1. വലിയ അശുദ്ധിക്കാരനായി കുളിക്കാതെ നോമ്പ് തുടങ്ങിയാൽ അത് സ്വഹീഹാകുമോ? 2. ഒരു ദിവസം കഴിഞ്ഞോ അല്ലെങ്കില്‍ ഒരു ദിവസം മുമ്പോ നോമ്പ് തുടങ്ങിയ നാട്ടില്‍ നിന്നും അതിനു മുമ്പോ അല്ലെങ്കില്‍ അതിന് ശേഷമോ നോമ്പ് തുടങ്ങിയ നാട്ടില്‍ വന്നു പെരുന്നാള്‍ കൂടിയാല്‍ കുറവോ കൂടുതലോ വരുന്ന നോമ്പിന്‍റെ വിധി എന്താണ്?
ചോദ്യകർത്താവ്
അസ്ഹര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
രാത്രിയില്‍ ഭാര്യയുമായി ബന്ധപെട്ടോ മറ്റോ ജനാബതുകാരനായാല്‍ സുബ്ഹുക്കുമുമ്പു തന്നെ കുളിക്കണമെന്ന് നോമ്പു ശരിയാകാനുള്ള നിബന്ധനയല്ല. സൂര്യന്‍ ഉദിച്ചതിനു ശേഷം കുളിച്ചാലും അവന്‍റെ നോമ്പിനു ഒരു കുഴപ്പവുമില്ല. പക്ഷേ, സൂര്യന്‍ ഉദിക്കുന്നതിനു മുമ്പായി നിര്‍ബന്ധമായി നിര്‍വ്വഹിക്കേണ്ട സുബ്ഹ് നിസ്കാരത്തിനു വേണ്ടി, നോമ്പു വേളയിലും അല്ലാത്തപ്പോഴും, കുളിക്കല്‍ അത്യാവശ്യവും നിര്‍ബന്ധവുമാണ്. നോമ്പു നോല്കുന്നവന്‍ സുബ്ഹിക്കു മുമ്പായി തന്നെ ജനാബത് കുളിക്കുന്നതാണ് സുന്നത്.
നേരത്തെ നോമ്പ് തുടങ്ങിയ നാട്ടില്‍നിന്ന് മറ്റൊരു നാട്ടിലേക്ക് എത്തുന്ന വ്യക്തിക്ക് 31 നോമ്പ് ലഭിക്കുന്ന അവസരങ്ങളുണ്ടായേക്കാം. അത്തരം സാഹചര്യത്തിലെ നിയമം, അയാള്‍ ആ നാട്ടിലെത്തുന്ന സമയത്തെ ആശ്രയിച്ചിരിക്കും. എത്തുന്നത് അയാളുടെ മുപ്പത്തിയൊന്നാം നോമ്പിന്‍റെ പകലിലാണെങ്കില്‍ (അഥവാ അദ്ദേഹം നോമ്പെടുക്കാതെ) നോമ്പ് കാരനെപ്പോലെ നിന്ന് ഇംസാക് ആണ് അദ്ദേഹത്തിന് നിര്‍ബന്ധം. മറിച്ച് നോമ്പ് തുടങ്ങുന്ന സമയത്തിന് മുമ്പാണെങ്കില്‍ (അയാളുടെ മുപ്പത്തിഒന്നിന്‍റെ സുബ്ഹി ബാങ്കിന് മുമ്പായി) മുപ്പത്തി ഒന്നാണെങ്കില്‍ പോലും, റമദാന്‍ നിലനില്‍ക്കുന്ന നാട്ടിലെത്തിയെന്നതിനാല്‍ അയാളെ സംബന്ധിച്ചിടത്തോളം അത് റമദാന്‍ തന്നെയാണെന്നും അയാള്‍ അവരോടൊപ്പം നോമ്പ് എടുക്കല്‍ നിര്‍ബന്ധമാണ് എന്നുമാണ് പ്രബലാഭിപ്രായം.
നേരത്തെ നോമ്പു തുടങ്ങിയ നാട്ടിലേക്ക് എത്തുന്ന വ്യക്തി എത്തിപ്പെട്ട നാട്ടില്‍ പെരുന്നാള്‍ ആഘോഷിക്കുകയാണെങ്കില്‍ അവനും പെരുന്നാളില്‍ പങ്കെടുക്കണം. ആ ദിവസം നോമ്പു നോല്‍ക്കല്‍ ഹറാമാണ്. അവനു ഇരുപത്തിയൊമ്പതില്‍ കുറവ് നോമ്പേ ലഭിച്ചുവുള്ളൂവെങ്കില്‍ കുറവുള്ളതത്രയും പിന്നീട് ഖദാആയി നോറ്റു വീട്ടണം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.