വിഷയം: മറ്റു മത ചിഹ്നങ്ങൾ വസ്ത്രത്തിലോ മറ്റോ ഉപയോഗിക്കൽ
മറ്റു മത ചിഹ്നങ്ങൾ (ഉദാ :ഓം ) നമ്മുടെ വസ്ത്രത്തിലോ മറ്റോ ഉപയോഗിക്കുന്നതിന്റെ വിധി എന്ത്
ചോദ്യകർത്താവ്
Raheema. A. A
Oct 22, 2019
CODE :See9477
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..
മറ്റു മത ചിഹ്നങ്ങൾ വസ്ത്രത്തിലോ മറ്റോ ഉപയോഗിക്കൽ നിഷിദ്ധമാണ്. കാരണം ആഇശാ ബീവി (റ) പറയുന്നു: 'നബി (സ്വ) മറ്റു മതസ്ഥരുടെ ചിഹ്നങ്ങൾ തങ്ങളുടെ വീട്ടിൽ കണ്ടാൽ ഉടൻ നീക്കുമായിരുന്നു' (സ്വഹീഹുൽ ബുഖാരി). അദിയ്യു ബിൻ ഹാതിം (റ) പറയുന്നു: 'ഞാൻ നബി (സ്വ) യുടെ അടുത്തേക്ക് ചെന്നപ്പോൾ എന്റെ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണ കുരിശ് നീക്കം ചെയ്യാൻ നബി (സ്വ) എന്നോട് പറഞ്ഞു' (തിർമ്മിദീ). അബ്ദുർറഹ്മാനു ബിൻ ഉദൈനഃ എന്നവരുടെ ഉമ്മ പറയുന്നു: ഞങ്ങൾ കഅ്ബ ത്വവാഫ് ചെയ്യുമ്പോൾ ഒരു സ്ത്രീയുടെ തട്ടത്തിൽ ഒരു കുരിശ് അലേഖനം ചെയ്യപ്പെട്ടത് ഉമ്മുൽ മുഅ്മിനീൻ ആഇശാ (റ) കണ്ടു. ഉടനെ അവർ പറഞ്ഞു: 'ഇത് ഒഴിവാക്കുക, കാരണം നബി (സ്വ) ഇത്തരം വല്ലതും കണ്ടാൽ ഉടൻ നീക്കം ചെയ്യുമായിരുന്നു' (മുസ്നദ് അഹ്മദ്). പേർഷ്യൻ നാടുകളിൽ ജീവിക്കുന്ന മുസ്ലിംകളോട് രണ്ടാം ഖലീഫ ഉമർ (റ) കത്തെഴുതി അറിയിച്ചു: 'നിങ്ങൾ അമുസ്ലിംകളുടെ മത ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് സൂക്ഷിക്കണം' (സ്വഹീഹുൽ ബുഖാരി). 'അമുസ്ലിംകൾ മത ചിഹ്നമായി ഉപയോഗിക്കുന്ന വസ്ത്രം ധിരച്ചത് കണ്ടപ്പോൾ അത്തരം വസ്ത്രങ്ങൾ ധരിക്കരുതെന്നും കരിച്ചു കളയണമെന്നും അബ്ദുല്ലാഹി ബിനു അംറിബിനിൽ ആസ്വ് (റ) നോട് നബി (സ്വ) കൽപ്പിച്ചു' (സ്വഹീഹ് മുസ്ലിം).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.