വിഷയം: ഫിഖ്ഹ്
ഗർഭിണി നോമ്പ് നോല്‍ക്കാതെ മുദ്ദ് കൊടുത്താൽ മതിയാകുമോ?
ചോദ്യകർത്താവ്
ARSHINA JALEEL
Jun 6, 2021
CODE :Dai10170
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നോമ്പ് പിടിക്കുന്നത് കാരണം ഗര്‍ഭിണിക്ക് തന്‍റെ ശരീരത്തിനോ വയറ്റിലുള്ള കുഞ്ഞിനോ പ്രയാസമുണ്ടാവുമെന്ന് ഭയന്നാല്‍ നോമ്പ് ഉപേക്ഷിക്കാവുന്നതാണ്. എന്നാല്‍ മേല്‍പറഞ്ഞ പ്രയാസം മാറിയതിന് ശേഷം അടുത്ത റമളാന്‍ വരുന്നതിന് മുമ്പ് ആ നോമ്പുകള്‍ ഖളാ വീട്ടല്‍ നിര്‍ബന്ധമാണ്. കുഞ്ഞിന് വേണ്ടിയാണ് നോമ്പ് നഷ്ടപ്പെടുത്തിയതെങ്കില്‍ ഖളാ വീട്ടുന്നതിനോടൊപ്പം ഒരു നോമ്പിന് ഒരു മുദ്ദ് നാട്ടിലെ പ്രധാനഭക്ഷണ ധാന്യം ഫിദ്’യ നല്‍കുകയും വേണം (ഫതഹുല്‍ മുഈന്‍).
ചോദ്യത്തിലുന്നയിക്കപ്പെട്ടത് പോലെ മുദ്ദ് കൊടുത്താല്‍ മാത്രം പോരാ. ചിലപ്പോള്‍ മുദ്ദ് കൊടുക്കേണ്ടിയും വരില്ല. ഗര്‍ഭിണി അവളുടെ സ്വശരീരരത്തിനോ അതോടൊപ്പം കുഞ്ഞിനും കൂടിയോ അപകടം ഭയന്നാണ് നോമ്പ് ഉപേക്ഷിച്ചതെങ്കില്‍ ഖളാഅ് വീട്ടല്‍ മാത്രമേ നിര്‍ബന്ധമുള്ളൂ. അതിന് പകരം മുദ്ദ് നല്‍കിയാല്‍ പരിഹാരമാവില്ല. കുഞ്ഞിന് അപകടം ഭയന്നാണ് നോമ്പ് ഉപേക്ഷിച്ചതെങ്കില്‍ ഖളാഇനോടൊപ്പം മുദ്ദും നിര്‍ബന്ധമാണ്. അപ്പോഴും മുദ്ദ് കൊടുക്കല്‍ മാത്രം നഷ്ടപ്പെടുത്തിയ നോമ്പിന് പരിഹാരമാവുന്നില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.