കൊറോണ അസുഖം കാരണം നോമ്പ് ഒഴിവാക്കേണ്ടി വന്നാൽ മുദ്ദ് കൊടുക്കുകയും നോമ്പ് ഖളാ വീട്ടുകയും ചെയ്യേണ്ടതുണ്ടോ? മുദ്ദ് കൊടുക്കേണ്ടതുണ്ടെങ്കിൽ എത്രയാണ് കൊടുക്കേണ്ടത്? വിശദീകരിക്കാമോ?
ചോദ്യകർത്താവ്
Mansoor Ali
Apr 25, 2020
CODE :Fiq9735
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നോമ്പ് പിടിക്കാനാവാത്ത അസുഖം കാരണം നോമ്പൊഴിവാക്കിയാല്‍ അടുത്ത റമളാന്‍ വരുന്നതിന് മുമ്പ് അത് ഖളാഅ് വീട്ടിയാല്‍ മതി. നോമ്പ് ഒഴിവാക്കിയതിന് മുദ്ദ് നല്‍കേണ്ടതില്ല.
എന്നാല്‍ അടുത്ത റമളാന്‍ വരുന്നതിനിടയിലും നോമ്പ് ഖളാഅ് വീട്ടാന്‍ അവസരം ലഭിച്ചിരിക്കെ നോമ്പ് ഖളാഅ് വീട്ടാതിരുന്നാല്‍ ഒരു നോമ്പിന് ഒരു മുദ്ദ് എന്ന കണക്കില്‍ ഫിദ്’യ നല്‍കേണ്ടി വരും. ഇത് നോമ്പ് ഖളാഅ് ആയതിന്‍റെ പേരിലല്ല, മറിച്ച് ഖളാഅ് വീട്ടാതെ ഒരു വര്‍ഷം പിന്തിപ്പിച്ചതിന്‍റെ പേരിലാണ്. പിന്നീട് വര്‍ഷങ്ങളോളം പിന്തിപ്പിക്കുന്നതിനനുസരിച്ച് ഓരോ നോമ്പും ഖളാഅ് വീട്ടാന്‍ എത്ര വര്‍ഷം പിന്തിപ്പിച്ചോ അത്ര മുദ്ദ് നല്‍കേണ്ടി വരും (ഫത്ഹുല്‍മുഈന്‍).
നാട്ടിലെ സാധാരണ ഭക്ഷണത്തില്‍ നിന്ന് ഒരു മുദ്ദാണ് ഫിദ്’യ നല്‍കേണ്ടത്. ഒരു മുദ്ദ് എന്നാല്‍ 800 മില്ലി ലിറ്റര്‍ ആണ്. നമ്മുടെ നാട്ടിലെ സാധാരണ ഭക്ഷണവസ്തുവായ അരി പലതും പല തൂക്കമായതിനാല്‍ മുദ്ദിന്‍റെ പാത്രം സംഘടിപ്പിച്ച് അളവ് തിട്ടപ്പെടുത്തലാണ് ഏറ്റവും നല്ലത്. പലതരം അരികളുടെ തൂക്കത്തിലുള്ള മാറ്റങ്ങള്‍ പരിഗണിച്ച് ഒരു മുദ്ദ് ഏകദേശം മുക്കാല്‍ കിലോ ആയി പരിഗണിക്കപ്പെടാവുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.