ആണിനും പെണ്ണിനും സ്വത്തിൽ തുല്യ അവകാശമുണ്ടോ . എല്ലവർക്കും തുല്യതയിൽ ഭാഗിക്കാൻ ഇനി ഒരു പിതാവിന്‍റെ വസ്വിയ്യത് ഉണ്ടെങ്കിൽ ആ വസ്വിയ്യത് നിറവേറ്റുന്നതിൽ ഇസ്ലാമിക ശരീഅതില്‍ തെറ്റുണ്ടോ? വസ്വിയ്യത് നിറവേറ്റല്‍ നിര്‍ബന്ധമാണോ?
ചോദ്യകർത്താവ്
Khaleel
Aug 16, 2017
CODE :Oth8790
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ആണിനും പെണ്ണിനും അനന്തരസ്വത്തില്‍ തുല്യ അവകാശമല്ല ഇസ്‍ലാം നിശ്ചയിച്ചിട്ടുള്ളത്. പുരുഷന്മാര്‍ക്ക് ലഭിക്കുന്നതിന്‍റെ പകുതി മാത്രമേ സ്ത്രീകള്‍ക്ക് അവകാശമായി ലഭിക്കൂ. പുരുഷന് ഇസ്‍ലാം നല്‍കിയ ഭാരിച്ച ഉത്തരവാദിത്വത്തിനു പകരമായാണ് അങ്ങനെ നിശ്ചയിക്കപ്പെട്ടത്. സ്ത്രീകളുടെ സംരംക്ഷണം തന്നെ ഇസ്‍ലാം ഏല്‍പിച്ചത് പുരുഷന്മാരെയാണെന്ന് പ്രത്യേകം ഓര്‍ക്കണം. ഇസ്‍ലാമിനു മുമ്പ് സ്ത്രീകള്‍ക്ക് സ്വത്തില്‍ അവകാശം തന്നെയുണ്ടായിരുന്നില്ല.
അനന്തരവകാശികള്‍ക്ക് വസ്വിയ്യത് ചെയ്താല്‍ വസിയ്യത് ചെയ്ത ആള്‍ മരിച്ചതിന് ശേഷം അവരുടെ എല്ലാവരുടേയും സമ്മതമുണ്ടെങ്കില്‍ മാത്രമേ ആ വസ്വിയ്യത് ശരിയാവൂ. ഏതെങ്കിലും ഒരു അവകാശി പിതാവ് വസ്വിയ്യത് ചെയ്ത പോലെ സമമായി വീതം വെക്കുന്നതിനു തടസ്സം പറഞ്ഞാല്‍ അവന്‍റെ അവകാശത്തില്‍ ആ വസ്വിയ്യത് ശരിയാവുകയില്ല. സമ്മതിക്കാത്ത അവകാശിക്ക് അവന്‍റെ അവകാശം പൂര്‍ണമായി നല്‍കേണ്ടതാണ്. എല്ലാ അനന്തരാവകാശികള്‍ക്കും സമ്മതമാണെങ്കില്‍ പിതാവ് വസ്വിയ്യത് ചെയ്ത പോലെ വീതം വെക്കുന്നതിനു വിരോധവമില്ല. അനന്തരവകാശികളല്ലാത്തവര്‍ക്ക് വസ്വിയ്യത് ചെയ്താല്‍ ആകെ സ്വത്തിന്‍റെ മൂന്നിലൊന്നോ അതിനു താഴെയോ ആണെങ്കില്‍ വസ്വിയ്യത് ചെയ്യപ്പെട്ട ആള്‍ സ്വീകരിക്കുന്നതോടെ അവന്‍റേതായിത്തീരുന്നു. അത് നടപ്പാക്കല്‍ നിര്‍ബന്ധവുമാണ്. മൂന്നിലൊന്നില്‍ കൂടുതലാണെങ്കില്‍ ആ കൂടിയ വിഹിതത്തിലുള്ള വസ്വിയ്യത് ശരിയാവണമെങ്കില്‍ അനന്തരവകാശികളുടെ സമ്മതം ആവശ്യമാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.