ഒരാളില്‍ നിന്നും വാടകയായി എടുത്ത ഒരു കട മറ്റൊരാള്‍ക്ക് മറിച്ചു കൊടുക്കുമ്പോള്‍ കീ മണി (പകിടി ) യായി ഒരു വലിയ തുക വാങ്ങുന്നു, ഇത് ശരിയാണോ ?

ചോദ്യകർത്താവ്

മുഹമ്മദ് അശ്റഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പകിടി അല്ലെങ്കില്‍ കീമണി പല രീതിയില്‍ വാങ്ങാറുണ്ട്. 1.  വസ്തു ഉടമ വാടകക്കാരനില്‍ നിന്ന് വാടക കരാറിന്റെ തുടക്കത്തില്‍ ഈടാക്കുന്ന തുക. പല സ്ഥലങ്ങളിലും കടകളും മറ്റും ദീര്‍ഘകാല വാടകയ്ക്ക് കൊടുത്താല്‍  പിന്നീട് വടകക്കാരനെ ഒഴിപ്പിച്ചു കട വീണ്ടെടുക്കാന്‍ പ്രയാസമാണ്. ഇത് മുന്‍കൂട്ടി കണ്ടു സ്ഥിരമായ വാടകകയ്ക്ക് പുറമേ ഒരു വലിയ സംഖ്യ ആദ്യമേ കീമണിയായി വാങ്ങുകയും സ്വന്തമായ്ക്കുകയും ചെയ്യുന്നു. ഇവിടെ പ്രത്യേകമായി മനസ്സിലാക്കേണ്ട ഒരു കാര്യം ഇസ്‌ലാമികമായി വാടക കാരാറില്‍ വാടക കാലാവധി പറഞ്ഞിരിക്കണം. അനിശ്ചിതത കാലത്തേക്ക് വടക്ക്‌ നല്‍കുന്നത് ഇസ്‌ലാമിലെ ഇടപാട്‌ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. ഇങ്ങനെ നിശ്ചിത കാലാവധി നിശ്ചയിച്ചു ഏര്‍പ്പെടുന്ന വാടക ഇടപാടില്‍ വാടകയുടെ ഭാഗമായി ഒരു സംഖ്യതുടക്കത്തില്‍ വാങ്ങുന്നതില്‍ തെറ്റില്ല. പക്ഷേ വാടക കരാര്‍ കാലാവധി പൂര്‍ത്തിയാവുന്നതിനു മുന്‍പ്‌ റദ്ദാക്കുന്ന പക്ഷം ആനുപാതികമായി ആ സംഖ്യയില്‍ നിന്ന് തിരിച്ചുകൊടുക്കാന്‍ ഉടമസ്ഥന്‍ ബാധ്യസ്ഥനാണ്. 2. വാടക വസ്തു ഒഴിഞ്ഞു കൊടുക്കുന്നതിനു ഉടമസ്ഥനില്‍ നിന്ന് വാടക്കാരന്‍ ഈടാക്കുന്നത്. പലപ്പോഴും വാടകക്കാരന്‍ തന്റെ വാടക വസ്തുവില്‍ നിന്ന് ഒഴിഞ്ഞു കൊടുക്കാന്‍ ഉടമസ്ഥനോട് വലിയ ഒരു സംഖ്യ ആവശ്യപ്പെടുന്ന രീതി പലയിടങ്ങളിലും നിലവിലുണ്ട്.  വാടകകരാര്‍ കാലാവധി അവസാനിക്കുകയും വാടകക്കരാര്‍ പുതുക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോള്‍ ഒഴിഞ്ഞുകൊടുക്കുന്നതിനു വാടകക്കാരാനു ഉടമസ്ഥനില്‍ നിന്ന് ഒരു സംഖ്യയും ഈടാക്കാന്‍ പാടില്ല. അല്ലാതെ തന്നെ ഒഴിഞ്ഞു കൊടുക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. അതേസമയം, വാടക കാലാവധിക്കിടയില്‍ വാടകക്കരാര്‍ ഏകപക്ഷീയമായി റദ്ദാക്കാന്‍ ഉടമസ്ഥനു  അനുവാദമില്ല. ആ ഘട്ടത്തില്‍ ഉടമസ്ഥന്റെ ആവശ്യപ്രകാരം വാടക കാലാവധിയുടെ ബാക്കിയുള്ള സമയം ഒഴിഞ്ഞു കൊടുക്കുന്നതിനു പരിഹാരമായി വാടകക്കാരന് ഉടമസ്ഥനില്‍ നിന്ന്  അവര്‍ രണ്ടുപേരും തൃപ്തിപ്പെടുന്ന ഒരു സംഖ്യ ഈടാക്കാവുന്നതാണ്. 3. വാടകക്കാരന്‍ പുതിയ വാടകക്കാരനില്‍ നിന്നും ഈടാക്കുന്ന തുക. താന്‍ വാടകയ്ക്ക് എടുത്ത വസ്തു മറ്റൊരാള്‍ക്ക്‌ വാടകയ്ക്ക് കൈമാറുന്നതിനു ആദ്യത്തെ വാടകക്കാരന്‍  പുതിയ വാടകക്കരനില്‍ നിന്ന് ഈടാക്കുന്ന സംഖ്യയാണിത്‌. വാടക കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പാണ് ഇത് വാങ്ങുന്നതെങ്കില്‍ അയാളുടെ അവകാശം വിട്ടുകൊടുക്കന്നതിനുള്ള പരിഹാരം എന്ന നിലയില്‍  അനുവദിനീയമാകുന്നതും കാലാവധി കഴിഞ്ഞെങ്കില്‍ നിഷിദ്ധവുമാണ്. ചോദ്യത്തില്‍ നിന്ന് മനസ്സിലാവുന്നത് ഈ രൂപത്തെക്കുറിച്ചാണ് ചോദ്യകര്‍ത്താവ് ഉദ്ദേശിക്കുന്നത്.  അങ്ങനെയെങ്കില്‍ കരാര്‍ കാലാവധിക്കുള്ളിലാണ് അങ്ങനെ വാങ്ങുന്നതെങ്കില്‍ അത് അനുവദിനീയവും അല്ലെങ്കില്‍ നിഷിദ്ധവുമാണ്. പില്‍ക്കാലത്ത് രൂപപ്പെട്ട രൂപങ്ങളായാതിനാല്‍ ഇപ്പറഞ്ഞ വിഷയങ്ങളില്‍ നേരിട്ടുള്ള നിലപാടുകള്‍ പ്രാമാണിക ഗ്രന്ഥങ്ങളില്‍ ലഭ്യമല്ല. ഇത്തരം വിഷയങ്ങളില്‍ സമാനമായ മറ്റു നിലപാടുകളുടെയും പൊതുവായ ഇസ്‌ലാമിക നിലപാടുകളുടെയും അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര ഫിഖ്‌ ഹ് അക്കാദമിയുടെ ജിദ്ദയില്‍ ചേര്‍ന്ന ഹിജ്‌റ 1408 (1988) ലെ തീരുമാനവും ഈജിപ്ഷ്യന്‍ ദാറുല്‍ ഇഫ്തയുടെ സമാനമായ ഫത്‌വയെയും അടിസ്ഥാനമാക്കിയാണ് ഈ ഉത്തരം ഇവിടെ നല്‍കിയിട്ടുള്ളത്‌. മേല്‍ പറഞ്ഞത്തില്‍ നിന്ന് വ്യതസ്തമായി ഇടപാടുകളില്‍ തനിക്ക്‌ കിട്ടാനുള്ള മുതലിന് ഗ്യാരണ്ടിയെന്ന നിലയില്‍ പണമോ മറ്റു വസ്തുക്കളോ വാങ്ങിവെക്കുന്നത് പണയമിടപാടാണു. ഇത് അനുവദിനീയമാണ്. പക്ഷേ ഇടപാട്‌ അവസാനിക്കുന്നതോടെ ആ പണയ സംഖ്യ/വസ്തു അതിന്റെ ഉടമക്ക് തിരിച്ചു നല്‍കണം. തനിക്ക്‌ അര്‍ഹമായത്‌ ലഭിച്ചിട്ടില്ലെങ്കില്‍ ആ പണയത്തില്‍ നിന്ന് സമാനമായത്‌ ഇടപാടുകാരന് ഈടാക്കാവുന്നതാണ്. കടമിടപാടില്‍ സ്വീകരിച്ച പണയ വസ്തു കടംനല്‍കിയവന് ഉപയോഗപ്പെടുത്തവതല്ല. അത് പലിശയായി മാറും. അല്ലാതെ ഇടപാടുകളില്‍ (ഉദാ: വില്‍പന, വാടക) പണയം നല്‍കിയവന്റെ സമ്മതത്തോടെ പണയ വസ്തു/സംഖ്യ പണയം സ്വീകരിച്ചയാള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ഉടമ തിരിച്ചുകൊടുക്കേണ്ട കടത്തിന്റെ/വായ്പയുടെ സ്ഥാനത്തായിരിക്കും അത്. ഇങ്ങനെ തിരിച്ചുകൊടുക്കുന്ന സംഖ്യയായിട്ടു കീമണി അല്ലെങ്കില്‍ പകിടി വാങ്ങാവുന്നതും ഇടപാടുകാരന്റെ സമ്മതത്തോടെ അതുപയോഗപ്പെടുത്താവുന്നതുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter