സ്വര്‍ണ്ണം പണയമായി സ്വീകരിച്ച് കടം നല്‍കിയാല്‍ കടം വീട്ടിയില്ലെങ്കില്‍ സ്വര്‍ണ്ണം വില്‍ക്കാമോ

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കടം വീട്ടാനുള്ള സമയമായിട്ടും കടം വീട്ടാതിരുന്നാല്‍ പണയ വസ്തു വില്‍ക്കപ്പെടേണ്ടതാണ്. എന്നാല്‍ പണയം വെച്ച വസ്തുവിന്റെ ഉടമസ്ഥാവകാശം പണയം നല്‍കിയവനു തന്നെയായതിനാല്‍ അത് വില്‍ക്കേണ്ടത് അവന്‍ തന്നെയാണ് , പണയം സ്വീകരിച്ചവനല്ല. പണയം സ്വീകരിച്ചവന്റെ സമ്മതത്തോടെയാണ് പണയദാതാവ് വില്‍പന നടത്തേണ്ടത്. സമയമായിട്ടും കടം വീട്ടാതിരിക്കുകയം പണയം സ്വീകരിച്ചവന്‍ വില്‍ക്കാനവശ്യപ്പെട്ടിട്ടും പണയ ദാതാവ് അത് വില്‍ക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ വിഷയം ഖാളിയെ ധരിപ്പിക്കുകയും ഖാളി പണയദാതാവിനെ ആവും വിധം വില്‍ക്കാന്‍ നിര്‍ബന്ധിപ്പിക്കുകയം വേണം. എന്നിട്ടും അവന്‍ വില്‍ക്കുന്നില്ലെങ്കില്‍ ഖാളി അത് വില്‍ക്കണം. എന്നാല്‍ ഇന്നു നിലവിലുള്ള ഖാളിമാര്‍ക്ക് സാമ്പത്തികമായ ഇടപാടുകളില്‍ ഇടപെടാന്‍ അര്‍ഹതയോ അതിനുള്ള പവറോ ഇല്ലാത്തതിനാല്‍ കോടതിയെ സമീപിക്കേണ്ടതായി വരും. കോടതി വ്യവഹാരങ്ങള്‍ പണം ചെലവാകുമെങ്കില്‍ പണയം സ്വീകരിച്ചവനു സ്വയം വില്‍ക്കാവുന്നതാണ്. വിറ്റ് തന്റെ കടത്തിനുള്ള സംഖ്യ മാത്രമെടുത്ത് ബാക്കിയുള്ളത് പണയദാതാവിനു തന്നെ തിരിച്ചു നല്‍കേണ്ടതാണ്. പണയം സ്വീകരിച്ചവന് പണയദാതാവിന്റെ സമ്മതത്തോടെ അവന്റെ സന്നിധിയില്‍ വെച്ച് വില്‍പന നടത്തുന്നതിനു വിരോധമില്ല. സന്നിധിയിലല്ലാതെ വില്‍കുന്നുവെങ്കില്‍ എത്ര രൂപക്കാണ് വില്‍ക്കേണ്ടത് എന്ന് പണയദാതാവ് നിശ്ചയിച്ച് നല്‍കുകയോ അല്ലെങ്കില്‍ സ്വര്‍ണ്ണത്തെ പോലെ നിശ്ചിത വിലയുള്ളതോ ആയിരിക്കണം. പണയം സ്വീകരിച്ചവന്‍ തന്റെ പണം പെട്ടെന്ന് ലഭ്യമാവാന്‍ കിട്ടുന്ന സംഖ്യക്ക് വില്‍ക്കാനുള്ള സാധ്യത പരിഗണിച്ചാണ് ഇത്തരം നിയമങ്ങള്‍ വെച്ചത്. ഇന്നത്തെ അവസരത്തില്‍ പണയ ഇടപാടിന് സുഖകരവും സൌകര്യപ്രദവുമായ രൂപം പണയം സ്വീകരിക്കുമ്പോള്‍ രണ്ട് പേരും തൃപ്തിപ്പെട്ട നീതിമാനായ ഒരു മൂന്നാം കക്ഷിയെ പണയവസ്തു ഏല്‍പിക്കുകയും ആവശ്യമായി വരുമ്പോള്‍ അത് വില്‍ക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്യുന്നതാണ്. ആവശ്യമായ സാഹചര്യത്തില്‍ വില്‍ക്കേണ്ടി വന്നാല്‍ തെറ്റിദ്ധാരണയില്ലാതിരിക്കാന്‍ അത് സഹായകമാവുമെന്ന് മാത്രമല്ല ഈ വിഷയത്തില്‍ ഖാളിയെ ഇടപെടീക്കാതിരിക്കാനുമുള്ള മാര്‍ഗ്ഗമാണിത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter