ഖു൯സകളെന്ന് ഇസ്ലാം നി൪വചിക്കുന്നത് ആരെ? ഇസ്ലാം കല്പിക്കുന്ന അവരുടെ ജീവിതരീതി എങ്ങനെ?
ചോദ്യകർത്താവ്
aslam
Oct 18, 2019
CODE :Fiq9470
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഖുന്‍സാ(ഭിന്നലിംഗമുള്ളവര്‍)യെ നിര്‍വചിക്കുന്നതില്‍ ഇസ്ലാമിന്‍റെ കാഴ്ചപ്പാടും ആധുനികവൈദ്യശാസ്ത്രത്തിന്‍റെ കാഴ്ചപ്പാടും ഏറെ അന്തരമുള്ളതാണ്.
കര്‍മശാസ്ത്രം ഖുന്‍സാ എന്ന് നിരുപാധികം പ്രയോഗിക്കുന്നേടത്തോക്കെ അര്‍ഥമാക്കുന്നത് ആണോ പെണ്ണോ എന്ന് തിരിച്ചറിയാനാവാത്ത (അല്‍ഖുന്‍സല്‍മുശ്കില്‍) ആളെയാണ്. പൌരുഷത്തിന്‍റെയോ സ്ത്രൈണതയുടെയോ ലക്ഷണങ്ങളാല്‍ ഏതെങ്കിലും ഒരു വിഭാഗമായി തിരിച്ചറിയപ്പെടാത്തവരാണ് ഇവര്‍. മൂത്രം, മനിയ്യ് എന്നിവ സ്ത്രീലിംഗത്തിലൂടെ പുറപ്പെടുക, ഹൈള് പുറപ്പെടുക, പ്രസവിക്കുക, തുടങ്ങിയവ സ്ത്രീ ആണെന്നതിന്‍റെ ലക്ഷണങ്ങളാണ്. സമയമായിട്ടും ഹൈള് എന്നത് തീരെ ഇല്ലാതിരിക്കുക, മറ്റൊരാളെ ഗര്‍ഭിണിയാക്കുക തുടങ്ങിയവയൊക്കെ പുരുഷനാണെന്നതിന്‍റെ അടയാളങ്ങളാണ്.
ചുരുക്കത്തില്‍ ഇത്തരത്തില്‍് തിരിച്ചറിയാനാവാത്ത വിധം ഭിന്നലിംഗക്കാരായ ആളുകള്‍ വളരെ വിരളമാണ്. നാം സാധാരണ കാണുന്ന ഭിന്നലിംഗക്കാരൊക്കെ ഒന്നുകില്‍് ആണോ അല്ലെങ്കില്‍ പെണ്ണോ ആയി കണക്കാക്കാവുന്നരാണ്.
പ്രബലമായ അഭിപ്രായപ്രകാരം ഇസ്ലാമിന്‍റെ വിധിവിലക്കുകള്‍ ബന്ധപ്പെടുന്നത് ആണ്‍ പെണ്‍ എന്നീ രണ്ടു ലിംഗങ്ങളോടാണ്. ഭിന്നലിംഗക്കാരെ ഏതെങ്കിലും ഒന്നിലേക്ക് ചേര്‍ക്കാന്‍ കഴിയുന്നുവെങ്കില്‍ അവരുടെ വിധി ചേര്‍ക്കപ്പെടുന്ന ലിംഗത്തിന്‍റേതാണ്.
ലക്ഷണങ്ങള്‍ കൊണ്ട് ഒരിക്കലും തിരിച്ചറിയാന്‍ കഴിയാത്ത(അല്‍ഖുല്‍സല്‍മുശ്കില്‍)വരെ മൂന്നാം ലിംഗമായി പരിഗണക്കപ്പെടുമോ ഇല്ലയോ എന്നതില്‍ പണ്ഡിതര്‍ രണ്ടഭിപ്രായക്കാരാണ്. പ്രബലാഭിപ്രായം അവരെ മൂന്നാംലിഗമായി പരിഗണിക്കുന്നില്ല എന്നതാണ്. എന്തായാലും ഇരുലിംഗത്തിലേക്കും ചേര്‍ക്കപ്പെടാന്‍ കഴിയാത്തവരുടെ മതവിധികളും വളരെ സവിസ്തരം കര്‍മശാസ്ത്രപണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഈളാഹുല്‍മുഷ്കില്‍ ലിബയാനി അഹ്കാമി ഖുന്‍സല്‍മുഷ്കില്‍ എന്ന പേരില്‍ ഈ വിഷയത്തില്‍ മാത്രം ഇമാം ഇസ്നവി(റ) ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്.
ഇത്തരം ആളുകളുടെ വിഷയത്തില്‍ മൊത്തത്തില്‍ ഒരു പൊതുനിയമം പറയാനാകില്ല. ആയതിനാല്‍ ഓരോ വിഷയാനുബന്ധിയായും പണ്ഡിതന്മാര്‍ അവരുടെ വിധികള്‍ പറഞ്ഞത് അവലംബിച്ചാണ് അവരുടെ ജീവിതരീതി ക്രമീകരിക്കേണ്ടത്. എങ്കിലും ഇവരെ കുറിച്ച് പണ്ഡിതന്മാര്‍ മസ്അലകള്‍ വിശദീകരിച്ചത് പരിശോധിക്കുമ്പോള്‍, ഏറ്റവും സൂക്ഷ്മത പുലര്‍ത്തുന്ന രീതിയിലുള്ള വിധി സ്വീകരിക്കുക എന്ന പൊതുതത്വം കാണുന്നുണ്ട്. അതായത് സ്ത്രീക്ക് കൂടുതല്‍ പ്രയാസമുള്ള വിധി വരുന്ന വിഷയങ്ങളില്‍ ഖുന്‍സായെ പെണ്ണായും ആണിന് കൂടുതല്‍ പ്രയാസം വരുന്ന വിധികളില്‍ ആണായും പരിഗണിക്കപ്പെടുന്നതായാണ് പൊതുവെ കാണപ്പെടുന്നത്.
ജനിതകതകരാറു മൂലമോ മറ്റോ ഇത്തരത്തില്‍ ആണോ പെണ്ണോ എന്ന് തിരിച്ചറയാനാവാത്ത രൂപത്തിലുള്ള ഖുന്‍സല്‍മുഷ്കിലുകളെ ന്യൂനരായോ മോശക്കാരായോ കാണുന്ന രീതിയല്ല ഇസ്ലാമിനുള്ളത് എന്ന് അവരുടെ വിഷയത്തില്‍ കര്‍മശാസ്ത്രം സ്വീകരിച്ച സമഗ്രവും സംപൂര്‍ണവുമായ വിധിനിര്‍ണയരീതിയില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.