന്ന് വിളിക്കാനാവില്ല. അത് സൂഫികള്‍ പാടിയതെങ്കിലും നിഷിദ്ധം തന്നെ. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ    

ASK YOUR QUESTION

Voting Poll

Get Newsletter