വിഷയം: ‍ പന്നി നജസ്

ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തും നാട്ടിലുമൊക്കെ പന്നി മാംസം കഴിച്ചവരുമായി സംസാരിക്കേണ്ട വരാറുണ്ട്. ആ സമയത്ത് ശരീരത്തിലേക്ക് അവരുടെ ഉമിനീര് തെറിച്ചാലോ അവരെ നനഞ്ഞ കൈ കൊണ്ട് തൊട്ടാലോ അവരുപയോഗിക്കുന്ന ഗ്ലാസ്സ്, ബാത്റൂം എല്ലാം ഉപയോഗിക്കുന്നത് കൊണ്ട് ഒരു പ്രാവശ്യം മണ്ണ് കലക്കിയ വെള്ളമുൾപ്പടെ 7 പ്രാവശ്യം കഴുകേണ്ടതുണ്ടോ? അതോ സാധാരണ നജസുകൾ പോലെ മണ്ണ് ഉപയോഗിക്കാതെ തന്നെ ഒരു പ്രാവശ്യം കഴുകിയാൽ മതിയോ? അറിയാതെ കഴിച്ച മുസ്ലിംകൾ ഉൾപ്പടെ എനിക്ക് അറിയാവുന്നവർ ഒരുപാടുണ്ട്. അവരൊക്കെ പള്ളിയിലൊക്കെ മിക്ക ദിവസങ്ങളിലും പോകുന്നവരുമാണ്. അവിടെ നിന്ന് വുളൂ എടുത്തവരാണെങ്കിൽ അവിടെയൊക്കെ തുപ്പിയിരിക്കാമല്ലോ. ഇവർ എന്താണ് ചെയ്യേണ്ടത്?.

ചോദ്യകർത്താവ്

MUHAMMAD IQBAL M

Aug 25, 2020

CODE :Fiq9970

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഏതൊരാളുടെയും ഉമിനീര്‍ അടിസ്ഥാനപരമായി ശുദ്ധിയുള്ളതാണല്ലോ. അടിസ്ഥാനപരമായി ശുദ്ധിയുള്ള ഒരു വസ്തു നജസാണെന്ന് ഉറപ്പ് ലഭിക്കുന്നത് വരെ ശുദ്ധിയുള്ളതാണെന്ന വിധിയാണതിന് നല്‍കേണ്ടത്.  ഒരാളോട് സംസാരിക്കുമ്പോള്‍ അയാള്‍ പന്നിമാംസം കഴിച്ചവനാണോ എന്നും ഉമിനീര്‍ തെറിക്കുന്നുണ്ടോ എന്നതൊന്നും നാം ചികഞ്ഞു പരിശോധിച്ചു പ്രയാസപ്പെടേണ്ടതില്ല.

ഒരു വസ്തുവിന്‍റെ അടിസ്ഥാന സ്വഭാവം ശുദ്ധിയുള്ളതായിരിക്കെ അത്തരം വസ്തുക്കളില്‍ നജസാവല്‍ വ്യാപകമായി കാണുന്നതിനാല്‍ ആ ഇനത്തിലുള്ള നമ്മുടെ കയ്യിലുള്ളതിലും നജസുണ്ടാകുമോ എന്ന ഭാവന ഉണ്ടായാല്‍, അതിന്‍റെ അടിസ്ഥാനപരവും ഉറപ്പുള്ളതുമായ ശുദ്ധിയാണെന്ന വിധി പിടിക്കണമെന്നതാണ് പ്രബലമായ അഭിപ്രായം. കാരണം കൂടുതലായി കണ്ടു വരുന്ന അവസ്ഥയെക്കാള്‍ അതിന്‍റെ അടിസ്ഥാനപരമായ അവസ്ഥയാണ് കൃത്യവും ക്ലിപ്തവുമാവുക. കള്ളുകച്ചവടക്കാരന്‍റെ വസ്ത്രം, ഹൈളുകാരിയുടെയും ചെറിയ കുട്ടികളുടെയും വസ്ത്രം, നജസിനെ ആരാധിക്കുന്നവരുടെ പാനപാത്രങ്ങള്‍, നജസിനു മേല്‍ വിരിക്കല്‍ വ്യാപകമായ കടലാസുകള്‍, കുട്ടിയുടെ കേല, പന്നിനെയ്യിനാലുണ്ടാക്കപ്പെുടുന്നു എന്ന് പ്രസിദ്ധിയാര്‍ജിച്ച ചണം, പന്നിക്കൊഴുപ്പ് ചേര്‍ക്കപ്പെടുന്നുവെന്ന് പ്രചരിക്കപ്പെടുന്ന പാല്‍ക്കട്ടി തുടങ്ങിയവ ഉദാഹരണം. ശാമില്‍ നിന്നുള്ള ഇത്തരം പാല്‍ക്കട്ടി നബി(സ്വ) ലഭിച്ചപ്പോള്‍ അതിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാതെ അതില്‍ നിന്ന് ഭക്ഷിക്കുകയാണുണ്ടായത് (ഫത്ഹുല്‍മുഈന്‍).

മുകളില്‍ പറഞ്ഞതില്‍ നിന്ന് പന്നിമാംസം കഴിക്കുന്നവരുടെ ഉമിനീര്‍, അവരുടെ പാത്രങ്ങള്‍ തുടങ്ങിയവയുടെ വിധി സ്പഷ്ടമായല്ലോ. പന്നിമാംസം കഴിച്ചവര്‍ തുപ്പിയ സ്ഥലം നജസാവുമോ എന്ന വേവലാതിയും വേണ്ട. ശുദ്ധിയുള്ള ഒരു വസ്തു നജസുണ്ടെന്ന് ഉറപ്പാകാതെ അശുദ്ധമാകില്ല.

അറിഞ്ഞോ അറിയാതെയോ പന്നിമാംസം കഴിച്ചാല്‍ അവര്‍ക്കത് ചര്‍ദ്ദിച്ചു കളയാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യണം. വായയും നജസായ മറ്റു ഭാഗങ്ങളും 7 പ്രാവശ്യം കഴുകി വൃത്തിയാക്കാണം. എന്നാല്‍ പിന്നീട് മലമൂത്രവിസര്‍ജനം നടത്തിയാല്‍ ആ ഭാഗങ്ങള്‍ 7 പ്രാവശ്യം കഴുകേണ്ടതില്ല (തുഹ്ഫ&ശര്‍വാനി 1-330 11-520) .

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter