ഈ മാസം 12 നാണ് കുളിച്ചത്,11 ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ഹൈള് ഉണ്ടായി, നിസ്ക്കാരത്ത്തിനു വിട്ടു വീഴ്ച ഉണ്ടാകുമോ അതോ ഖളാ വീട്ടണോ?
ചോദ്യകർത്താവ്
അബ്ദുല്‍ ഫത്താഹ് കോന്നി ...
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആര്‍ത്തവം ഏറ്റവും ചുരുങ്ങിയത് ഒരു ദിവസമാണ്. കൂടിയത് പതിനഞ്ച് ദിവസവും. ഈ പരിധികള്‍ക്കപ്പുറമുള്ളത് ആര്‍ത്തവമായി കണക്കാകുയില്ല. അതു രോഗമാണ്. രണ്ട് ഹൈളുകള്ക്കിടയില് കുറഞ്ഞത് പതിനഞ്ച് ദിവസത്തെ ശുദ്ധിയെങ്കിലുമുണ്ടായിരിക്കണം. ചിലര്‍ക്ക്, രക്തം തല്‍ക്കാലത്തേക്ക് നില്‍ക്കുകയും പിന്നീട് വീണ്ടും രക്തസ്രാവമുണ്ടാകുകയും ചെയ്യാം. ഇത്തരം ഘട്ടങ്ങളില്‍ മൊത്തം സ്രാവ സമയം ഇരുപത്തിനാലു മണിക്കൂറില്‍ കുറയാതിരിക്കുകയും ആദ്യ സ്രാവം മുതല്‍ പതിനഞ്ചു ദിവസം കൂടാതിരിക്കുകയും ചെയ്താല്‍ അവ ആര്‍ത്തവമായി ഗണിക്കപ്പെടണം. ചോദ്യത്തില്‍ പറഞ്ഞതനുസരിച്ച് 12 ാം തിയ്യതി നിലച്ച രക്ത സ്രാവം തുടങ്ങിയ ദിവസം മുതല്‍ രണ്ടാമത് സ്രാവമുണ്ടായ ദിവസം വരെ പതിനഞ്ച് ദിവസത്തില്‍ കൂടുതലാണെങ്കില്‍ രണ്ടാമത്തേത് ഇസ്തിഹാദതാണ്. കാരണം രണ്ട് സ്രാവങ്ങള്ക്കിടയില് പതിനൊന്ന് ദിവസം മാത്രമേ ഉള്ളൂ. കുറഞ്ഞത് പതിനഞ്ച് ദിവസമെങ്കിലുമുണ്ടായിരിക്കണമെന്ന് നാം പറഞ്ഞുവല്ലോ. ഇസ്തിഹാദത്തിന്റെ അവസരത്തില്‍ നിസ്കാരം നിര്‍ബന്ധമാണ്. ഇസ്തിഹാളതിന്റെ അവസരത്തിലെ നിയമങ്ങള്‍ നിത്യഅശുദ്ധിക്കാരുടേത് പോലെയാണ്. അഥവാ, അതുണ്ടാകുമ്പോഴും നിസ്കാരവും നോമ്പും നിര്‍ബന്ധം തന്നെയാണ്. ഓരോ നിസ്കാരത്തിനും സമയം ആയ ശേഷം ആ ഭാഗം വൃത്തിയാക്കേണ്ടതും രക്തം പുറത്തേക്ക് വരാതിരിക്കാനായി ഗുഹ്യഭാഗത്ത് പഞ്ഞിയോ മറ്റോ വെച്ച് ഭദ്രമായി കെട്ടേണ്ടതുമാണ്. ശേഷം ഉടനെത്തന്നെ വുദു ചെയ്ത് പെട്ടെന്ന് തന്നെ നിസ്കാരം നിര്‍വ്വഹിക്കേണ്ടതുമാണ്. നോമ്പുള്ള സമയമാണങ്കില്‍, ഗുഹ്യ ഭാഗത്തിന്റെ ഉള്ളിലേക്ക് പഞ്ഞിപോലോത്തവ വെച്ചാല്‍ നോമ്പ് മുറിയുമെന്നതിനാല്‍ പകല്‍ സമയത്ത് അത് നിര്‍ബന്ധമില്ല. കൂടുതലറിയാന്‍ സ്ത്രീ രക്തങ്ങള്‍ , ഇസ്തിഹാദതുള്ള സ്ത്രീ എന്നിവ വായിക്കുക. ഇനി ഒന്നാം സ്രാവത്തിന്റെ തുടക്കം മുതല്‍ രണ്ടാം സ്രാവം വരെ പതിനഞ്ച് ദിവസത്തില്‍ കുറവാകുകയും പറയപ്പെട്ട പതിനഞ്ച് ദിവസത്തിനു മുമ്പ് രണ്ടാമത്തെ സ്രാവം നിലക്കുകയും ചെയ്താല്‍ രണ്ടാമത്തേതും ആര്‍ത്തവമായി കണക്കാക്കാം. ഉദാഹരണമായി 10ാം തിയ്യതി തുടങ്ങി 12ാം തിയ്യതി അവസാനിച്ചു. ശേഷം പതിനൊന്ന് ദിവസത്തിനു ശേഷം 23 ാം തിയ്യതി വീണ്ടും രക്തസ്രാവമുണ്ടായി. രണ്ടാമത്തെ സ്രാവം 25 ാം തിയ്യതി നിലക്കുകയും ചെയ്തു. ഇപ്പോള്‍ 10ാം തിയ്യതി മുതല്‍ 25ാം തിയ്യതി വരെ ആകെ 15 ദിവസമേ സ്രാവമുണ്ടായിട്ടുള്ളൂ. അത് കൊണ്ട് അവ മുഴുവന്‍ ഹൈളായി ഗണിക്കാം. പതിനഞ്ച് ദിവസത്തില്‍ കൂടിയാല്‍ അത് ഇസ്തിഹാദതാണ്. ഇസ്തിഹാളത് ഉള്ളവര്‍ (അഥവാ രോഗം മൂലം രക്ത സ്രാവമുള്ളവര്‍) അവരുടെ ആര്‍ത്തവത്തിന്റെ പതിവ് അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. എത്ര ദിസമാണോ സാധാരണ ആര്ത്തവമുണ്ടാവാറ് അത് ഹൈളായും ബാക്കിയുള്ളത് ഇസ്തിഹാദതായും ഗണിക്കണം. ഹൈളാണെങ്കില് നിസ്കരിക്കേണ്ടതില്ല. ഇസ്തിഹാദതാണെങ്കില് മേല്‍ പറയപ്പെട്ടവിധം നിസ്കരിക്കേണ്ടതുമാണ്. ഇസ്തിഹാദതാണെന്ന് തിരിച്ചറിയുന്നതിനു മുമ്പ് ഹൈളാണെന്ന് കരുതി നിസ്കാരം ഉപേക്ഷിച്ചിട്ടുണ്ടെങ്കില്‍ ഇസ്തിഹാദത് സമയത്തെത് ഖളാഅ് വീട്ടേണ്ടതാണ്. ഇങ്ങനെ ഇടവിട്ട് ആര്‍ത്തവ രക്തസ്രാവമുണ്ടാകുമ്പോള്‍ അതിനിടയിലെ സ്രാവമില്ലാത്ത സമയങ്ങളും ആര്‍ത്തവമായി കണക്കാക്കണമെന്നു തന്നെയാണ് ശാഫി മദ്ഹബിലെ പ്രബലമായ പണ്ഡിതാഭിപ്രായം. (ഇതിനു ഹുക്മുസ്സഹ്ബ് എന്നാണ് സാങ്കേതികമായി ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ ഉപയോഗിക്കുന്ന പദം). ജീവിതത്തിലും കര്‍മ്മങ്ങളിലും ശുദ്ധി പാലിക്കാന്‍ നാഥന് തുണക്കട്ടെ.