വില കൂടുന്ന സമയത്ത് വില്‍ക്കാം എന്ന ഉദ്ദേശ്യത്തോടെ വസ്തു (സ്ഥലം) വാങ്ങിച്ചുകൂട്ടുന്ന പ്രവണത റിയല്‍ എസ്റ്റേറ്റ്‌ എന്നപേരില്‍ ഇന്ന് കേരളത്തില്‍ അധികരിച്ചു വരുന്നുണ്ടല്ലോ. അത് കരിഞ്ചന്തയില്‍ ഉള്‍പ്പെടുമോ? അത്തരത്തില്‍ ഭൂമി വാങ്ങിച്ച്കൂട്ടല്‍ അനിസ്ലാമികമാണോ?

ചോദ്യകർത്താവ്

Mubarak

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ കരിഞ്ചന്ത (പൂഴ്ത്തിവെപ്പ്) ശരീഅത് വിരോധിച്ചതാണ്. എന്നാല്‍ അതിന്റെ നിബന്ധനകള്‍ പറയുന്നിടത്ത് അത് ഭക്ഷ്യവസ്തുക്കളിലാവുമ്പോഴും, സാധാരണത്തേക്കാള്‍ വില കൂടുതലുള്ള സമയത്ത്, വിലകയറ്റം വീണ്ടും ശക്തമാവുമ്പോള്‍ വില്‍ക്കുക എന്ന ലക്ഷ്യത്തോടെ വാങ്ങുമ്പോഴുമാണ് അത് നിഷിദ്ധമാവുന്നത് എന്ന് മനസ്സിലാക്കാനാവും. നാട്ടിലെ സാധാരണ ഭക്ഷ്യവസ്തുക്കള്‍ക്ക് വിലക്കയറ്റമുണ്ടാവുന്ന സമയത്ത് ഉള്ളതിന്റെ തോതനുസരിച്ച് എല്ലാവര്‍ക്കും ലഭിക്കുന്നുണ്ടെന്ന്  ഉറപ്പുവരുത്താനാണ് ഇങ്ങനെ നിയമമാക്കുന്നത്. ഭക്ഷ്യവസ്തുക്കളല്ലാത്തവയില്‍ ഇത് ബാധകമല്ലെന്ന് ഗ്രന്ഥങ്ങളില്‍നിന്ന് മനസ്സിലാവുന്നു. വസ്ത്രങ്ങളിലെ പൂഴ്ത്തിവെപ്പിനെക്കുറിച്ച് കറാഹതാണെന്ന് പറയുന്നത് പോലും ഏതാനും ചില പണ്ഡിതര്‍ മാത്രമാണ്. അത് കൊണ്ട് തന്നെ, വില കൂടുമ്പോള്‍ വില്‍ക്കണമെന്ന ലക്ഷ്യത്തോടെ വസ്തു വാങ്ങുന്നിടത്ത് പൂഴ്ത്തിവെപ്പിന്റെ വിധി ബാധകമാവില്ലെന്ന് പറയാം. എന്നാല്‍ അതേ സമയം, ഇത്തരത്തില്‍ ഭൂമി വാങ്ങിക്കൂട്ടുന്നതിലൂടെ സാധാരണക്കാര്‍ക്ക് പ്രയാസം നേരിടുന്ന അവസ്ഥ സംജാതമാവാതെ ശ്രമിക്കേണ്ടത് ഒരു വിശ്വാസിയുടെ ബാധ്യതയാണ്. ഇതരര്‍ക്ക് പ്രയാസമുണ്ടാക്കുന്ന വാക്ക് പോലും ഒരു വിശ്വാസിയില്‍നിന്ന് ഉണ്ടാവരുതെന്നാണ് ഇസ്‌ലാമിന്റെ മാനവികദര്‍ശനം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter