വിഷയം: മൂക്കിലൂടെ വെള്ളം കയറി വായിലൂടെ വെള്ളം വന്നാല്‍ നോമ്പ് മുറിയുമോ
നോമ്പ് നോറ്റ്കൊണ്ട് സാധാരണ കുളിക്കുന്ന പോലെ കുളിച്ചു. അപ്പോൾ മൂക്കിലൂടെ വെള്ളം കയറി വായിലൂടെ വെള്ളം വന്നു. ഇതുകൊണ്ട് നോമ്പ് മുറിയുമോ?
ചോദ്യകർത്താവ്
Hajarah minnah TK
May 24, 2021
CODE :Fas10075
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഹൈള്, നിഫാസ് പോലെയുള്ള വലിയ അശുദ്ധികളില്‍ നിന്ന് ശുദ്ധിയാവുന്നതിന് വേണ്ടി ഫര്‍ളായ കുളി കുളിക്കുമ്പോള്‍ തുറന്ന ദ്വാരങ്ങളിലൂടെ മനഃപൂര്‍വ്വമല്ലാതെ വെള്ളം അകത്തേക്ക് പോയാല്‍ അതുകൊണ്ട് നോമ്പ് മുറിയില്ല. അപ്പോള്‍ ജനാബത്ത് കുളി നടത്തുന്നവന്‍ അവന്‍റെ ചെവി കഴുകുമ്പോള്‍ അകത്തേക്ക് അറിയാതെ വെള്ളം കയറിയാല്‍ അതുകൊണ്ട് നോമ്പ് മുറിയില്ല. സ്വുബ്ഹിന് മുമ്പേ അവന് കുളിക്കാമായിരുന്നു എന്നത് കൊണ്ടോ തല ചെരിച്ച് ഉള്ളിലേക്ക് കയറിയ വെള്ളം പുറത്തേക്കെടുക്കാമായിരുന്നു എന്നത് കൊണ്ടോ നോമ്പ് മുറിയുകയില്ല. എന്നാല്‍ ഫര്‍ള് കുളിയാണെങ്കില്‍ പോലും മുങ്ങിക്കുളിക്കുമ്പോള്‍ വെള്ളം അകത്തേക്ക് പോയാല്‍ നോമ്പ് മുറിയുന്നതാണ്. സുന്നത്ത് കുളിയോ വെറുതെയുള്ള കുളിയോ ആണെങ്കില്‍ മനഃപൂര്‍വ്വമല്ലാതെ വെള്ളം അകത്തേക്ക് കടന്നാലും നോമ്പ് മുറിയുന്നതാണ് (ഫത്ഹുല്‍മുഈന്‍).
മൂക്കിലൂടെ വെള്ളം കയറി നോമ്പ് മുറിയുന്ന പരിധിയിലൂടെ കടന്നാണല്ലോ വെള്ളം വായിലെത്തുക. ആയതിനാല്‍ മേല്‍പറഞ്ഞതുപോലെ നോമ്പ് മുറിയുന്ന തരത്തിലുള്ള കുളിയാണെങ്കില്‍ ഇങ്ങനെ വെള്ളം കടന്നാല്‍ നോമ്പ് നഷ്ടപ്പെടുമെന്ന് മനസ്ലിലാക്കാം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.