കോഒപറേറ്റീവ് ഇന്‍ഷുറന്‍സും കൊമേഴ്സല്‍ ഇന്‍ഷുറന്‍സും തമ്മിലുള്ള വ്യത്യാസം ഉദാഹരണ സഹിതം ഒന്ന് വിശദീകരിക്കാമോ. ഖത്തറില്‍ ജോലി ചെയ്യുന്ന എനിക്ക് കമ്പനി വര്‍ഷത്തില്‍ 2000 റിയാല്‍ അടച്ചു ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്ത് തന്നിട്ടുണ്ട്, ഈ ഇന്‍ഷുറന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷത്തേക്ക് ചികിത്സ ഫ്രീ ആണ്, ഇത് അനുവദനീയമാണോ?.
ചോദ്യകർത്താവ്
ഉമര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
പരമ്പരാഗത ഇന്‍ഷുറന്‍സ് സംവിധാന(കൊമേഴ്സല്‍ ഇന്‍ഷുറന്‍സ്)ത്തില്‍ സാമ്പത്തിക ഇടപാടുകളില്‍ ഉണ്ടാവരുതെന്നു ഇസ്‌ലാം നിഷ്കര്‍ഷിച്ച പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. അനിശ്ചിതത്വം (ഗറര്‍) ചൂതാട്ടം (മയ്സിര്‍) പലിശ (രിബ) തുടങ്ങിയ ഘടകങ്ങള്‍ അതില്‍ കടന്നു വരുന്നു. വിശദ വായനക്ക് ഖാദി സി.എം അബ്ദുല്ല മൌലവിയുടെ ഈ ലേഖനം നോക്കുക. അതിനാല്‍ അത് നിഷിദ്ധമാണെന്ന കാര്യം വ്യക്തമാണ്.
പരസ്‌പര സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന് ഒരു നിക്ഷേപ നിധിരൂപീകരിക്കുകയും അംഗങ്ങള്‍ക്ക് നിശ്ചിത അടിയന്തിര ഘട്ടങ്ങളില്‍ അതില്‍ നിന്നോ അതിന്റെ ലാഭത്തില്‍ നിന്നോ നിശ്ചിത തുക സഹായമായി/നഷ്ടപരിഹാരമായി അനുവദിക്കുകയും ചെയ്യുന്ന ഇന്‍ഷുറന്‍സ് രീതിക്കാണ് കോഒപറേറ്റീവ് ഇന്‍ഷുറന്‍സ് എന്ന് പറയുന്നത്. തത്വത്തില്‍ ഈ രീതിയിലുള്ള ഇന്‍ഷുറന്‍സ് ഇസ്‌ലാമിക വിരുദ്ധമല്ല. സൊസൈറ്റികളായും കമ്പനികളായും ലോകത്ത് പലയിടങ്ങളിലും പ്രത്യേകിച്ച് സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ഈ രീതിയില്‍ ഇന്‍ഷുറന്‍സ് നടപ്പാക്കി വരുന്നു. ഇവിടെ സൊസൈറ്റിയിലെ അംഗങ്ങള്‍ നല്‍കുന്ന നിക്ഷേപ തുക സംഭാവനയായി കണക്കാക്കപ്പെടുന്നു. കമ്പനിയായി രൂപീകരിക്കപ്പെടുമ്പോള്‍ എല്ലാ അംഗങ്ങളും നിക്ഷേപകരായി പരിഗണിക്കപ്പെടുന്നു. ലാഭേച്ഛയില്ലാതെ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണിവ. ആ നിലയില്‍ അവ ഇസ്‌ലാമിക വിരുദ്ധമല്ലെങ്കിലും ഇത്തരം കമ്പനികള്‍ പലിശ ബാങ്കുകലുമായി ഇടപാട് നടത്തുകായോ അവരുടെ നിക്ഷേപങ്ങള്‍ ഇസ്‌ലാമികമായി അനുവദിക്കാത്ത മേഖലകളില്‍ നിക്ഷേപിക്കുകയോ ചെയ്‌താല്‍ അവ അനുവദിനീയമാല്ലാതാവും.
അതിനു ബദലായി പരസ്പരോപകാരത്തിന്റെയും സഹായത്തിന്റെയും അടിസ്ഥാനത്തില്‍ ഇസ്‌ലാമിലെ അംഗീകൃത ഇടപാടുകളില്‍ പെട്ട മുദാറബ (ഒന്നോ അതിലധികമോ ആളുകളുടെ നിക്ഷേപം ഉപയോഗിച്ച് മറ്റൊരാള്‍/സ്ഥാപനം നടത്തുന്ന ബിസിനസ്), വകാലത്ത് (മറ്റൊരാളെ എല്പിക്കല്‍) തുടങ്ങിയ രീതികള്‍ ഉപയോഗപ്പെടുത്തി അടിയന്തിര ഘട്ടങ്ങളിലെ പരസ്പര സഹായത്തിനു വേണ്ടി കൂട്ടായ നിക്ഷേപ രീതി ഇസ്‌ലാമിക സാമ്പത്തിക സ്ഥാപനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. ഇത് തകാഫുല്‍ എന്നും ഇസ്‌ലാമിക് ഇന്‍ഷുറന്‍സെന്നും അറിയപ്പെടുന്നു. താങ്കളുടെ കമ്പനി ഇത്തരത്തിലുള്ള ഇസ്‌ലാമിക് തകാഫുല്‍ കമ്പനികളുമായിട്ടാണ് ഇടപാട് നടത്തുന്നതെങ്കില്‍ അത് ഉപയോഗപ്പെടുത്താവുന്നതാണ്. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് വേണ്ടി കമ്പനി മുടക്കിയ സംഖ്യക്കുള്ള ചികിത്സ നിങ്ങള്ക്ക് ഉപയോഗപ്പെടുത്താവുന്നതാണ് . അതിലധികം ഉപയോഗിക്കുന്നത് അനുവദിനീയമല്ലാത്ത ഇടപാടിലൂടെ കിട്ടിയ ആനുകൂല്യമായതിനാല്‍ നിഷിദ്ധമാണെന്നാണ് പ്രബല പണ്ഡിതാഭിപ്രായം.
ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണ്. നല്ലതു മാത്രം സമ്പാദിക്കാന്‍ അവന്‍ തുണക്കട്ടെ.