ഇസ്ലാമിക് ബേങ്കില് പലിശ ഉണ്ടോ.. അവര് തിരിച്ചുവാങ്ങുമ്പോള് അധികം വാങ്ങാറുണ്ടല്ലോ, അത് പലിശ അല്ലേ? അതിന്റെ വിധി എന്താണ്?..
ചോദ്യകർത്താവ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
പലിശ ഇസ്‌ലാം പൂര്‍ണ്ണമായും നിരോധിച്ചതാണെന്നകാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല അത്കൊണ്ട് തന്നെ പലിശ വാങ്ങുന്ന സ്ഥാപനങ്ങള്‍ ഇസ്‌ലാമികം എന്ന് വിളിക്കപ്പെടാന്‍ അര്‍ഹവുമല്ല. പലിശയെ ഇസ്‌ലാം പൊതുവെ രണ്ടായി തരം തിരിച്ചിരിക്കുന്നു. സ്വര്‍ണ്ണം വെള്ളി, കറന്‍സി തുടങ്ങിയവയുടെയും കൈമാറ്റത്തിലും ഭക്ഷ്യ വസ്തുക്കള്‍ തമ്മിലുള്ള കൈമാറ്റത്തിലും വരുന്ന കച്ചവടപ്പലിശ. കടം വാങ്ങിയതിനു അധികം ഈടാക്കുന്ന കടപ്പലിശ. ഇവയില്‍ ഏതെങ്കിലുംവാങ്ങുന്ന സ്ഥാപനം ഇസ്‌ലാമികമാവില്ല.
ഇസ്‌ലാമിക ധനകാര്യസ്ഥാപനങ്ങളായി അറിയപ്പെടുന്നവ ഇത്തരം പലിശകളുമായി പോതുവെ ഇടപെടാറില്ല. അത്തരം സ്ഥാപനങ്ങളില്‍ വിനിമയത്തിന് പൊതുവേ ഉപയോഗിക്കുന്നത് മുറാബഹ എന്ന രീതിയാണ്. അതായത് ഉപഭോക്താവ് ആവശ്യപ്പെടുന്ന വസ്തു (വാഹനം, ഫര്‍ണിച്ചര്‍ പോലോത്തവ) ബാങ്ക് വാങ്ങുകയും തങ്ങളുടെ ലാഭം കൂടി ചേര്‍ത്ത് യഥാര്‍ത്ഥ വിലയും തങ്ങളുടെ ലാഭവും എത്രയെന്നു വ്യക്തമാക്കി വില്‍ക്കുന്ന രൂപമാണ് മുറാബഹ. ഇത്തരം വില്‍പന ഇസ്‌ലാമിക ഫിഖ്‌ഹില്‍ നിയമ സാധുതയുള്ളതാണ്. ഇങ്ങനെ അധികം വാങ്ങുന്നത് പലിശയാവുകയില്ല. മുറാബഹ അല്ലാത്ത മറ്റുപല ഇസ്‌ലാമികധനകാര്യ സാമഗ്രികളും ഇസ്‌ലാമിക് ബാങ്കുകള്‍ ഉപയോഗപ്പെടുത്താറുണ്ട്. ദീര്‍ഘമായ വിശദീകരണം ആവശ്യമായ അവ ഇവിടെ വിശദീകരിക്കുക പ്രയാസമാണ്.
ഇസ്‌ലാമിക സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടു കൂടുതല്‍ മനസ്സിലാക്കുന്നതിനു കര്‍മ്മശാസ്ത്രത്തിലെ സാമ്പത്തിക ഇടപാടുകള്‍ സന്ദര്‍ശിക്കുക. ഇത് സംബന്ധിച്ച കൂടുതല്‍ ചോദ്യത്തരങ്ങള്‍ വായിക്കാന്‍ Fatwaonweb വിഭാഗത്തിലെ സാമ്പത്തികം സന്ദര്‍ശിക്കുക. ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണ്.കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അവന്‍ തൗഫീഖ് നല്‍കട്ടെ. ആമീന്‍