റമദാന്‍ നോമ്പിന് രാത്രി തന്നെ നിയ്യത് വെക്കണമെന്നാണല്ലോ നിയമം. മറ്റു ചില മദ്ഹബുകളില്‍ അത് വേണമെന്നില്ലെന്നും നിയ്യത് വെക്കാന്‍ മറക്കുന്ന സാഹചര്യങ്ങളില്‍ അതനുസരിച്ച് നോമ്പെടുക്കാമെന്നും കേള്‍ക്കുന്നു. ഇതൊന്ന് വിശദീകരിക്കാമോ?
ചോദ്യകർത്താവ്
ശുഐബ്, കൊണ്ടോട്ടി
Apr 25, 2020
CODE :Fiq9732
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
എല്ലാ ആരാധനകള്‍ക്കുമെന്നപോലെ നോമ്പിനും നിയ്യത് ഒരു നിര്‍ബന്ധ ഘടകമാണ്. നോമ്പിന്‍റെ നിയ്യത് എങ്ങനെയാവണമെന്നത് നമ്മുടെ കര്‍മ്മ ശാസ്ത്രത്തില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ശാഫിഈ മദ്ഹബ് പ്രകാരം നിര്‍ബന്ധമായ ഓരോ നോമ്പിനും തലേന്ന് രാത്രിയില്‍ തന്നെ നിയ്യത് വെക്കേണ്ടതാണ്. എന്നാല്‍ സുന്നത് നോമ്പുകള്‍ക്ക് ആ ദിവസം പകലിന്‍റെ ആദ്യത്തില്‍ നിയ്യത് വെച്ചാലും മതി. എന്നാല്‍ മറ്റു മദ്ഹബുകളില്‍ ഇതില്‍ ചില ഇളവുകള്‍ കാണാം.
ഹനഫീ മദ്ഹബ് പ്രകാരം ഓരോ നോമ്പിനും രാത്രിയില്‍ തന്നെ നിയ്യത് ചെയ്യാലാണ് ഉത്തമം. എങ്കിലും റമളാന്‍ പോലെ സമയബന്ധിതമായി അനുഷ്ഠിക്കേണ്ട നിര്‍ബന്ധ നോമ്പുകള്‍ക്കും കൂടാതെ സുന്നത് നോമ്പുകള്‍ക്കും പകലിന്‍റെ ആദ്യത്തില്‍ നിയ്യത് ചെയ്താലും പരിഗണിക്കപ്പെടുന്നതാണ്. റമളാനിലെ നോമ്പ് ഖളാഅ് വീട്ടുക, നിര്‍ണ്ണിതമല്ലാത്ത ദിവസം നോമ്പെടുക്കാന്‍ നേര്‍ച്ചയാക്കുക, പ്രായശ്ചിത്ത (കഫാറത്) ത്തിന് വേണ്ടി നോമ്പെടുക്കുക തുടങ്ങിയ സമയബന്ധിതമല്ലാത്ത നിര്‍ബന്ധ നോമ്പുകള്‍ക്ക് രാത്രിയില്‍ തന്നെ നിയ്യത് വെക്കേണ്ടതാണ്, പകലില്‍ വെച്ചാല്‍ സ്വീകാര്യമല്ല.
ഇവിടെ പകലിന്റെ പകുതി എന്നത് കൊണ്ടുദ്ദേശിക്കുന്നത്, ളുഹ്റ് വരെ എന്നല്ല, മറിച്ച് ശറഇയ്യായ പകലിന്‍റെ പകുതി എന്നതാണ്. അഥവാ, സുബ്ഹിയുടെ സമയം മുതല്‍ മഗ്രിബ് വരെയുള്ള ആകെ സമയത്തിന്റെ നേര്‍ പകുതി എന്നര്‍ത്ഥം. അതിന് ശേഷം നിയ്യത് വെച്ചാല്‍ പരിഗണിക്കുന്നതല്ല.
മാലികീ മദ്ഹബില്‍ ഓരോ നോമ്പിനും പ്രത്യേകം നിയ്യത് വെക്കലാണ് അഭികാമ്യം. എന്നാല്‍, റമളാന്‍ നോമ്പ് പോലെ തുടര്‍ച്ചയായി അനുഷ്ഠിക്കല്‍ നിര്‍ബന്ധമുള്ള നോമ്പുകള്‍ക്ക് അവയുടെ ആദ്യ രാത്രിയില്‍ ഈ നോമ്പുകളെല്ലാം അനുഷ്ടിക്കാന്‍ നിയ്യത് വെക്കുന്നു എന്ന ഒറ്റ നിയ്യത് ഉണ്ടായാല്‍ മതിയാവുന്നതാണ്. അപ്പോള്‍ റമളാനിന്‍റെ ആദ്യ രാത്രിയില്‍ ഈ റമളാന്‍ മാസം മുഴുവനും നോമ്പെടുക്കുമെന്ന് നിയ്യത് വെച്ചാല്‍ മാലികീ മദ്ഹബ് അനുസരിച്ച് ബാക്കിയുള്ള നോമ്പുകള്‍ക്ക് ഇനി നിയ്യതുകള്‍ വേണമെന്നില്ല. തുടര്‍ച്ചയായി അനുഷ്ഠിക്കല്‍ നിര്‍ബന്ധമുള്ള നോമ്പുകളെ ഒറ്റ ഇബാദത് ആയി പരിഗണിച്ചതിനാലാണ് ഒന്നിച്ചുള്ള ഒരു നിയ്യത് മതി എന്ന് ഈ മദ്ഹബ് അഭിപ്രായപ്പെടുന്നത്. ആദ്യ രാത്രിയില്‍ ഒന്നിച്ച് നിയ്യത് വെക്കാന്‍ മറന്നാല്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ രാത്രിയില്‍ അതുമല്ലെങ്കില്‍ ഒരാഴ്ച കഴിഞ്ഞുള്ള രാത്രിയില്‍ ബാക്കിയുള്ള നോമ്പുകള്‍ക്ക് ഇപ്രകാരം ഒന്നിച്ച് നിയ്യത് വെച്ചാലും മതി.
ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്, റമളാന്‍ പോലെയുള്ള തുടരെ അനുഷ്ഠിക്കല്‍ നിര്‍ബന്ധമായ നോമ്പുകള്‍ക്കിടയില്‍ നോമ്പ് നിര്‍ബന്ധമില്ലാത്ത അവസ്ഥ വാന്നാല്‍ (രോഗം, യാത്ര, ആര്‍ത്തവം തുടങ്ങിയവ) ആദ്യത്തെ നിയ്യതിന്‍റെ തുടര്‍ച്ച നഷ്ടപ്പെടും.
നിബന്ധനകള്‍ക്ക് വിധേയമായി സാഹചര്യങ്ങള്‍ക്കനുസരിച്ച് ഈ വീക്ഷണങ്ങളെ അവലംബാക്കി വ്രതം അനുഷ്ഠിക്കാവുന്നതാണ്. ശാഫീ മദ്ഹബനുസരിച്ച് അമല്‍ ചെയ്യുന്ന നാം റമളാനിന്‍റെ ആദ്യ രാത്രിയില്‍ ഈ മാസം മുഴുവനും നോമ്പെടുക്കാന്‍ നിയ്യത് വെച്ചാല്‍, പിന്നീട് ഏതെങ്കിലും ഒരു ദിവസം രാത്രിയില്‍ നിയ്യത് വെക്കാന്‍ മറന്ന് പോവുകയാണെങ്കില്‍ മുകളില്‍ വിശദീകരിച്ച പോലെ രണ്ടാലൊരു മദ്ഹബനുസരിച്ച് നമുക്ക് ആ ദിവസത്തെ നോമ്പ് പിടിക്കാവുന്നതാണ്. റമളാന്‍റെ ആദ്യത്തില്‍ ഒന്നിച്ച് നിയ്യത് വെച്ചതിനാല്‍ മാലികീ മദ്ഹബ് പ്രകാരം അന്നവന്‍ നോമ്പ് കാരനാവാം. അല്ലെങ്കില്‍ പകലിന്‍റെ ആദ്യ സമയത്ത് നിയ്യത് വെച്ച് ഹനഫീ മദ്ഹബ് പ്രകാരം അവന് നോമ്പ് പൂര്‍ത്തിയാക്കുകയും ചെയ്യാം. ഇത്തരം സാഹചര്യങ്ങളില്‍ ഏത് മദ്ഹബനുസരിച്ചാണ് നാം കര്‍മ്മം ചെയ്യുന്നതെന്ന ബോധ്യം നമുക്ക് വേണ്ടതുണ്ട്. കൂടാതെ നാം ആചരിക്കുന്ന ആരാധനയുമായി ബന്ധപ്പെട്ട് ആ മദ്ഹബ് നിഷ്കര്‍ഷിക്കുന്ന മറ്റ് വ്യവസ്ഥകുളും നാം പരിഗണിക്കണം, എങ്കില്‍ മാത്രമെ നാം ചെയ്യുന്ന ആരാധനക്ക് ആധാരമുള്ളൂ. അല്ലാത്ത പക്ഷം, അത് അസാധുവാകുന്നതും ശേഷം നോറ്റ് വീട്ടേണ്ടിവരുന്നതുമാണ്.
കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ. ചെയ്യുന്ന അമലുകളെല്ലാം കുറവുകള്‍ പരഹിരിച്ച് നാഥന്‍ സ്വീകരിക്കട്ടെ, ആമീന്‍.