നജസ് കലര്‍ന്ന വെള്ളം ശാസ്ത്രീയമായി ശുദ്ധീകരിച്ചാല്‍ ത്വഹൂര്‍ ആകുമോ?
ചോദ്യകർത്താവ്
അബൂബക്ര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
വെള്ളം ശുദ്ധീകരിക്കാന്‍ പല മാര്‍ഗങ്ങളും ഉപയോഗിക്കാറുണ്ട്. ചാണകം കലക്കിയും കെമികലുകളും മണലുമെല്ലാം ചേര്‍ത്ത് ശുദ്ധീകരിക്കുന്ന രീതിയാണ് ഇന്ന് സാധാരണയായി ഹോസ്പിറ്റലുകളിലും മറ്റും ഉപയോഗിക്കപ്പെടുന്നത്. സാധാരണയായി ഉപയോഗിക്കുന്ന ഒരു ശുദ്ധീകരണ രീതി പരിചയപ്പെടാം. ആറു ഘട്ടങ്ങളിലായാണ് അത് നടക്കുന്നത്. ആദ്യമായി മലിന ജലം അരിപ്പ ഉപയോഗിച്ച് അരിച്ച് ഒരു ടാങ്കില്‍ ഒരുമിച്ച് കൂട്ടും. ടാങ്കിന് മുകളിലായിരിക്കും അരിപ്പ സംവിധാനിച്ചിട്ടുണ്ടാവുക. ശേഷം ആ വെള്ളത്തില്‍ ചാണകം കലര്‍ത്തും. വെള്ളത്തിലെ അപകടകാരികളായ ബാക്ടീരിയകളെ കൊല്ലാന്‍ ശേഷിയുള്ള ബാക്ടീരിയകള്‍ ചാണകത്തിലുണ്ടായതിനാലാണിത്. മൂന്നാമതായി ടാങ്കിലെ വെള്ളം പ്രത്യേക പൈപ്പ് ഉപയോഗിച്ച് വൃത്തത്തിലും മുകളിലേക്കും ചലിപ്പിച്ചു കൊണ്ടിരിക്കും. ശേഷം വെള്ളം ഊറാനായി വെള്ളത്തെ ശാന്തമായി നിര്‍ത്തും. അഞ്ചാമതായി അതില്‍ കെമികലുകള്‍ കലര്‍ത്തുന്നു. Hydraulic Lime Powder, Alum, Sodium Hydro Chlorine എന്നീ കെമികലുകളാണ് സാധാരണയായി കലര്‍ത്താറുള്ളത്. ആറാമതായി രണ്ട് ടാങ്കുകളിലായി ശുദ്ധീകരണ പ്രക്രിയ നടക്കുന്നു. ആദ്യത്തേതില്‍ കാര്‍ബണും രണ്ടാമത്തതില്‍ മണലുമാണ് ഉപയോഗിക്കുന്നത്. ഇതിന് ശേഷം ശുദ്ധിയുള്ള വെള്ളമായി അത് പുറത്ത് വരുന്നു. പ്രസ്തുത ശുദ്ധീകരണ പ്രക്രിയയില്‍ ഉപയോഗിക്കപ്പെടുന്ന വസ്തുക്കള്‍: ചാണകം, Hydraulic Lime Powder, Alum, Sodium Hypo Chloride എന്നീ കെമികലുകള്‍, കാര്‍ബണ്‍, മണല്‍ എന്നിവയാണ്. ഇതില്‍ ചാണകം നജസാണ്. മറ്റ് വസ്തുക്കള്‍ ശുദ്ധിയുള്ളവയുമാണ്. അവയില്‍ വെളുത്തതും കറുത്തതുമായ കെമികലുകള്‍ ഉണ്ട്. ഇനി ഇത്തരം വസ്തുക്കളുപോയോഗിച്ച് ശുദ്ധീകരിക്കുന്നതിനെ കര്‍മ്മ ശാസ്ത്രം എങ്ങനെ വീക്ഷിക്കുന്നുവെന്ന് നോക്കാം. ഇമാം നവവി (റ) തന്റെ മിന്‍ഹാജില്‍ പറയുന്നു:أو زال أي التغير بِمِسْكٍ و زَعْفَرَانٍ فَلَا أي لا يطهر لِلشَّكِّ فِي أَنَّ التَّغَيُّرَ زَالَ حَقِيقَةً أَوْ اسْتَتَر വെള്ളത്തിന്റെ പകര്‍ച്ച മിസ്ക് കൊണ്ടോ സഅ്ഫറാന്‍ കൊണ്ടോ നീങ്ങിയാല്‍ ശുദ്ധിയായതായി പരിഗണിക്കാവതല്ല. കാരണം ജലത്തിന്റെ ദുര്‍ഗന്ധം മിസ്കിന്റെ വാസനയിലും നിറം സഅ്ഫറാന്റെ നിറത്തിലും മറഞ്ഞതാവാം യഥാര്‍ത്ഥത്തില്‍ ശുദ്ധിയായിരിക്കണമെന്നില്ല. ഇത് വിശദീകരിച്ച് കൊണ്ട് ഇബ്നു ഹജര്‍ (റ) പറയുന്നു: وَيُؤْخَذُ مِنْهُ أَنَّ زَوَالَ الرِّيحِ وَالطَّعْمِ بِنَحْوِ زَعْفَرَانٍ لَا طَعْمَ لَهُ وَلَا رِيحَ وَالطَّعْمُ وَاللَّوْنُ بِنَحْوِ مِسْكٍ وَاللَّوْنُ وَالرِّيحُ بِنَحْوِ خَلٍّ لَا لَوْنَ لَهُ وَلَا رِيحَ يَقْتَضِي عَوْدَ الطَّهَارَةِ، വാസനയോ നിറമോ രുചിയോ ഇല്ലാത്ത സഅ്ഫറാന്‍ മിസ്കോ സുര്‍ക്കയോ കലര്‍ത്തിയത് കാരണം വെള്ളം ശുദ്ധിയായാല്‍ ശുദ്ധിയുള്ളതായി പരിഗണിക്കാമെന്ന് അതില്‍ നിന്ന് മനസ്സിലാക്കാം. കാരണം അപ്പോള്‍ വെള്ളത്തിന്റെ പകര്‍ച്ച അതില്‍ കലര്‍ത്തിയ വസ്തുക്കളുടെ വിശേഷണത്തില്‍ മറഞ്ഞിരിക്കുകയാണെന്ന് സംശയിക്കേണ്ടതില്ല. ഇബ്നു ഹജര്‍ (റ) ന്റെ ഈ ഇബാറത് വിശദീകരിച്ച് കൊണ്ട് ശര്‍വാനി (റ) പറയുന്നു: وَمِنْهُ يُؤْخَذُ أَنَّهُ لَوْ وُضِعَ مِسْكٌ فِي مُتَغَيِّرِ الرِّيحِ فَزَالَ رِيحُهُ وَلَمْ تَظْهَرْ فِيهِ رَائِحَةُ الْمِسْكِ أَنَّهُ يَطْهُرُ وَلَا بُعْدَ فِيهِ لِعَدَمِ الِاسْتِتَارِ، ثُمَّ قَالَ وَاعْلَمْ أَنَّ رَائِحَةَ الْمِسْكِ لَوْ ظَهَرَتْ، ثُمَّ زَالَتْ وَزَالَ التَّغَيُّرُ حَكَمْنَا بِالطَّهَارَةِ؛ لِأَنَّهَا لَمَّا زَالَتْ وَلَمْ يَظْهَرْ التَّغَيُّرُ عَلِمْنَا أَنَّهُ زَالَ بِنَفْسِهِ വാസനയുള്ള മിസ്ക് തന്നെ ദുര്‍ഗന്ധമുള്ള വെള്ളത്തില്‍ കലര്‍ത്തിയതുമൂലം വെള്ളത്തിന്റെ ദുര്‍ദന്ധം ഇല്ലാതാവുകയും അതോടൊപ്പം വെള്ളത്തില്‍ മിസ്കിന്റെ വാസനയും ഇല്ലായെങ്കില്‍ അത് ശുദ്ധിയുള്ളതായി കണക്കാക്കാമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. കാരണം അവിടെ മിസ്കിന്റെ വാസനയും ഇല്ലാത്തത് കൊണ്ട് വെള്ളത്തിന്റെ ദുര്‍ഗന്ധം മിസ്കിന്റെ വാസനയില്‍ മറഞ്ഞിരിക്കുകയാണെന്ന് സംശയിക്കേണ്ടതില്ല. മാത്രമല്ല വെള്ളത്തില്‍ മിസ്ക് കലര്‍ത്തിയപ്പോള്‍ മിസ്കിന്റെ വാസനയുണ്ടായിരുന്നു പക്ഷെ പിന്നീട് മിസ്കിന്റെ വാസനയും ഇല്ലാതായി എന്നാലും വെള്ളം ശുദ്ധിയുള്ളതായി കണക്കാക്കാം. കാരണം മിസ്കിന്റെ വാസനയില്ലാതാവുകയും വെള്ളത്തിന് പകര്‍ച്ച കാണാതിരിക്കുകയും ചെയ്തപ്പോള്‍ പകര്‍ച്ച സ്വയം ഇല്ലാതായതാണെന്ന് മനസ്സിലാക്കാം. (വെള്ളത്തിന്റെ പകര്‍ച്ച മറ്റൊന്നും ചേര്‍ക്കാതെ സ്വയം നീങ്ങിയാല്‍ ശുദ്ധിയുള്ളതെന്നാണ് നിയമം.) ഇത്രയും കര്‍മ്മ ശാസ്ത്ര മസ്അലകളില്‍ നിന്ന് നമുക്ക് ചുരുക്കത്തില്‍ ഇങ്ങനെ മനസ്സിലാക്കാം. നേരത്തെ പറഞ്ഞ കെമികലുകള്‍ നിറമുള്ളതോ വാസനയുള്ളതോ ഇത് രണ്ടും ഇല്ലാത്തതോ ആവട്ടെ അതെല്ലാം ചേര്‍ത്തതിനു ശേഷം അവസാനം വെള്ളം ഒരു പകര്‍ച്ചയുമില്ലാതെ ശുദ്ധിയുള്ളതായി കണ്ടാല്‍ അത് ശുദ്ധിയുള്ള ത്വഹൂറായ വെള്ളം തന്നെയാണ്. ഇത്തരം ശുദ്ധീകരണ പ്രക്രിയകള്‍ക്ക് ശേഷം നാം സാധാരണയായി വെള്ളം ശുദ്ധിയുള്ള അവസ്ഥയില്‍ തന്നെയാണല്ലോ കാണാറുള്ളത്. മാത്രമല്ല ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് അത് നല്ല വെള്ളമാണെന്ന് ശുദ്ധീകരണ പ്രക്രിയക്ക് ശേഷം തെളിയിക്കാറുമുണ്ട്. (pH value എന്നാണ് ഈ മെസര്‍മെന്റ് സംവിധാനത്തിനു പേര്. pH value ,0-14 വരെയാണുണ്ടാവുക. അതില്‍ 7 നു താഴെയായാല്‍ acidic ഉം മുകളിലായാല്‍ basic (alkaline) ഉം ആയി കണക്കാക്കപ്പെടുന്നു. ശുദ്ധ വെള്ളത്തില്‍ ഇവ രണ്ടും തുല്യഅളവിലാണ് ഉണ്ടാവേണ്ടത്. അഥവാ ശുദ്ധ വെള്ളത്തിന്റെ pH value 7 ആയിരിക്കും. ഇങ്ങനെ pH value 7 ആവുന്നത് വരെ ശുദ്ധീകരണ പ്രക്രിയകള്‍ നടക്കുന്നു. ) ചാണകം കലര്‍ത്തിയെന്നതും ഒരു പ്രശ്നമല്ല. നജസ് വെള്ളത്തില്‍ കലര്‍ത്തിയാല്‍ തന്നെ പകര്‍ച്ചയില്ലെങ്കില്‍ വെള്ളം ശുദ്ധിയുള്ളതാണ് എന്നാണ് നിയമം. രണ്ടു ഖുല്ലത്ത് വെള്ളത്തെ കുറിച്ചാണ് ഇതു വരെ പറഞ്ഞത്. വെള്ളം അതിലേറെ കുറവാണെങ്കില്‍ ഇത്തരം പ്രക്രിയകള്‍ കൊണ്ട് അത് ശുദ്ധിയാക്കാന്‍ പറ്റില്ല. പക്ഷെ അതിലേക്ക് മറ്റു വെള്ളം ഒഴിച്ച് രണ്ട് ഖുല്ലത്ത് ആയി മാറുകയും പകര്‍ച്ചയുമില്ലയെങ്കിലാണ് അത് ശുദ്ധിയാവുക. ഖുല്ലത് അളവുമായി ബന്ധപ്പെട്ട വിവരണം ഇവിടെ വായിക്കാവുന്നതാണ്.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.