അവകാശികള്‍ ഇല്ലാത്ത അല്ലെങ്കില്‍ അവകാശികള്‍ ഒഴിവാക്കിയ വസ്തുക്കള്‍ അവരുടെ അനുവാദമില്ലാതെ നമുക്ക് ഉപയോകിക്കാമോ ? ഉദാ: ലോണ്ടറിയോ ടൈലര്‍ ഷോപോ ഉണ്ട് അവിടെ കുറെ നാളുകളായി പല വസ്ത്രങ്ങളും അവകാശികള്‍ കൊണ്ട് പോകാതെ കിടക്കുന്നു ഈ വസ്ത്രങ്ങള്‍ കടക്കാരനോ അയാള് കൊടുക്കുന്നവര്‍ക്കോ അത് ഉപയോകിക്കാന്‍ പറ്റുമോ?

ചോദ്യകർത്താവ്

ഷഫീഖ് ആദൂര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഉടമകള്‍ ഒഴിവാക്കിയതാണെന്നു ഉറപ്പുള്ള വസ്തുക്കള്‍ സ്വന്തമാക്കുന്നതിലും ഉപയോഗിക്കുന്നതിലും തെറ്റില്ല. അതു പോലെ സാധാരണ ഗതിയില്‍ ഉപേക്ഷിക്കപ്പെട്ടതായി ഗണിക്കപ്പെടുന്നതും സ്വന്തമാക്കാം. അവകാശികളാരെന്നു അറിയാത്ത വസ്തുക്കള്‍ സ്വന്തമാക്കാനോ ഉപയോഗിക്കാനോ പറ്റില്ല. പക്ഷേ, വീണു കിട്ടി വസ്തുക്കള്‍ ഒരു വര്‍ഷം ഉടമസ്ഥനെ അന്വേഷിച്ച് പരസ്യപ്പെടുത്തിയതിനു ശേഷം സ്വന്തമാക്കാം. ഇന്ന് ഏറ്റവും കരണീയമായത് അവ പോലീസ് പോലെയുള്ളവയില്‍ ഏല്‍പിക്കലാണ്. എന്നാല്‍ വില കുറഞ്ഞ വസ്തുക്കള്‍ അതിന്‍റെ ഉടമ അതിനെ അവഗണിക്കുന്ന സമയമത്രയും പരസ്യപ്പെടുത്തിയാല്‍ മതിയാകും. തീരെ നിസ്സാരമായത് (ഉദാഹരണം സ്വല്‍പം കാരക്ക, ഒരു ചോക്ലേറ്റ്) അപ്പോള്‍ തന്നെ കൈവശപ്പെടുത്താവുന്നതാണ്. ഉടമസ്ഥന്‍ മരണപ്പെട്ടുപോകുകയും അവകാശിയെ അറിയാതിരിക്കുകയും ചെയ്താല്‍ ആ സ്വത്ത് സര്‍ക്കാറിനെ ഏല്‍പിക്കുകയാണ് വേണ്ടത്. സഹോദരന്‍ ഉദാഹരണത്തില്‍ പറഞ്ഞതു പോലെ അലക്കു കടയിലും തയ്യല്‍ കടയിലും ഏല്‍പിക്കുന്ന വസ്ത്രങ്ങള്‍ സൂക്ഷിപ്പു സ്വത്തായി മനസ്സിലാക്കാം. അതിന്‍റെ ഉടമസ്ഥര്‍ അത് കാലങ്ങള്‍ക്കു ശേഷവും തിരികെവാങ്ങിയിട്ടില്ലെങ്കില്‍ ഉടമസ്ഥനെ അറിയാനുള്ള മാര്‍ഗമില്ലാതെയാവുകയും ചെയ്തെങ്കില്‍ അവ മുസ്‍ലിംകളിലെ പാവപ്പെട്ട അത്യാവശ്യകാര്‍ക്ക് വിതരണം ചെയ്യണം. അല്ലെങ്കില്‍ അത് മുസ്ലിംകളുടെ പൊതു നന്മകളില്‍ ഉപയോഗിക്കണം. പള്ളി പണിയാന്‍ ഉപയോഗിക്കരുത്. ആര്‍ക്കു വിതരണം ചെയ്യണം എന്നറിയില്ലെങ്കില്‍ അത് അറിയാവുന്ന വിശ്വസ്തനായ ഒരു പോതു പ്രവര്‍ത്തകനെ അത് ഏല്‍പ്പിക്കണം. പക്ഷേ, ഇവിടെ അലക്കുകാരനു അത് അലക്കിയതിന്‍റെ പ്രതിഫലവും തയ്യല്‍ക്കാരനു അത് തയ്ച്ചതിന്‍റെ പ്രതിഫലവും അവ സൂക്ഷിച്ചു വെക്കാന്‍ വന്ന ചെലവും ഈ വസ്ത്രങ്ങളില്‍ നിന്ന് ഈടാക്കിയതിനു ശേഷമേ (വസ്ത്രങ്ങള്‍ വിറ്റ് കിട്ടിയ കാശില്‍ നിന്ന് ഈടാക്കുകയോ ചെലവിനും പ്രതിഫലത്തിനും തത്തുല്യമായ വസ്ത്രങ്ങള്‍ സ്വന്തമാക്കുകയോ ചെയ്യാം) അവ പൊതുവായി വിതരണം ചെയ്യേണ്ടതുള്ളൂ. കടക്കാരന്‍ വസ്ത്രങ്ങളോ തുണികളോ ഉപഭോക്താക്കളില്‍ നിന്നു സ്വീകരിക്കുമ്പോള്‍ തന്നെ ഉടമയുടെ വിവരങ്ങള്‍ ശേഖരിക്കുന്നതും തിരികെ വാങ്ങേണ്ട പരമാവധി സമയം പരസ്പരം യോചിപ്പിലെത്തുന്നതും ഇത് കുറേകൂടി സുഗമമായി കൈകാര്യം ചെയ്യാന്‍ സഹായിക്കും. കൂടുതല്‍ അറിയാനും അതനുസരിച്ച് അമല്‍ ചെയ്യാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter