സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതും സ്വര്‍ണ വ്യാപാരത്തില്‍ പങ്കാളിയവുന്നതിന്റെയും ഇസ്‌ലാമിക വിധിയെന്ത്‌ ?

ചോദ്യകർത്താവ്

ജാവീദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്വര്‍ണ്ണവും വെള്ളിയും സൂക്ഷിപ്പ് സ്വത്തായും നിക്ഷേപമായും വസ്തുക്കളുടെ വിലയായും മറ്റുമൊക്കെ കാലങ്ങളായി മനുഷ്യന്‍ ഉപയോഗിച്ച് വരുന്നു. അടിസ്ഥാനപരമായി മനുഷ്യന്‍ നിക്ഷേപമായുംവിലയായും ഉപയോഗിക്കുന്നതാണിവ എന്നതിനാല്‍ ഇതിന്റെ ക്രയവിക്രയങ്ങള്‍ക്ക് ഇസ്‌ലാം ചില നിബന്ധനകള്‍ വെച്ചിട്ടുണ്ട്. വില നിര്‍ണയത്തിനും വസ്തുക്കളുടെ കൈമാറ്റത്തിനുമായി അല്ലാഹു സൃഷ്ടിച്ചതാണ് സ്വര്‍ണ്ണവും വെള്ളിയുമെന്നു 'ഇഹ് യ' യില്‍ ഇമാം ഗസ്സാലി വിശദീകരിക്കുന്നു. അതിനാല്‍ തന്നെ വ്യക്തികളുടെയും സമൂഹത്തിന്റെയും സാമ്പത്തിക ഭദ്രത ലക്ഷ്യമാക്കി ഇവയുടെ വ്യപാരത്തിലും നിക്ഷേപത്തിലും ചില നിബന്ധനകള്‍ ഇസ്‌ലാം നിര്‍ബന്ധമാക്കുന്നു. അവ ഇങ്ങനെ സംഗ്രഹിക്കാം 1. സ്വര്‍ണ്ണം സ്വര്‍ണ്ണത്തിനു പകരം വില്‍ക്കുമ്പോള്‍ (വെള്ളി വെള്ളിക്ക് പകരവും) വില്‍ക്കുമ്പോള്‍ മൂന്നു നിബന്ധനകള്‍ പാലിച്ചിരിക്കണം. രണ്ടും തുല്യമായിരിക്കുക,  കച്ചവടം റൊക്കമായിരിക്കുക, സദസ്സില്‍ വെച്ച് തന്നെ കൈമാറ്റം പൂര്‍ത്തിയാക്കുക. 2. സ്വര്‍ണ്ണം വെള്ളിക്ക് പകരമോ അല്ലെങ്കില്‍ അവയുടെ സ്ഥാനത്തുള്ള കാശിനു പകരമോ വില്‍ക്കുമ്പോള്‍ തുല്യമായിരിക്കുക എന്നതൊഴിച്ചുള്ള മറ്റു രണ്ടു നിബന്ധനകളും ബാധകമാണ്. കച്ചവടം റൊക്കമായിരിക്കുക, ഇടപാട്‌ നടത്തുന്നവര്‍ കച്ചവട സദസ്സില്‍ നിന്ന് വിട്ടുപിരിയുന്നതിനു മുമ്പ് തന്നെ കൈമാറ്റം പൂര്‍ത്തിയാക്കുക എന്നീ നിബന്ധനകള്‍ പാലിച്ചിരിക്കണം. അതായത്‌ അവധി നിശ്ചയിച്ചുള്ള കച്ചവടമോ കൈമാറ്റം വൈകിപ്പിക്കാലോ തവണകളായി അടച്ചുതീര്‍ക്കുന്ന രീതിയിലുളള കച്ചവടമോ അനുവദനീയമല്ല. മറിച്ചു അങ്ങനെ ചെയ്‌താല്‍ ഇസ്‌ലാം നിരോധിച്ച (റിബല്‍ ഫദ്ല്‍ - അധികപ്പലിശ) ഇനത്തില്‍ വരുന്നതാണ്. ഇവിടെ സ്വര്‍ണ്ണ നാണയം, സ്വര്‍ണ്ണാഭരണങ്ങള്‍, സ്വര്‍ണ്ണ കട്ടികള്‍ എന്നിവ തമ്മില്‍ വ്യതാസമില്ല. എല്ലാറ്റിനും നിയമം ബാധകമാണ്. ഒട്ടനവധി ഹദീസുകള്‍ ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് കൊണ്ടുതന്നെ ഇത്തരം കച്ചവടം നിഷിദ്ധ(ഹറാം)വും വന്‍പാപമായ പലിശയുടെ ഗണത്തില്‍ വരുന്നതുമാണ്. ഫത്ഹുല്‍ മുഈന്‍ അടക്കമുള്ള ഫിഖ്‌ഹീ ഗ്രന്ഥങ്ങള്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. പഴയ സ്വര്‍ണ്ണം പുതിയ സ്വര്‍ണ്ണത്തിന് പകരം വില്‍ക്കുമ്പോഴും ഈ നിയമം ബാധകമാണ്. അങ്ങനെ ചെയ്യേണ്ടി വരുമ്പോള്‍ പഴയ സ്വര്‍ണ്ണം കാശിനു പകരം വിറ്റ്‌ ആ കാശിനു പുതിയ സ്വര്‍ണ്ണം വാങ്ങുക. ഈ നിയമങ്ങള്‍ പാലിക്കുന്ന സ്വര്‍ണ്ണ വ്യാപാരത്തില്‍ കച്ചവട പങ്കാളിത്തത്തിലെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് പങ്കാളിയവുന്നതിനോ, നിയമങ്ങള്‍ക്ക് വിധേയമായി നിക്ഷേപം നടത്തുന്നതിനോ കുഴപ്പമില്ല. അല്ലെങ്കില്‍ നിഷിദ്ധമാണ്. ഇടപാടുകളില്‍ പൂര്‍ണമായും ഇസ്‌ലാമിക രീതി സ്വീകരിക്കുവാന്‍ നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter