ചോദ്യം: വീട് വെക്കുമ്പോള്‍ ഖിബ്‌ലക്ക് കാൽ നീട്ടി കിടക്കുന്ന രീതിയില്‍ കട്ടിലിന്‍റെ ദിശ ആക്കാമോ? ഖിബ്‌ലയിലേക്ക് കാല്‍ നീട്ടികിടക്കുന്നത് തെറ്റാണോ?
ചോദ്യകർത്താവ്
Veeran Kutty
Oct 5, 2019
CODE :Fiq9460
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
മനുഷ്യജീവിതത്തിന്‍റെ സര്‍വ്വമേഘലകളെയും സമഗ്രമായി വിശകലനം ചെയ്യുന്ന ഇസ് ലാമിക കര്‍മശാസ്ത്രം മനുഷ്യന്‍റെ ഉറക്കത്തിലും അതിന്‍റെ പ്രാരംഭസമയത്തും പാലിക്കേണ്ട മര്യാദകളെ കുറിച്ചും വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.
കിടന്നുറങ്ങുമ്പോള്‍ ഖിബ് ലയിലേക്ക് തിരിഞ്ഞ് കിടക്കലാണ് സുന്നത്ത്. ഖിബ് ലയിലേക്ക് മുന്നിട്ട് വലതുഭാഗത്തിന്മേല്‍ ചെരിഞ്ഞുകിടക്കലാണ് ഏറ്റവും ഉത്തമം. അല്ലെങ്കില്‍ ഇരുപാദങ്ങളുടെയും അടിഭാഗം ഖിബ് ലയിലേക്ക് നേരിടുന്ന രീതിയില്‍ മലര്‍ന്നു കിടക്കുകയും മുഖം ഖിബ് ലയിലേക്ക് നേരിടാൻ തലയിണയോ മറ്റോ വെച്ച് തല ഉയര്‍ത്തി വെക്കുകയുമാണ് വേണ്ടത്. നിന്നും ഇരുന്നും നിസ്കരിക്കാന്‍ കഴിയാത്തവര്‍ കിടന്ന് നിസ്കരിക്കുമ്പോഴും മരണമാസന്നമായ ആളെ കിടത്തുമ്പോഴും മരണപ്പെട്ട മയ്യിത്തിനെ കിടത്തുമ്പോഴുമെല്ലാം ഈ രണ്ടു രീതികളാണ് സ്വീകരിക്കേണ്ടത്.
ചുരുക്കത്തില്‍ കിടന്നുറങ്ങുമ്പോഴെല്ലാം ഇങ്ങനെ ഖിബ് ലയിലേക്ക് തിരിഞ്ഞുകിടക്കലാണ് സുന്നത്ത്. ഖിബ് ലയിലേക്ക് തിരിഞ്ഞുകിടക്കുന്നതിന്‍റെ പവിത്രത ധാരാളം ഹദീസുകളില്‍ കാണാം.
ആയതിനാല്‍ വീട് നിര്‍മിക്കുമ്പോള്‍ ഖിബ് ലയിലേക്ക് തിരിഞ്ഞുകിടക്കുന്ന രീതിയില്‍ റൂമുകള്‍ സജ്ജീകരിക്കലോ പൊതുവെ കിടക്കുമ്പോള്‍ ഖിബ് ലയില്ക്ക് തിരിഞ്ഞുകിടക്കലോ തെറ്റല്ലെന്ന് മാത്രമല്ല സുന്നത്ത് കൂടിയാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.