വിഷയം: ‍ ലീസ് ഇസ്ലാമില്‍

ലീസിനു കൊടുക്കൽ വാങ്ങൽ പറ്റുമോ? ഈ ഇടപാട് ഇസ്ലാമില്‍ അനുവദനീയമാണോ?

ചോദ്യകർത്താവ്

MUHAMMED ISMAIL

May 21, 2021

CODE :Fin10085

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

നിശ്ചിത കാലയളവ് വരെ ഒരു വസ്തുവിന്‍റെ ഉപയോഗത്തിനായി ഉപഭോക്താവ് ഉടമക്ക് പണം നൽകി വസ്തു സ്വീകരിക്കുകയും അവധി കഴിയുന്നത് വരെ വസ്തു പാട്ടക്കാരനും പണം ഉടമക്കും ഉപയോഗിക്കുന്നതിന് അനുമതി നല്‍കുകയും ചെയ്യുന്ന കരാർ വ്യവസ്ഥയാണല്ലോ ഇന്ന് പ്രചാരത്തിലുള്ല ലീസ്.

വീട്, വാഹനം പോലെയുള്ള സ്വത്തുക്കളുടെ ഉടമ മറ്റൊരാള്‍ക്ക് നിശ്ചിതകാലയളവിന് അത് ഉപയോഗിക്കാന്‍ നല്‍കുന്നു. ഉപഭോക്താവ് അതിന് പകരമായി വസ്തുഉടമക്ക് പണം നല്കുന്നു. ഉപഭോക്താവ് വസ്തു ഉപയോഗിക്കുന്ന കാലയളവില്‍ പണം വസ്തുഉടമയും ഉപയോഗിക്കുന്നു. അവധിക്ക് ശേഷം ഇരുവരും വസ്തുവും പണവും കൈമാറുന്നു. ഇതാണ് ഇന്ന് നടക്കുന്ന ലീസ്.

ബാഹ്യരൂപത്തില്‍ ഒരാള്‍ മറ്റൊരാളില്‍ നിന്ന് നിശ്ചിത അവധി വെച്ച് പണം കൈപറ്റി ഉപയോഗിക്കുകയും അതിന് ഈടായി തന്‍റെ വീടോ വാഹനമോ മറ്റോ പകരം നല്‍കുകയും അവധി കഴിഞ്ഞു ഇരുവരും തിരിച്ചു നല്‍കുകയും ചെയ്യുന്ന രുപത്തെ പണയം എന്ന പേരിലാണ് പലരും പരിചയപ്പെടുത്തുന്നത്.

ഇനി ശറഇന്‍റെ കാഴ്ചപ്പാടില്‍ എന്നതാണ് പണയമെന്ന് നോക്കാം.

കടം തിരിച്ചുകൊടുക്കാന്‍ കഴിയാതാവുമ്പോള്‍ പരിഹാരോപാധിയായി  സ്വീകരിക്കാനായി വില്‍പന അനുവദനീയമായ വസ്തു ഈടായി വെക്കുന്നതിനാണ് പണയമെന്ന് പറയപ്പെടുന്നത് (ഫത്ഹുല്‍ മുഈന്‍).

പണയമിടപാടില്‍ പണയം വെച്ചവനോ സ്വീകരിച്ചവനോ ബുദ്ധിമുട്ടാവുന്ന നിബന്ധന വെക്കാന്‍ പാടില്ല. കടം തിരിച്ചടക്കാനുള്ള സമയമായിട്ടും കടം തിരിച്ചു കൊടുക്കാന് കഴിഞ്ഞില്ലെങ്കിലും ഈട് വിറ്റ് കടം വീട്ടാന്‍ പാടില്ലന്നും ഈടായി വെക്കപ്പെട്ട വസ്തുവിന്‍റെ ഉപയോഗം ഈട് സ്വീകരിച്ചവനാണെന്നും നിബന്ധന വെക്കുന്നത് അനുവദനീയമായി പണമിടപാടല്ല (ഫത്ഹുല്‍മുഈന്‍).

കടം കൊടുത്തവന്ന് തന്‍റെ ധനം തിരിച്ചുകിട്ടണമെന്ന ഉറപ്പിനും മനസ്സമാധാനത്തിന്നും വേണ്ടി മാത്രമുള്ളതാണ് പണയം. അല്ലാതെ പണയ സാധനത്തെ ഉപയോഗപ്പെടുത്തുവാനോ അതിന്‍റെ വരുമാനം തിന്നുവാനോ കടം നല്‍കിയവന്ന് പാടില്ല. അത് പലിശ ഇനത്തില്‍ പെടും. പണയ വസ്തുവിന്‍റെ എല്ലാ ഉപകാരവും പണയം നല്‍കിയവന്ന് തന്നെയാണ്.

കടത്തിന്‍റെ അവധി കഴിയുകയോ പണയവസ്തു അപകടത്തിലായിപ്പോവുമെന്ന അവസ്ഥ വരികയോ ചെയ്ത സാഹചര്യത്തില്‍ വസ്തുവിന്‍റെ ഉടമക്ക് അതിനെ വില്‍ക്കാവുന്നതാണ്. എന്നാല്‍ പണയം വാങ്ങിയവന്‍റെ സമ്മതം തേടണം. അവന്‍ സമ്മതിച്ചില്ലെങ്കില്‍ കോടതിക്ക് (ഹാക്കിമിന്ന്) അത് വില്‍ക്കാനധികാരമുണ്ട്. വിറ്റുകഴിഞ്ഞാല്‍ പണയക്കാരന്‍റെ കടം വീട്ടിയ ശേഷമേ മറ്റു കടക്കാര്‍ക്ക് അവകാശമുണ്ടായിരിക്കുകയുള്ളൂ. ഇനി കടം നല്‍കിയവന്നാണ് പണയ വസ്തു വില്‍ക്കാനാവശ്യപ്പെട്ടതെങ്കില്‍ ഉടമ അത് സമ്മതിക്കേണ്ടതാണ്. അല്ലാത്തപക്ഷം, കടം വീട്ടുകയോ പണയവസ്തു വില്‍ക്കുകയോ രണ്ടാലൊന്ന് ചെയ്യണമെന്ന് കോടതി നിര്‍ബന്ധിക്കേണ്ടതാണ്. അതും സ്വീകരിച്ചില്ലെങ്കില്‍  കോടതി നേരിട്ടു വില്‍പ്പന നടത്തണം. കിട്ടിയ തുകയില്‍ നിന്നു കടം വീട്ടുകയും വേണം. കടം വീട്ടിയ ശേഷം വല്ലതും അവശേഷിച്ചാല്‍ അത് ഉടമയ്ക്ക് നല്‍കണം. കടം തീര്‍ന്നില്ലെങ്കില്‍ മറ്റു വഴിക്ക് തീര്‍ക്കാന്‍ കടം വാങ്ങിയവന്‍ ബാധ്യസ്ഥനാണ്.

ഇന്ന് കാണുന്ന ലീസ് ഇടപാടില്‍ ഈടായി വെക്കുന്ന വീടിന്‍റെയോ വാഹനത്തിന്‍റെയോ ഉപയോഗം സ്വീകര്‍ത്താവിനാണെന്ന നിബന്ധനയോടെയാണല്ലോ നടക്കുന്നത്. പലപ്പോഴും ഈ ഉപയോഗം സ്വായത്തമാക്കാന്‍ വേണ്ടി മാത്രമാണ് ഈട് വാങ്ങുന്നത്. കടം തിരിച്ചു കിട്ടാതാവുമ്പോള്‍ വില്‍പന നടത്തി കടം വീട്ടാനുള്ള മാര്‍ഗമായല്ല ഇന്ന് നടക്കുന്ന ലീസില്‍ പലപ്പോഴും ഈട് കണക്കാക്കപ്പെടുന്നത്. ആയതിനാല്‍ ഈ നിബന്ധനയോടെയുള്ള പണയമിടപാടുകള്‍ ബാത്വിലാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter