വിഷയം: സ്വയം ഭോഗം നിർത്താൻ കഴിയുന്നില്ല. എന്താണ് പരിഹാരം
ഞാൻ ഒരു 20 വയസ്സുകാരൻ ആണ്... ലൈംഗികമായ പല ചിന്തകളും ഇടക്കിടക്ക് മനസ്സിൽ വരുന്നു... സ്വയം ഭോഗത്തിന് അടിമ പെട്ടിരിക്കുന്നു... നിർത്താൻ കഴിയുന്നില്ല... ഞാൻ അറിഞ്ഞിടത്തോളം അത് ഹറാമാണ്... ശാഫിഈ മദ്‌ഹബിൽ സ്വയം ഭോഗം ഹലാൽ ആണ് എന്ന ഏതെങ്കിലും പണ്ഡിതന്റെ വാക്ക് ഉണ്ടോ... ഉണ്ടെങ്കിൽ അത് പേഴ്സണൽ ആയി ഉത്തരം അയക്കുമോ... ഏത് കിതാബിൽ എവിടെയാണ് ഉള്ളത് എന്നും ഉൽകൊള്ളിക്കുമോ... അത്യാവശ്യമാണ്.... ആ ശീലം നിർത്താൻ കഴിയുന്നില്ല...
ചോദ്യകർത്താവ്
അബ്ദുള്ള ഊരകം
Dec 25, 2019
CODE :Fat9539
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..
സ്വയം ഭോഗം ഇസ്ലാം ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. വ്യഭിചാരത്തെ ഭയപ്പെടുന്ന ഘട്ടത്തിൽ പോലും അത് അനുവദനീയമല്ല (അൽ ഹാവീ അൽ കബീർ, ഫത്ഹുൽ മുഈൻ). കാരണം വിജയം വരിച്ച സത്യ വിശ്വാസികളെ വിശേഷിപ്പിച്ച സ്ഥലത്ത് അല്ലാഹു തആലാ പറയുന്നു. അവർ അവരുടെ ഗുഹ്യ ഭാഗങ്ങളെ സൂക്ഷിക്കുന്നവരാകുന്നു.അല്ലാഹു അനുവദിച്ചവരിലൊഴികെ അത് ഉപോയഗക്കുന്നത് സൂക്ഷിക്കണം. അങ്ങനെ ചെയ്യാത്തവർ അതിക്രമം പ്രവർത്തിച്ചവരാകുന്നു (സൂറത്തുൽ മുഅ്മിനൂൻ, സൂറത്തുൽ മആരിജ്). അതുപോലെ സ്വന്തം കയ്യിനെത്തന്നെ വിവാഹം കഴിച്ചവനെ അല്ലാഹു ശപിച്ചിരിക്കുന്നുവെന്നും ഗുഹ്യസ്ഥാനങ്ങൾ കൊണ്ട് കളിക്കുന്ന സമൂഹത്തെ അല്ലാഹു നശിപ്പിക്കുമെന്നും ഹദീസുകളിൽ വന്നിട്ടുണ്ട് (ആൽ ഹാവീ, ഇആനത്ത്). നബി (സ്വ) അരുൾ ചെയ്തു. യുവാക്കളേ, നിങ്ങളിൽ വിവാഹം കഴിക്കാൻ കഴിയുന്നവർ വിഹാഹം കഴിക്കുക. അത് നങ്ങളുടെ കണ്ണുകളെ നിഷിദ്ധമായത് കാണുന്നതിൽ നിന്നും നിങ്ങളുടെ ഗുഹ്യ ഭാഗങ്ങളെ നിഷിദ്ധമായത് ചെയ്യുന്നതിൽ നിന്നും തടയും. വിവാഹം കഴിക്കാൻ സാധിക്കാത്തവർ നോമ്പനുഷ്ഠിക്കുക. അത് അവന്റെ ലൈംഗിക വികാരത്തെ ശമിപ്പിക്കുന്നതാണ്(ബുഖാരീ, മുസ്ലിം).
എന്നാൽ വ്യഭിചാരം ചെയ്തു പോകുമോ എന്ന് ഭയപ്പെടുന്ന ഘട്ടമാണെങ്കിൽ ഗത്യന്തരമില്ലാത്തത് കൊണ്ട് ആ വ്യഭിചാരത്തെ തടുക്കാൻ വേണ്ടി മാത്രം സ്വയം ഭോഗം ചെയ്യാം എന്ന് ശാഫിഈ മദ്ഹബിലെത്തന്നെ ചില പണ്ഡിതന്മാർക്ക് അഭിപ്രായമുണ്ട് ( ബുജൈരിമി, ഇബ്നു ഖാസിം, ശർവ്വാനി). അനുവദനീയമാണ് എന്ന അഭിപ്രായം അഹ്മദ് ബിൻ ഹമ്പൽ (റ) വിനും ചില ഹനഫീ, മാലീകീ, ഹമ്പലീ പണ്ഡതന്മാക്കുമുണ്ട്. എന്നാൽ കല്യാണം കഴിക്കാൻ സാധിക്കാത്തവനും വ്യഭിചാരം ചെയ്യുമോയെന്ന് ഭയപ്പെടുന്നവനും സുഖിക്കുകയെന്ന ഉദ്ദദേശ്യമില്ലാതെ തൽക്കാലം അനിയന്ത്രിതമായ അതിലൈംഗികതയെ നിയന്ത്രിക്കുകയെന്ന ഉദ്ദേശ്യത്തോടെ മാത്രം സ്വയം ഭോഗം ആകാം എന്നാണ് അവരുടെ അഭിപ്രായം (ശർഹു മുഖ്തസ്വർ ഖലീൽ, അത്താജു വൽ ഇക്ലീൽ, അർറദ്ദുൽ മുഹതാർ, അൽ ബഹ്റുർറാഇഖ്, അൽകാഫീ, ശർഹു മുൻതഹൽ ഇറാദാത്ത്, തൈസീർ).
ചുരുക്കത്തിൽ സ്വയം ഭോഗം ശീലമാക്കാൻ പറ്റിയ ഒരു തെളിവും ഒരു മദ്ഹബിലും കാണപ്പെടുന്നില്ല. അതിനാൽ ഈ വിഷയത്തിലുള്ള അല്ലാഹുവിന്റേയും റസൂൽ (സ്വ)യുടേയും താക്കീതുകളെ ഉൾക്കൊള്ളുകയും നബി (സ്വ) നിർദ്ദേശിച്ച പരിഹാരം ശീലിക്കുകയും ചെയ്തു കൊണ്ട്ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഠിന പ്രയത്നം ചെയ്യുക. ചെറു പ്രായമല്ലേ. അഞ്ചു നേരത്തെ നിസ്കാരത്തോട് ആത്മാർത്ഥത കാണിച്ചാൽ തന്നെ ഈ പ്രശ്നത്തിന് ഏകദേശം പരിഹാരമാകും. സ്വാലിഹീങ്ങളായ കൂട്ടുകാരുമായുള്ള കൂട്ടു കെട്ടും ചീത്ത സാമൂഹ്യ ഗ്രൂപ്പുകളിലെ സാന്നിധ്യം ഒഴിവാക്കലും പണ്ഡിത സദസ്സുകളിൽ സഹവസിക്കലും സാരോപദേശങ്ങൾ ധാരാളമായി കേൾക്കലും തിങ്കളും വ്യാഴവും നോമ്പനുഷ്ഠിക്കലും കഴിയുന്നത്ര ദിക്റുകളും സ്വലാത്തുകളും ചൊല്ലലും ഒക്കെ പതിവാക്കി വരുമ്പോൾ ഖൽബ് താനേ ദുഷിച്ച ചിന്തകളിൽ നിന്ന് മുക്തമാകും. അല്ലാഹു തആലാ സഹായിക്കട്ടേ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.