ഒരാള്‍ മരിക്കുന്നതിന് മുമ്പ് തന്‍റെ മുഴുവന്‍ സ്വത്തും ചില മക്കള്ക്ക് മാത്രം എഴുതിക്കൊടുത്താല്‍ അതിന്‍റെ കര്‍മ്മശാസ്ത്ര വിധി എന്താണ്?
ചോദ്യകർത്താവ്
അബ്ദുല്‍ അസീസ്
Aug 25, 2016
CODE :
മരണത്തിന് മുമ്പായി ഇങ്ങനെ എഴുതി വെക്കുന്നതിനെ വസ്വിയ്യത് എന്നാണ് കര്‍മ്മശാസ്ത്രം വിളിക്കുന്നത്. ഇത്തരത്തില്‍ ഒരു പിതാവ് തന്റെ സ്വത്ത് മുഴുവന്‍ ഒരു മകന് എഴുതിവെച്ചാല്‍ അനന്തരവകാശികള്‍ അംഗീകരിക്കുന്ന പക്ഷം അത് വസ്വിയ്യതായി പരിഗണിക്കപ്പെടുന്നതാണ്. ഇത്തരം വസിയതുകള്‍ നടപ്പിലാകണമെങ്കില്‍ വസ്വിയത് ചെയ്തയാള്‍ മരിച്ച ശേഷം മറ്റു അവകാശികള്‍ അത് സമ്മതിച്ചിരിക്കണം. അനന്തരാവകാശികള്‍ക്കുള്ള ഏതൊരു വസ്വിയത്തിന്‍റെയും സാധുത മറ്റു അവകാശികളുടെ സമ്മതത്തെ ആശ്രയിച്ച് മാത്രം നിലനില്‍ക്കുന്നതാണെന്ന് ഫത്ഹുല്‍ മുഈന്‍ ഉള്‍പ്പെടെയുള്ള ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്.
മേല്‍പറഞ്ഞ രൂപത്തില്‍ മറ്റു അവകാശികള്‍ സമ്മതിക്കാതിരുന്നാല്‍ തന്നെ അത് സാധുവാകാതെ വരും. കൂട്ടത്തില്‍ ബുദ്ധിസ്ഥിരത ഇല്ലാത്ത ആള്‍ സമ്മതിച്ചാല്‍ പോലും അയാളുടെ സമ്മതം പരിഗണിക്കപ്പെടുന്നതല്ല, ആയതിനാല്‍ അയാളുടെ അവകാശം അദ്ദേഹത്തിന് തന്നെ നല്‍കുകയോ ബുദ്ധിസ്ഥിരത ഉണ്ടാവുന്നത് വരെ കാത്തിരിക്കുകയോ ചെയ്യേണ്ടി വരും. ഇതിനു മുമ്പു സമാനമായ ഉത്തരം നല്‍കിയത് ഇവിടെ വായിക്കാം. വസ്വിയ്യത്ത് സംബന്ധമായ നിയമങ്ങള്‍ വിശദമായി വസിയതിന്‍റെ നിയമങ്ങള്‍ എന്ന ലേഖനത്തില്‍ വായിക്കാവുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.