വിഷയം: ഖളാആയ നോമ്പിന്‍റെ നിയ്യത്ത്
ഖളാആയ നോമ്പിന്‍റെ നിയ്യത് എങ്ങനെയാണ് വെക്കേണ്ടത്? നിയ്യത്ത് മലയാളത്തിൽ മാത്രം വെക്കാൻ പറ്റുമോ?
ചോദ്യകർത്താവ്
ASHIQ
Aug 23, 2020
CODE :Oth9966
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നിയ്യത്ത് എന്നാല്‍ മനസ്സ് കൊണ്ടുള്ള കരുതലാണ്. മനസില്‍ കരുതിയ നിയ്യത്ത് നാവ് കൊണ്ട് ഉച്ചരിച്ചു പറയല്‍ സുന്നത്താണ്. മനസ്സ് കൊണ്ട് കരുതാതെ നാവ് കൊണ്ട് മാത്രം ഉച്ചരിച്ചാല്‍ നിയ്യത്താകില്ല. നമുക്കറിയാവുന്ന ഭാഷയിലല്ലേ മനസ്സ് കൊണ്ട് കരുതാന്‍ കഴിയൂ. അറിയുന്ന ഏത് ഭാഷയിലും നിയ്യത്ത് വെക്കാവുന്നതാണ്.
റമളാനിലെ ഫര്‍ളായ ഖളാആയ നോമ്പിനെ നാളെ അല്ലാഹുതാആലാക്ക് വേണ്ടി നോറ്റുവീട്ടുവാന്‍ ഞാന്‍ കരുതി എന്ന് നിയ്യത്ത് ചെയ്താല്‍ പരിപൂര്‍ണമായി. ഈ നിയ്യത്തിന്‍റെ അറബിവാചകം താഴെ ചേര്‍ക്കാം.
نَوَيْتُ صَوْمَ غَدٍ عَنْ قَضَاءِ فَرْضِ رَمَضَانَ لِلّهِ تَعَالىَ
ഒരുപാട് വര്‍ഷങ്ങളിലെ റമളാന്‍ നോമ്പ് ഖളാആയിട്ടുണ്ടെങ്കില്‍ ഇന്നാലിന്ന വര്‍ഷത്തെ ഖളാആയ നോമ്പ് എന്ന് പ്രത്യേകം കരുതേണ്ടതില്ല. കഫ്ഫറാത്, നേര്‍ച്ച, റമളാന്‍ നോമ്പ് എന്നീ ഫര്‍ള് നോമ്പിന്‍റെ ഏത് ഇനമാണെന്ന് പ്രത്യേകം കരുതണം. ഏത് വര്‍ഷത്തെ റമളാന്‍ എന്നോ ഏത് വിഷയത്തിനുള്ള കഫ്ഫാറത് എന്നോ ഏത് നേര്‍ച്ച എന്നോ പ്രത്യേകം കരുതേണ്ടതില്ല (ഫത്ഹുല്‍മുഈന്‍).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.