വിഷയം: സദുദ്ദേശ്യങ്ങൾ നിറവേറ്റാനുള്ള നേർച്ച
അസ്സലാമു അലൈകും, സദുദ്ദേശങ്ങൾ നിറവേറുന്നതിനു ഏറ്റവും ഉചിതമായ നേർച്ചകൾ നിർദ്ദേശിക്കാമോ?
ചോദ്യകർത്താവ്
Shabeer Jalal
Nov 17, 2019
CODE :Fiq9507
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..
സദുദ്ദേശ്യങ്ങൾ നിറവേറ്റപ്പെടാൻ നിസ്കാരവും നോമ്പും ഉൾപ്പെടെ അവനവന് സാധ്യമാകുന്ന ഏത് ഇബാദത്ത് കൊണ്ടും നേർച്ചയാക്കൽ സുന്നത്താണ്. ഇത് വിശുദ്ധ ഖുർആൻ കൊണ്ടും തിരു ഹദീസ് കൊണ്ടും ഇജ്മാഅ് കൊണ്ടും ഖിയാസ് കൊണ്ടും സ്ഥിരപ്പെട്ടതാണ് എന്ന് മഹാന്മാർ വ്യക്തമാക്കിയിട്ടുണ്ട് (ഫത്ഹുൽ മുഈൻ). ആരാധാനകളിൽ ഏറ്റവും സ്രേഷ്ഠമായത് നിസ്കാരമാണല്ലോ. മാത്രവുമല്ല വിശുദ്ധ ഖുർആൻ പറയുന്നു: “നിങ്ങൾ നിസ്കാരം കൊണ്ടും ക്ഷമ കൊണ്ടും അല്ലാഹുവിനോട് സഹായം തേടുക” (സൂറത്തുൽ ബഖറഃ). അഥവാ ഉദ്ദേശ പൂർത്തീകരണത്തിനുള്ള പ്രധാനപ്പെട്ട ഒറ്റമൂലി നിസ്കാരവും ക്ഷമ കൈകൊള്ളലുമാണ്. അതിനാൽ നേർച്ചയുടെ കാര്യത്തിലും നിസ്കാരത്തിന് മുൻതൂക്കം നൽകാം.
നേർച്ചയാക്കിയാൽ അതിന്റെ പ്രതിഫലം എഴുപത് ഇരട്ടിയായി വർദ്ധിക്കും. എന്നാൽ തനിക്ക് ചെയ്യാൻ കഴിയുന്ന കാര്യമേ നേർച്ചയാക്കാവൂ. ചെയ്ത് തീർക്കാൻ കഴിയില്ലായെന്ന് തോന്നുന്നത് നേർച്ചയാക്കൽ കറാഹത്താണ് (മുഹിമ്മാത്ത്, സവാഇദുർറൌളഃ, മുഗ്നീ, ഇആനത്ത്). അതിനാൽ വളരെ ശ്രദ്ധിച്ചും ആലോചിച്ചും വേണം ഏത് ഇബാദത്തും നേർച്ചയാക്കാൻ. കാരണം നേർച്ചയാക്കുന്നതോട് കൂടി അത് നിറവേറ്റൽ നിർബ്ബന്ധ ബാധ്യതയായിത്തീരും.
അത് പോലെ സദുദ്ദേശ്യങ്ങൾ നിറവേറാനുള്ള വളരെ പ്രധാനപ്പെട്ട ഒരു മാർഗമാണ് പ്രാർത്ഥന. എപ്പോഴും നേർച്ചയാക്കാൻ സാധിക്കണമെന്നില്ല. എന്നാൽ എപ്പോഴും സാധ്യമാകുന്ന ഒന്നാണ് പ്രാർത്ഥന. പ്രാർത്ഥിക്കാനുള്ള മനസ്സുണ്ടാകുകയാണ് പ്രധാനം, പ്രാർത്ഥന മനസ്സിലേക്ക് അല്ലാഹു തോന്നിപ്പിച്ചു തന്നാൽ ഉത്തരവും അവൻ തന്നെ ചെയ്യുമെന്ന് മഹാനായ ഉമർ (റ) പറഞ്ഞിട്ടുണ്ട്. “നിങ്ങൾക്ക് അല്ലാഹുവിനോട് എന്തും ചോദിക്കാം, അത് ചെരിപ്പിന്റെ പൊട്ടിപ്പോയ വാറോ ഉപ്പോ എന്തുമാകട്ടേ ചോദിക്കാം” എന്ന് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (തിർമ്മിദീ). മഹാനായ ഉർവത്തു ബിനു സുബൈർ (റ) പറഞ്ഞു: ‘ഞാൻ നിസ്കാരത്തിൽ എല്ലാ കാര്യങ്ങളും അല്ലാഹുവിനോട് ചോദിക്കാറുണ്ട്, എന്റെ വീട്ടുകാർക്കുള്ള ഉപ്പ് വരെ അതിൽപ്പെടും’ (ഫൈളുൽ ഖദീർ). അല്ലാഹുവിനോട് ചോദിക്കാൻ മടിക്കേണ്ടതില്ലെന്ന് അല്ലാഹുവും റസുൽ (സ്വ)യും നിരവധി തവണ നമ്മോട് പറഞ്ഞഇട്ടുണ്ട്. അല്ലാഹുവിന്റെ ഖജനാവ് അതിവിശാലമാണ്. അല്ലാഹു തആലാ പറയുന്നു: “നിങ്ങൾ പാവങ്ങളാണെങ്കിൽ അല്ലാഹു എല്ലാം കൊണ്ടും സമ്പന്നനാണ്” (സൂറത്തു മുഹമ്മദ്)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.