വിഷയം: പാദരക്ഷകളിലെ ജീവികളുടെ ചിത്രം
മൃഗങ്ങൾ പക്ഷികൾ എന്നിവയുടെ ചിത്രമുള്ള വസ്ത്രങ്ങൾ ഷൂസുകൾ എന്നിവ ഉപയോഗിക്കുന്നതിൻറെ വിധി എന്ത്? ഉദാഹരണത്തിന് പ്യൂമയുടെ ഷൂസുകളിൽ കാണുന്ന ലോഗോ.
ചോദ്യകർത്താവ്
sadiqali k
Oct 6, 2020
CODE :Fiq9986
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ജീവന്‍ നിലനില്‍ക്കാനാവശ്യമായ ശരീരഭാഗങ്ങള്‍ മുഴുവനായും ഉള്‍ക്കൊള്ളുന്ന രീതിയില്‍ ജീവികളുടെ രൂപങ്ങളുള്ള വസ്ത്രങ്ങള്‍ ധരിക്കല്‍ അനുവദനീയമല്ലെന്ന് ഫുഖഹാഅ് പറഞ്ഞിട്ടുണ്ട് (തുഹ്ഫ 9-476).
തൊട്ടുനോക്കിയാല്‍ തടി അനുഭവപ്പെടുന്നതിനാണ് ഈ വിധിയെന്നും ചിത്രങ്ങളാണെങ്കില്‍ ഹറാമില്ലെന്നും അഭിപ്രായപ്പെട്ടവരും മറിച്ചു പറഞ്ഞവരും പണ്ഡിതന്മാരിലുണ്ട്. അത്യാവശ്യഘട്ടങ്ങളിലൊഴികെ ഏതുതരരത്തിലുള്ള ജീവികളുടെ ചിത്രങ്ങളും ഒഴിവാക്കുന്നതാണ് സൂക്ഷ്മത.
തലയില്ലാത്തതോ, ജീവിയുടെ പകുതിഭാഗം ഇല്ലാത്തതോ ആയ രൂപങ്ങളാണെങ്കില്‍ അതിന് കുഴപ്പമില്ല (തുഹ്ഫ, ഫത്ഹുല്‍മുഈന്‍).
നിന്ദിക്കപ്പെടുന്ന സ്ഥലങ്ങളിലുള്ള ചിത്രങ്ങള്‍ക്കും കുഴപ്പമില്ല. ചവിട്ടിയിലുള്ള ചിത്രം, നടന്നുപോകുന്ന സ്ഥലങ്ങളിലുള്ള ചിത്രം, നടവഴികളില്‍ നിലത്ത് വിരിക്കുന്ന വിരികളിലെ ചിത്രങ്ങള്‍ ഇവയൊന്നും കുഴപ്പമില്ല (ഫത്ഹുല്‍മുഈന്‍).
ചോദ്യകര്‍ത്താവ് പ്രത്യേകം പരാമര്‍ശിച്ച ഷൂ പോലെയുള്ളവയിലെ ചിത്രങ്ങള്‍ ചവിട്ടിനടക്കുന്നവയായതിനാല്‍ വന്ദിക്കപ്പെടുന്ന സാഹചര്യം വരാനുള്ള സാധ്യത കുറവാണല്ലോ. ആയതിനാല്‍ പാദരക്ഷകളിലെ ചിത്രങ്ങള്‍ ഹറാമല്ലെന്ന് മനസിലാക്കാം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.