അടവിനു എടുത്ത വണ്ടി ഓടിക്കുന്നത് അനുവദനീയമാവുമോ?

ചോദ്യകർത്താവ്

ഇസ്മാഈല്‍ മേലേപുറത്ത്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പലിശയോ അനിശ്ചിതത്വമോ ചൂതാട്ടമോ ഇല്ലാത്ത ക്രയവിക്രയങ്ങളെ ഇസ്‌ലാം നിയമവിധേയമാക്കിയിട്ടുണ്ട്. ഒരു കച്ചവടത്തില്‍ കച്ചവടം ചെയ്യപ്പെടുന്ന വസ്തുവിന്റെ വില ഇടപാടുകാരുടെ പരസ്പര ധാരണപ്രകാരം തീരുമാനിക്കാവുന്നതാണ്. ഇങ്ങനെ വില്‍ക്കപ്പെടുന്ന വസ്തുവിന്റെ വില്‍പന വിലക്ക് നിശ്ചിത അവധി നിശ്ചയിക്കുന്നതിന് പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ വ്യതാസമില്ല.  പ്രവാചക കാലഘട്ടം മുതല്‍ ഇത് നടന്നു വരുന്നു. നബി (സ)വഫത്താകുമ്പോള്‍ നബി യുടെ പടയങ്കി മുപ്പത്‌ സാഅ് ബാര്‍ലി ഗോതമ്പ് അവധി നിശ്ചയിച്ചു വാങ്ങിയതിന് പണയമായി ഒരു ജൂതന്റെ കൈവശമായിരുന്നുവെന്നു ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം. ഇത്തരം ഒരുപാട് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഫുഖഹാക്കള്‍ വില്പന വിലക്ക് ഒറ്റത്തവണയായോ കൂടുതല്‍ തവണകളായോ അവധി നിശ്ചയിച്ചു അടക്കുന്നത് അനുവദിനീയമാണെന്നു സമര്‍ഥിക്കുന്നു. സാധാരനവിലയേക്കാള്‍ കൂടുതലാണ് തവണ വ്യവസ്ഥയില്‍ വില നിശ്ചയിക്കപ്പെടുന്നതെങ്കിലും കച്ചവടം അനുവദിനീയമാണ്. ഇക്കാര്യം ഇമാം നവവി ശറഹുല്‍ മുഹദ്ദബില്‍ ‘വകാലത്തി’ന്റെ ഭാഗത്തും ഇമാം ഇബ്നു ഹൈജര്‍ അല്‍-ഹൈതമി തുഹ്ഫയില്‍ തയമ്മുമിന്റെ ഭാഗത്തും സൂചിപ്പിക്കുന്നുണ്ട്. പക്ഷെ ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങളുണ്ട്. 1- ഇടപാടില്‍ കൃത്യമായ വിലയും വില അടക്കേണ്ട സമയവും നിശ്ചയിക്കപ്പെടണം, അതായത്‌ റൊക്കമായി വില നല്‍കിയാല്‍ ഇത്ര തവണയെങ്കില്‍ ഇത്ര എന്ന് പറഞ്ഞു അനിശ്ചിതത്വ രീതിയില്‍ ഇടപാട് പൂര്‍ത്തിയാക്കാന്‍ പറ്റില്ല. മറിച്ചു ഇത്ര വിലക്ക് വിറ്റു എന്ന രീതിയില്‍ ഇടപാട് പൂര്‍ത്തിയാക്കണം. അല്ലെങ്കില്‍ നബി (സ) നിരോധിച്ച ഒരു കച്ചവടത്തിനുള്ളില്‍ രണ്ടു കച്ചവടം എന്ന രൂപത്തിലേക്ക് നീങ്ങുകയും കച്ചവടം അസാധുവാകുകയും ചെയ്യും. 2- കച്ചവടം പൂര്‍ത്തിയായതിനു ശേഷം വിലയില്‍ മാറ്റ വരുത്താനോ അല്ലെങ്കില്‍ അടയ്ക്കാന്‍ വൈകുന്നതിന്റെ പേരില്‍ കൂടുതല്‍ തുക ഈടാക്കനോ പറ്റില്ല. അങ്ങനെ ഈടാക്കുന്ന പക്ഷം അത് പലിശയുടെ ഗണത്തില്‍ പെടും. കാരണം വില്‍പന പൂര്‍ത്തിയായതോടെ വില്‍പ്പനക്കാരന് നല്‍കേണ്ട കടബാധ്യതയുടെ സ്ഥാനത്താണ് ഈ സംഖ്യ. അതില്‍ കൂടുതല്‍ ഈടാക്കുന്നത് പലിശക്ക് തുല്യമാകും. 3.- ഇങ്ങനെ കാലാവധി നിശ്ചയിച്ചു വാങ്ങിയ വസ്തു വില്‍പ്പനക്കാരന് തന്നെ കുറഞ്ഞ തുകക്ക് റൊക്കം തിരിച്ചു വില്‍ക്കാന്‍ പാടില്ല. കാരണം അതുവഴി വില്‍ക്കപ്പനക്കാരന്‍ പലിശയിലേക്കുള്ള കുറുക്കുവഴി തേടുന്നു. ‘ബയ്അ് അല്‍-അയ്ന’ എന്ന് ഹദീസുകളിലും ഫിഖ്‌ഹിലും പരിചയപ്പെടുത്തുന്ന ഈ ഇരട്ട കച്ചവട രീതിയെ നബി (സ) നിരോധിച്ചിട്ടുണ്ട്. അതേസമയം ഇങ്ങനെ കൂടിയ വിലക്ക് വാങ്ങിയ വസ്തു മറ്റൊരാള്‍ക്ക്‌ കുറഞ്ഞ വിലക്ക് വിറ്റു പണമാക്കുന്നതില്‍ തെറ്റില്ല. ഇവയാണ് അടവ് കച്ചവടത്തെകുറിച്ച് കര്‍മ്മശാസ്ത്രത്തിന്റെ നിലപാട്. ഇതിനെതിരായ നിലയില്‍ കച്ചവടം നടന്നാല്‍ അത് ഫാസിദായ കച്ചവടമാണ്. ഫാസിദായ കച്ചവടം മുഖേന വാങ്ങിയത്  വാങ്ങിയവന് ഉടമപ്പെടില്ലയെന്നാണ് ശാഫീ മദ്ഹബ്. വിലയും സാധനവും പരസ്പരം കൈമാറണമെന്നാണ് നിയമം. എന്നാല്‍ ഹനഫീ മാലികീ മദ്ഹബ് പ്രകാരം ഫാസിദായ കച്ചവടം മുഖേന വാങ്ങിയതും വാങ്ങിയവനു ഉടമപ്പെടുമെന്നാണ്. നമ്മുടെ ഉടമസ്ഥതിയലല്ലാത്ത സാധനം ഉപയോഗിക്കുന്നത് ഉടമക്ക് തൃപ്തിയാണോ എന്നാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. നാം ആരില്‍ നിന്നാണോ വാങ്ങിയത് അവര്‍ക്ക് പറയപ്പെട്ട വാഹനം ഉപയോഗിക്കുന്നത് തൃപ്തികരമാണെങ്കില്‍ അത് ഉപയോഗിക്കാം. നാം വാഹനത്തിനായി നല്‍കിയ വിലയും അങ്ങനെത്തന്നെ. അത് നമുക്ക് തൃപ്തിയുള്ളതാണെങ്കില്‍ വാഹനം വിറ്റവനും ഉപയോഗിക്കാം. ഹനഫീ മദ്ഹബ് പ്രകാരം ഉടമപ്പെടുത്തുമെന്നതിനാല്‍ അത് ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്. ഹലാലായ മാര്‍ഗ്ഗത്തിലൂടെ പണം സമ്പാദിക്കാനും അത് ഹലാലായി ഉപയോഗിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter