മൂന്നു ത്വലാഖ് ഒന്നിച്ചു ചൊല്ലുന്നതിനെ കുറിച്ചു ഇസ്‌ലാമിക പ്രമാണം വഴി വിശദീകരിക്കാമോ ?

ചോദ്യകർത്താവ്

SUHAIB

Aug 26, 2017

CODE :Fiq8802

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ


ഒരേ സമയം മൂന്ന് ത്വലാഖ് ചൊല്ലിയാല്‍ നാല് മദ്ഹബ് പ്രകാരവും മൂന്നു ത്വലാഖും സംഭവിക്കും.  നാല് മദ്ഹബിലും ഉള്‍പെടാത്ത ചില പണ്ഡിതന്മാര്‍ക്ക് ഒന്ന് മാത്രമേ സംഭവിക്കുകയുള്ളൂവെന്ന അഭിപ്രായമുണ്ട്. ഇബ്നു തൈമിയയും ഇങ്ങനെ ഒരഭിപ്രായം പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ത്വലാഖ് ചെല്ലുന്നത് ഇസ്‌ലാം ഏറെ നിരുത്സാഹപ്പെടുത്തുകയും അതിനെതിരെ ശക്തമായി താക്കീത്‌ നല്‍കുകയും ചെയ്തിട്ടുണ്ട്.

ഒറ്റത്തവണയായി ഈ മൂന്നവസരവും ഉപയോഗിക്കരുതെന്ന് തന്നെയാണ് ഇസ്‍ലാമിന്‍റെ താല്‍പര്യം. നബി തങ്ങള്‍ ശക്തമായ ഭാഷയില്‍ തന്നെ വിമര്‍ശിച്ചിട്ടുണ്ട്. നസാഈ ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ കാണാം: مَحْمُودَ بْنَ لَبِيدٍ قَالَ: أُخْبِرَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنْ رَجُلٍ، طَلَّقَ امْرَأَتَهُ ثَلَاثَ تَطْلِيقَاتٍ جَمِيعًا، فَقَامَ غَضْبَانًا، ثُمَّ قَالَ: «أَيُلْعَبُ بِكِتَابِ اللهِ، وَأَنَا بَيْنَ أَظْهُرِكُمْ» حَتَّى قَامَ رَجُلٌ فَقَالَ: يَا رَسُولَ اللهِ أَلَا أَقْتُلُهُ؟ മൂന്നു ത്വലാഖും ചൊല്ലിയ ഒരാളെ കുറിച്ച് വിവരമറിഞ്ഞപ്പോള്‍ ദേശ്യപ്പെട്ട് കൊണ്ട് നബി തങ്ങള്‍ പറഞ്ഞു, ഞാന്‍ നിങ്ങള്‍ക്കിടയിലുണ്ടായിരിക്കെ നിങ്ങള്‍ അല്ലാഹുവിന്റെ കിതാബ് കൊണ്ട് കളിക്കുകയാണോ? ഘട്ടംഘട്ടമായി അല്ലാഹു ഉപയോഗിക്കാന്‍ പറഞ്ഞ മൂന്ന് ത്വലാഖ് ഒറ്റത്തവണയായി ഉപയോഗിച്ചവന്‍ അല്ലാഹുവിന്റെയും റസൂലിന്റെയും കോപത്തിനര്‍ഹനായിത്തീരും. മൂന്ന് ത്വലാഖ് ഒരു സമയത്ത് ചൊല്ലിയാല്‍ ശരിയാകില്ലെന്ന് നബി തങ്ങളുടെ ഈ വാക്കിനര്‍ത്ഥമില്ല. വീണ്ടുവിചാരത്തിനായി  അള്ളാഹു നല്‍കിയ അവസരം ഉപയോഗിക്കാത്തതാണ് നബിയെ ചൊടിപ്പിച്ചത്. 

ഒരവസരത്തില്‍ മൂന്ന് ത്വലാഖും ചൊല്ലിയാല്‍ മൂന്നും സംഭവിക്കുമെന്നതിന് പല ഹദീസുകളും തെളിവാണ്. 

عُويمر العجلاني أنه طلَّق ثلاث تطليقات عند رسول الله صلى الله عليه وسلم فأنفذه رسول الله صلى الله عليه وسلم ഉവൈമിറുല്‍ ഇജ്‍ലാനി എന്നവര്‍ നബിയുടെ അടുത്ത് വെച്ച് മൂന്നു ത്വലാഖും ചൊല്ലി നബി തങ്ങള്‍ അത് നടപ്പില്‍ വരുത്തുകയും ചെയ്തു. 

عن عائشة رضي الله عنها أنَّ رجلاً طلَّق امرأته ثلاثًا، فتزوجت، فطلق، فسئل النبي صلى الله عليه وسلم أتحلُّ للأول؟ قال:لا حتَّى يذوق عسيلتها، كما ذاقَ الأول ആഇശ (റ) പറയുന്നു ഒരാള്‍ തന്‍റെ ഭാര്യയെ മൂന്ന് ത്വലാഖും ചൊല്ലി. അവളെ മറ്റൊരാള്‍ വിവാഹം ചെയ്ത ഉടനെ ത്വലാഖ് ചൊല്ലുകയും ചെയ്തു. ഈ സ്ത്രീ ഒന്നാമത്തെ ഭര്‍ത്താവിന് ഹലാലാകുമോ എന്ന് നബി സ്വ തങ്ങളോട് ചോദിച്ചു. നബി പറഞ്ഞു സംയോഗം ചയ്യപ്പെട്ടാല്‍ മാത്രമേ ആദ്യത്തെ ആള്‍ക്ക് വിവാഹം കഴിക്കാവൂ.


جاء فى سنن أبى داود عن محمد بن إياس :أن ابن عباس، وأبا هريرة، وعبد الله بن عمرو بن العاص، سئلوا عن البكر يطلقها زوجها ثلاثا، فكلهم قال: لا تحل له حتى تنكح زوجا غيره സുനനു അബീ ദാവൂദില്‍ ഇങ്ങനെ കാണാം. ഇബ്നു അബ്ബാസ് അബു ഹുറൈറ അബ്ദുള്ളാഹി ബ്നു അമ്റി ബ്നി ആസ്വ് (റ) എന്നിവരോട് മൂന്ന് ത്വലാഖും ചൊല്ലപ്പെട്ട കന്യകയായ സ്ത്രീയെ കുറിച്ച് ഫത്‍വ ചോദിക്കപ്പെട്ടു. അവരെല്ലാവരും പറഞ്ഞു. മറ്റൊരാള്‍ നികാഹ് ചെയ്യുന്നത് വരെ ആദ്യ ഭര്‍ത്താവിന് അവള്‍ ഹലാലല്ല.

قال الشافعي رحمه الله : أخبرنا عمي محمد بن علي بن شافع ، عن عبد الله بن علي بن السائب ، عن نافع بن عجير بن عبد يزيد : أن ركانة بن عبد يزيد طلق امرأته سهيمة المزنية البتة ، ثم أتى النبي صلى الله عليه وسلم فقال : إني طلقت امرأتي سهيمة البتة ، والله ما أردت إلا واحدة . فقال النبي صلى الله عليه وسلم لركانة :  والله ما أردت إلا واحدة ؟  فردها إليه النبي صلى الله عليه وسلم ، فطلقها الثانية في زمان عمر ، والثالثة في زمان عثمان رضي الله عنهما . ഇമാം ശാഫിഈ (റ) ഉദ്ധരിക്കുന്ന ഹദീസില്‍ ഇങ്ങനെ കാണാം. റുകാന (റ) തന്‍റെ ഭാര്യ സുഹൈമതുല്‍ മുസനിയ്യയെ البتة ത്വലാഖ് ചൊല്ലി. അദ്ദേഹം നബിയോട് പറഞ്ഞു ഞാന്‍ ഒരു ത്വലാഖ് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ. നബി തിരിച്ച് ചോദിച്ചു നീ ഒന്ന് മാത്രമേ കരുതിയിട്ടുള്ളൂവെന്ന് അള്ളാഹുവിനെ കൊണ്ട് സത്യം ചെയ്യുന്നുവോ? അതെ എന്ന് റുകാന മറുപടി നല്‍കിയപ്പോള്‍ അവളെ തിരിച്ചെടുക്കാനുള്ള അവകാശം നബി (സ്വ) റുകാനക്ക് നല്‍കി. പിന്നീട് ഉമര്‍ റ ന്‍റെ കാലത്ത് രണ്ടാമത്തെ ത്വലാഖും ഉസ്മാന്‍ റ ന്‍റെ കാലത്ത് മൂന്നാമത്തെ ത്വലാഖും അദ്ദേഹം ചൊല്ലുകയുണ്ടായി. 

അദ്ദേഹം ഒരു ത്വലാഖ് മാത്രമാണ് ഉദ്ദേശിച്ചതെന്നത് കൊണ്ട് നബി അദ്ദേഹത്തിന് റജ്അതിന്‍റെ അവകാശം നല്‍കി. മൂന്നും ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നബി അത് നടപ്പാക്കുമായിരുന്നു.

أن امرأة رفاعة جاءت إلى رسول الله صلى الله عليه وسلم فقالت : يا رسول الله ، إن رفاعة طلقني فبت طلاقي രിഫാഅയുടെ ഭാര്യ നബി തങ്ങളോട് വന്ന് പറഞ്ഞു നബിയെ എന്‍റെ ഭര്‍ത്താവ് എന്നെ ത്വലാഖ് ചൊല്ലി അദ്ദേഹം البتة എന്ന് പറയുകയും ചെയ്തു. ശേഷം അബ്ദുര്‍റഹ്മാനുബ്നു സുബൈര്‍ (റ) നെ വിവാഹം ചെയ്തു. അദ്ദേഹത്തില്‍ നിന്ന് ത്വലാഖ് വാങ്ങി ആദ്യത്തെ ഭര്‍ത്താവിലേക്ക് മടങ്ങാനായി നബിയുടെ അടുത്ത് വന്നപ്പോള്‍ നബി പറഞ്ഞു മറ്റൊരാളുമായി സംയോഗം ചെയ്യുന്നത് വരെ നിനക്ക് രിഫാഅയെ വിവാഹം കഴിക്കല്‍ അനുവദനീയമല്ല.

 فاطمة بنت قيس  (റ) യുടെ ഹദീസില്‍ പറയുന്നു എന്‍റെ ഭര്‍ത്താവ് മൂന്ന് ത്വലാഖും ചൊല്ലിയതായി എനിക്ക് സന്ദേശമയച്ചു.

جَاءَ رَجُلٌ إِلَى ابْنِ مَسْعُودٍ، فَقَالَ: إِنِّي طَلَّقْتُ امْرَأَتِي تِسْعَةً وَتِسْعِينَ، وَإِنِّي سَأَلْتُ فَقِيلَ لِي: قَدْ بَانَتْ مِنِّي، فَقَالَ ابْنُ مَسْعُودٍ: «لَقَدْ أَحَبُّوا أَنْ يُفَرِّقُوا بَيْنَكَ وَبَيْنَهَا» قَالَ: فَمَا تَقُولُ رَحِمَكَ اللَّهُ، فَظَنَّ أَنَّهُ سَيُرَخِّصُ لَهُ، فَقَالَ: «ثَلَاثٌ تُبِينُهَا مِنْكَ، وَسَائِرُهَا عُدْوَانٌ» ഇബ്നു മസ്ഊദ് (റ) വിന്‍റെ അടുത്ത് വന്ന് ഒരാള്‍ പറഞ്ഞു ഞാന്‍ എന്‍റെ ഭാര്യയെ 99 ത്വലാഖ് ചൊല്ലി. എന്‍റെ ഭാര്യ പൂര്‍ണ്ണമായും എന്നില്‍ നിന്ന് വേര്‍പിരിഞ്ഞുവെന്ന് അവരെന്നോട് പറയുന്നു. നിങ്ങളെന്ത് പറയുന്നു. ഇബ്നു മസ്ഊദ് (റ) പറഞ്ഞു മൂന്നെണ്ണം തന്നെ നിന്നില്‍ നിന്ന് അവളെ പിരിക്കും. മറ്റുള്ളവ അക്രമമാണ്. 

ഇത് പോലെ ഉസ്മാന്‍ റ വിനോട് ഞാന്‍ നൂറ് ത്വലാഖ് ചൊല്ലിയെന്നും ഇബ്നു അബ്ബാസ് (റ) വിനോട് ഞാന്‍ ആയിരം ത്വലാഖ് ചൊല്ലിയെന്നും പറയപ്പെട്ടു. മൂന്നെണ്ണം കൊണ്ട് തന്നെ നിന്‍റെ ഭാര്യ നിനക്ക് ഹറാമാവുമെന്നായിരുന്നു ഇരുവരുടേയും പ്രതികരണം. 

മേല്‍ പറയപ്പെട്ടവയെല്ലാം ഒരവസരത്തില്‍ മൂന്നും ചൊല്ലിയാല്‍ മൂന്ന് ത്വലാഖും സംഭവിക്കുമെന്നതിനു തെളിവുകളാണ്. സമാനമായ മറ്റു ഹദീസുകളും കാണാവുന്നതാണ്. 

كان الطلاق على عهد رسول الله صلى الله عليه وسلم، وأبي بكر، وسنتين من خلافة عمر، طلاق الثلاث واحدة، فقال عمر بن الخطاب: إن الناس قد استعجلوا في أمر قد كانت لهم فيه أناة، فلو أمضيناه عليهم، فأمضاه عليهم.

നബി (സ്വ) യുടേയും അബൂ ബക്റ് (റ) ന്‍റെയും ഉമര്‍ (റ) ന്‍റെ ആദ്യ കാലത്തും മൂന്ന് ത്വലാഖ് ഒന്നായായിരുന്നു ഗണിച്ചിരുന്നത്. പിന്നീട് ഉമര്‍ (റ) വാണ് മൂന്ന് ത്വലാഖ് മൂന്നെണ്ണമായി നടപ്പാക്കിയത്. ഈ ഹദീസാണ് മൂന്ന് ത്വലാഖ് ഒന്നായി മാത്രമേ പരിഗണിക്കപ്പെടുവെന്ന് വാദിക്കുന്നവര്‍ തെളിവ് പിടിക്കുന്നത്. ഈ തെളിവില്‍ അപകടകരമായ വാദം ഒളിഞ്ഞ് കിടക്കുന്നുണ്ട്. നബി തങ്ങള്‍ കൊണ്ട് വന്നതല്ലാത്ത ശരീഅത് ഉമര്‍ (റ) വിധിച്ചുവെന്ന് ഈ ഹദീസ് തെളിവുദ്ധരിക്കുന്നവര്‍ പറയേണ്ടി വരും. എന്‍റെയും എന്‍റെ ഖുലഫാഇന്‍റെയും സുന്നത് കൈകൊള്ളണമെന്ന് നബി (സ്വ) പറഞ്ഞത് ഉമര്‍ (റ) വിനെ കൂടി ഉദ്ദേശിച്ചാണല്ലോ. മാത്രമല്ല ഉമര്‍ (റ) വിനെ പോലെയുള്ള ഒരു സ്വഹാബി തന്നെ ശരീഅതില്‍ കൈകടത്തിയെന്ന് നാം വിശ്വസിക്കുന്നവെങ്കില്‍ പിന്നെ ഏത് സ്വഹാബിയെയാണ് നാം വിശ്വസിക്കേണ്ടത്. നബിയുടെ ഉമ്മത്തില്‍ രണ്ടാം സ്ഥാനക്കാരനാണ് ഉമര്‍ (റ) വെന്ന് ഓര്‍ക്കണം. ഇബ്നു അബ്ബാസ് (റ) വിന്‍റെ ഈ ഹദീസ് പ്രസ്തുത കാര്യങ്ങളെല്ലാം പരിഗണിച്ച് പണ്ഡിതര്‍ വ്യഖ്യാനിച്ചതായി കാണാം. നബിയുടെ കാലത്ത് أنت طالق أنت طالق എന്നിങ്ങനെയാണ് ത്വലാഖ് ചൊല്ലിയിരുന്നത്. ആദ്യത്തെ പദം ത്വലാഖിന്‍റെ പദവും രണ്ടാമത്തെത് അത് ഉറപ്പിക്കാനായി പറയുന്ന تاكيد ന്‍റെ പദവുമായാണ് ആദ്യ കാലത്ത് പരിഗണിക്കപ്പെട്ടിരുന്നത്. പിന്നീട് ജനങ്ങള്‍ കളവ് പറയാനും മറ്റും തുടങ്ങിയപ്പോള്‍ പറഞ്ഞതു പോലെ ത്വലാഖ് നടപ്പാക്കാന്‍ ഉമര്‍ (റ) വിധിച്ചു. അഥവാ രണ്ട് പ്രവശ്യം പറഞ്ഞാല്‍ രണ്ടായും മൂന്ന് പറഞ്ഞാല്‍ മൂന്നായും മസ്‍ലഹത് പരിഗണിച്ചു വിധിച്ചുവെന്നാണ് അതിന്‍റെ വ്യഖ്യാനം, ഇത് ഏറ്റവും യോജിച്ച വ്യഖ്യാനമാണെന്ന് ഇമാം നവവി (റ) പറയുകയും ചെയ്തു. 

നബിയുടെ കാലത്ത് ഓരോന്നോരോന്നായായിരുന്നു ജനങ്ങള്‍ മൂന്ന് ത്വലാഖ് ചൊല്ലിയിരുന്നത്. ഉമര്‍ (റ) ന്‍റെ കാലത്ത് ജനങ്ങളുടെ അറിവില്ലായ്മയുംഎടുത്തുചാട്ടവും കാരണം ജനങ്ങള്‍ ഒന്നിച്ച് ചൊല്ലാന്‍ ആരംഭിച്ചു. അപ്പോള്‍ ഉമര്‍ (റ) അത് മൂന്നെണ്ണമായി നടപ്പാക്കുകയും ചെയ്തുവെന്നാണ് മറ്റൊരു പണ്ഡിതന്‍ ആ ഹദീസിനെ വ്യാഖ്യാനിച്ചത്.

കൂടുതലറിയാന്‍ ഈ ലേഖനം വായിക്കുക.


വിവാഹമോചനം ഇസ്‍ലാം അനുവദിച്ചിട്ടുണ്ടെങ്കിലും ഏറെ നിരുത്സാഹപ്പെടുത്തിയിട്ടുമുണ്ട്.  അല്ലാഹു പറയുന്നു: وَعَاشِرُوهُنَّ بِالْمَعْرُوفِ فَإِنْ كَرِهْتُمُوهُنَّ فَعَسَى أَنْ تَكْرَهُوا شَيْئًا وَيَجْعَلَ اللَّهُ فِيهِ خَيْرًا كَثِيرًا

അവരോട് (സ്ത്രീകളോട്) നല്ല നിലക്ക് വര്‍ത്തിക്കുക. ഇനി അവരോട് വെറുപ്പ് തോന്നിയാല്‍ (ക്ഷമിക്കുക. എന്തുകൊണ്ടെന്നാല്‍) നിങ്ങള്‍ ഒരു സാധനത്തെ വെറുക്കുകയും അല്ലാഹു അതില്‍ നിങ്ങള്‍ക്ക് ധാരാളം നന്മ ഉള്‍ക്കൊള്ളിക്കുകയും ചെയ്‌തെന്നു വന്നേക്കാം.

സൌന്ദര്യം കുറഞ്ഞത് കൊണ്ടോ മറ്റേതെങ്കിലും നിലക്കോ അവളില്‍ നിങ്ങള്‍ക്ക് വെറുപ്പുളവായാല്‍ ഉടനടി വിവാഹമോചനം നടത്താതെ ക്ഷമ കൈകൊള്ളണമെന്നാണ് അല്ലാഹുവിന്റെ നിര്‍ദേശം.

എന്തെങ്കിലും വെറുപ്പുളവാകുന്ന മുറക്ക് വിവാഹ മോചനം ചെയ്യലല്ല ഇസ്‍ലാമിന്റെ രീതി.  മറിച്ച് പടിപടിയായി മാത്രമേ വിവാഹ മോചനത്തിലേക്കെത്താവൂ. 

സ്ത്രീകളുടെ കാര്യങ്ങളൊക്കെ നോക്കി നടത്തണമെന്ന് പുരുഷന്മാരോട് കല്‍പിച്ച ശേഷം അല്ലാഹു പറയുന്നു: وَاللَّاتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَاهْجُرُوهُنَّ فِي الْمَضَاجِعِ وَاضْرِبُوهُنَّ فَإِنْ أَطَعْنَكُمْ فَلَا تَبْغُوا عَلَيْهِنَّ سَبِيلًا إِنَّ اللَّهَ كَانَ عَلِيًّا كَبِيرًا

ഏതെങ്കിലും സ്ത്രീകള്‍ അനുസരണക്കേട് കാണിക്കുമെന്ന് ഭയപ്പെടുന്നുവെങ്കില്‍ അവരെ നിങ്ങള്‍ ഉപദേശിക്കുക; (അത് ഫലിക്കാതെ വന്നാല്‍) ശയനസ്ഥാനങ്ങളില്‍ അവരെ വെടിയുക; (അതും ഫലപ്രദമായില്ലെങ്കില്‍) അവരെ അടിക്കുക. അങ്ങനെ നിങ്ങള്‍ക്ക് കീഴടങ്ങിയാല്‍ അവരെ സംബന്ധിച്ച് മറ്റൊരു മാര്‍ഗവും അന്വേഷിക്കരുത്. നിശ്ചയമായും അല്ലാഹു ഉന്നതനും വലിയവനുമാകുന്നു.

ഭര്‍ത്താവിനെ അനുസരിക്കല്‍ സ്ത്രീയുടെ ബാധ്യതയാണ്. കാരണം അവളെ നിയന്ത്രിക്കാനുള്ള അധികാരം അല്ലാഹു നല്‍കിയത് പുരുഷന്‍മാര്‍ക്കാണ്. നിരുപാധികമല്ല അതിനുള്ള കാരണവും അല്ലാഹു പറയുന്നു: പ്രകൃതിപരമായി തന്നെ പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ ഉല്‍കൃഷ്ടരാണ്. ശരീരശേഷിയും മനക്കരുത്തും സ്ത്രീ വര്‍ഗത്തേക്കാള്‍ പുരുഷവര്‍ഗത്തിനുണ്ടെന്നത് നിഷേധിക്കാനാവാത്തതാണല്ലോ. മാത്രമല്ല സ്ത്രീകളുടെ മുഴുവന്‍ ഉത്തരവാദിത്വവും നിറവേറ്റേണ്ട ചുമതല പുരുഷനുണ്ട്. ഇങ്ങനെയൊക്കെ ചെയ്ത് കൊടുത്തിട്ടും സ്ത്രീ അനുസരണക്കേട് കാണിച്ചാല്‍ അവളെ നല്ല നിലയില്‍ ഉപദേശിക്കണം. എന്നിട്ടും അവള്‍ അനുസരണക്കേട് കാണിച്ചാല്‍ കിടപ്പറയില്‍ അവളെ ഒഴിവാകുകയും അവളോട് സംസാരിക്കാതിരിക്കുകയും ചെയ്യണം. മൂന്ന ദിവസത്തിലേറെ ഈ നില തുടരരുതെന്ന് ഇമാം ശാഫിഈ പറഞ്ഞിട്ടുണ്ട്.

വീണ്ടും അവര്‍ അനുസരണക്കേട് കാണിച്ചാല്‍ അവരെ അടിക്കല്‍ അനുവദനീയമാണ്. അടി ഒഴിവാക്കലാണ് ഏറ്റവും ശ്രേഷ്ടമെന്ന് ഹദീസിന്റെ വെളിച്ചത്തില്‍ ശാഫിഈ ഇമാം പറഞ്ഞതായി കാണാം. ഇനി സഹികെട്ട് അടിക്കുന്നുവെങ്കില്‍ തന്നെ ശരീരത്തില്‍ അടയാളം പോലും വരാത്ത രീതിയിലായിരിക്കണം അടിക്കേണ്ടത്. ഇങ്ങനെയെല്ലാം ചെയ്തിട്ടും സ്ത്രീ വഴിപ്പെടുന്നില്ലെങ്കിലും ഇസ്‍ലാം വിവാഹമോചനത്തിന് നിര്‍ദേശം നല്‍കിയിട്ടില്ല. മറിച്ച് ഭാര്യയുടെയും ഭര്‍ത്താവിന്റെയും കുടുംബത്തില്‍ നിന്ന് ഓരോ മധ്യസ്ഥര്‍ പ്രശ്ന പരിഹാരത്തിന് ശ്രമിക്കണം. ഇതിന് സ്ത്രീ വഴങ്ങിയില്ലെങ്കിലും വിവാഹ മോചനത്തേക്കാള്‍ നല്ലത് ക്ഷമ തന്നെ. തന്‍റെ ഭാര്യയുമായി ഒരു നിലക്കും ഒരുമിച്ച് പോകാന്‍ സാധ്യമല്ലെന്ന് മനസ്സിലാക്കിയ സൈദുബ്നു ഹാരിസ (റ) നബിയോട് പരാതി പറഞ്ഞപ്പോള്‍ امسك عليك زوجك واتق الله ഭാര്യയെ ത്വലാഖ് ചൊല്ലരുത് അള്ളാഹുവിനെ സൂക്ഷിക്കുക എന്നാണ് നബി (സ്വ) മറുപടി പറഞ്ഞത്. ക്ഷമിച്ച് സഹിച്ച് ജീവിക്കണമെന്ന് ഒരു മനുഷ്യനെ നിര്‍ബന്ധിക്കുന്നത് നീതിയല്ലാത്തത് കൊണ്ട് മാത്രം ഈ ഘട്ടത്തില്‍ അല്ലാഹു വിവാഹ മോചനത്തിന് അവസരം നല്കി. അല്ലാഹു ഏറ്റവും വെറുക്കുന്ന ഹലാല്‍ എന്നാണല്ലോ നബി തങ്ങള്‍ ത്വലാഖിനെ വിശേഷിപ്പിച്ചത്.

ഇങ്ങനെ ത്വലാഖിന് അനുവാദം നല്‍കിയപ്പോഴും യോജിപ്പിക്കാനുള്ള മാര്‍ഗം തന്നെയാണ് അല്ലാഹു രൂപപ്പെടുത്തിയത്. മൂന്നവസരം അല്ലാഹു നല്‍കി. അതില്‍ ഒരവസരം നഷ്ടപ്പെടുത്തിയാല്‍ അവന് മടക്കിയെടുക്കാനുള്ള അവകാശം അല്ലാഹു വക വെച്ച് നല്‍കി. ഏകദേശം മൂന്ന് മാസത്തെ ഈ ഇദ്ദകാലം ഭാര്യക്ക് ഗര്‍ഭമുണ്ടോ എന്നറയാന്‍ വേണ്ടി മാത്രമല്ല വീണ്ടുവിചാരത്തിനുള്ള അവസരം കൂടിയാണ്. പരസ്പരം ഉള്ളില്‍ സ്നേഹമുള്ള ഭാര്യഭര്‍ത്താക്കളെങ്കില്‍ പിരിഞ്ഞ് ജീവിക്കാന്‍ സാധ്യമല്ലെന്ന് അവര്‍ മനസ്സിലാക്കുകയും പിന്നീട് സ്നേഹത്തോടും സഹകരണമനോഭാവത്തോടെയും ജീവിക്കാന്‍ അത് ഹേതുവായിത്തീരുകയും ചെയ്യും. അതിനു ശേഷം രണ്ടാമതും അല്ലാഹു അനുവാദം നല്‍കി. രണ്ടാമത്തെ അവസരവും നഷ്ടപ്പെടുത്തിയാല്‍ പിന്നെ ഒരവസരമേ അല്ലാഹു അവന് നല്കിയിട്ടുള്ളൂ.

മൂന്നാമത്തെ അവസരം എടുത്തുപയോഗിക്കാതിരിക്കാന്‍ അല്‍പം കണിശമായ നിയമമാണ് ഇസ്‍ലാം വെച്ചത്. അഥവാ മൂന്ന്  ത്വലാഖും ചൊല്ലപ്പെട്ട സ്ത്രീയെ അതേ ഭര്‍താവിന് തന്നെ രണ്ടാമതും വിവാഹം ചെയ്യണമെങ്കില്‍ അവളെ മറ്റൊരാള്‍ വിവാഹം ചെയ്തു ലൈംഗികമായി ബന്ധപ്പെട്ടതിന് ശേഷം ത്വലാഖ് ചൊല്ലി ഇദ്ദ തീരേണ്ടതുണ്ട്. ഒരിക്കലും മൂന്നാമത്തെ അവസരം ഉപയോഗിക്കാതിരിക്കാനാണ് അല്ലാഹു ഇങ്ങനെ ചെയ്‍തത്. തന്റെ സ്നേഹ ഭാജനവുമായി മറ്റൊരാള്‍ ലൈംഗികമായി ബന്ധപ്പെടുന്നത് ബുദ്ധിയുള്ളവന്‍ ഇഷ്ടപ്പെടില്ലല്ലോ.

ഇനിയും അവസരം നല്‍കുന്നത് ചൂഷണത്തിന് കാരണമായേക്കാമെന്നത് കൊണ്ടാണ് മൂന്നില്‍ പരിമിതിപ്പെടുത്തിയത്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter