വിഷയം: ഭാര്യക്ക് വിവാഹ വാർഷിക സമ്മാനം നൽകൽ
വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യമാര്‍ക്ക് പ്രത്യേക വിവാഹ സമ്മാനങ്ങള്‍ നൽകുന്നത് അനുവദനീയമാണോ ? ആ ദിനത്തെ പ്രത്യേകം സ്മരിക്കുന്നതിന്റെ ഇസ്‌ലാമികത എന്താണ്?.
ചോദ്യകർത്താവ്
Mishal
Sep 23, 2019
CODE :Fiq9444
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..
ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനീ (റ) പറയുന്നു: അല്ലാഹു നമുക്ക് അനുഗ്രഹം ചെയ്ത് തന്നതോ നമ്മിൽ നിന്ന് ആപത്ത് ഒഴിവാക്കിയതോ ആയ ദിവസങ്ങൾ ഓരോ വർഷവും കടന്നു വരുമ്പോഴെല്ലാം അല്ലാഹുവിന്റെ ആ കാരുണ്യത്തന് നന്ദി പ്രകടിപ്പിക്കലും സന്തോഷിക്കലും അനുവദനീയവും നല്ല കാര്യവുമാണ്. എന്നാൽ അത്തരം ദിവസങ്ങൾ ഇസ്ലാമിക വിരുദ്ധമായ കാര്യങ്ങൾ ചെയ്യാതെ, ഇതര മതസ്ഥരുടെ ആചാരങ്ങൾ അനുവർത്തിക്കാതെ നിസ്കാരം, നോമ്പ്, ഖുർആൻ പാരായണം, ദാനധർമ്മം തുടങ്ങിയ ആരാധനാ കർമ്മങ്ങളിലാണ് മുഴുകേണ്ടത് (അൽഹാവീ ലിൽ ഫതാവാ).
നബി (സ്വ) അരുൾ ചെയ്തു: “നിങ്ങൾ പരസ്പരം ഹദ് യ കൊടുത്ത് നിങ്ങൾ തമ്മിലുള്ള സ്നേഹ ബന്ധം ഉഷ്മളമാക്കുക” (അൽ അദബുൽ മുഫ്റദ്), “നിങ്ങൾ പരസ്പരം ഗിഫ്റ്റ് കൊടുക്കുക. അത് മനസ്സിലെ പകയില്ലാതാക്കും” (തിർമ്മിദീ).
ഒരാൾ ജീവിതത്തിൽ ഏറെ ഇഷ്ടപ്പെടുകയും ജീവിതാന്ത്യം വരേ അത് നിലനിൽക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന അവന്റെ ഇഷ്ട ഭാജനമാണല്ലോ ഭാര്യ. അവരെ സ്നേഹിക്കാനും സന്തോഷിപ്പിക്കാനും ഇസ്ലാം ധാരാളമായി ആഹ്വാനം ചെയ്തിട്ടുണ്ട്. അല്ലാഹുവിന്റെ റസൂൽ (സ്വ) അരുൾ ചെയ്തു: “ഒരാൾ തന്റെ ഭാര്യയുടെ വായിൽ ഒരു പിടി ഭക്ഷം വച്ചു കൊടുക്കുന്നത് പോലും പ്രതിഫലാർഹമായ കർമ്മമാണ്” (ബുഖാരി, മുസ്ലിം). “അല്ലാഹുവിൽ നിന്ന് പ്രതിഫലം കാംക്ഷിച്ചു കൊണ്ട് തന്റെ ഭാര്യക്ക് വേണ്ടി ചെലവഴിക്കുന്നതെന്തും സ്വദഖയാണ്” (ബുഖാരി, മുസ്ലിം).
അത് കൊണ്ട് തന്നെ വിവാഹ വാർഷിക ദിനത്തിലായാലും അല്ലെങ്കിലും അല്ലാഹുവിൽ നിന്ന് പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ട് ഒരാൾ തന്റെ ഭാര്യക്ക് ഗിഫ്റ്റ് കൊടുത്താൽ, സമ്മാനങ്ങൾ നൽകിയാൽ അത് പ്രതിഫലാർമാണ്, സ്വദഖയാണ്, അവർ തമ്മിലുള്ള സ്നേഹം ബന്ധം ഊഷമളമായി നിലനിർത്താൻ സഹായിക്കുന്ന പ്രോത്സാഹിപ്പിക്കപ്പെടേണ്ട നല്ല കാര്യമാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.