എല്ലാ ഗവണ്മെന്റ് ഉദ്യോഗസ്ഥരും നാഷണൽ പെൻഷൻ സ്‌ക്കിമിന്റെ ഭാഗമായി പെൻഷൻ സ്വീകരിക്കുന്നു. സാദാരണക്കാരൻ ഒരു നിശ്ചിത തുക NPS സ്ക്കിമിൽ അടച് 60 വയസ്സിനു ശേഷം പെൻഷൻ സ്വീകരിക്കുന്നത് ഹലാലാകുമോ
ചോദ്യകർത്താവ്
മുഹമ്മദ് ബദ്ർ
Aug 24, 2018
CODE :Fin8886
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
നാഷണൽ പെൻഷൻ സ്കീം എന്നല്ല ഏത് ഇടപാടിലും നിക്ഷേപത്തിലും ശ്രദ്ധിക്കേണ്ടത് പലിശയടക്കമുള്ള ശരീഅത്ത് നിഷിദ്ധമാക്കിയ കാര്യങ്ങൾ അതിൽ ഉണ്ടെങ്കിൽ അത് ഒഴിവാക്കിയിട്ട് അതിൽ തുടരാൻ പറ്റുമോ എന്ന് ചിന്തിക്കലാണ്. അതിന് സാധ്യമല്ലെങ്കിൽ അത് ഒഴിവാക്കുകയാണ് വേണ്ടത്.
NPS രണ്ടു വിധമാണല്ലോ. സർക്കാർ ജീവനക്കാർക്കുള്ള നിർബ്ബന്ധിത പെൻഷൻ സ്കീമെന്ന ടിയർ I ഉം അല്ലാത്തവർക്കുള്ള ഓപ്ഷനൽ പെൻഷൻ സ്കീമെന്ന ടിയർ II ഉം. ഇതിൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് നിശ്ചിത തുക മാസത്തിൽ പിടിക്കുന്നതോടൊപ്പം അത്രയും തുക സർക്കാറും അവർക്കു വേണ്ടി നിക്ഷേപിക്കുന്നുണ്ട്. അതിനാൽ ശക്തമായ നിബന്ധനകൾക്ക് വിധേയമായിട്ടാണ് അത് വിതരണം ചെയ്യപ്പെടുന്നത്. 60 വയസ്സിനു മുമ്പ് തുകയുടെ 20 ശതമാനം മാത്രമേ പിൻവലിക്കാവൂ. ബാക്കി 80 ശതമാനം ഏതെങ്കിലും ഒരു ലൈഫ് ഇൻഷുറൻസ് കമ്പനിയിലൂടെ മാത്രമേ പ്രതിമാസ പെൻഷനായി വിതരണം ചെയ്യപ്പെടൂ. അറുപതിനും എഴുപതിനും ഇടയിൽ വയസ്സുള്ളപ്പോൾ 60 ശതമാനം മാത്രമേ പിൻവലിക്കാവൂ, ബാക്കി 40 ശതമാനം ഏതെങ്കിലും ഒരു ലൈഫ് ഇൻഷുറൻസ് കമ്പനിയിലൂടെ മാത്രമേ പ്രതിമാസ പെൻഷനായി വിതരണം ചെയ്യപ്പെടൂ. NPSകാരന് മരണം സംഭവിച്ചാൽ അദ്ദേഹത്തിന്റെ നോമിനിക്ക് ഒറ്റത്തവണയായി ബാക്കി തുക മുഴുവനും പിൻവലിക്കാം. അതു പോലെ സർക്കാർ ജീവനക്കരല്ലാത്തവരുടെ സ്കീമായ ടിയർ II വിൽ പണം നിക്ഷേപിക്കണമെങ്കിൽ HDFC, ICICI, Kotak, LIC, Reliance, SBI, UTI എന്നീ ഫണ്ട് മാനേജർമാർ മുഖേനയോ ഇക്വുറ്റി, കോർപ്പറേറ്റ് ബോണ്ട്, ഗവർൺമെന്റ് സെക്യൂരിറ്റീസ് എന്നീ നിക്ഷേപ മാർഗങ്ങളിലൂടേയോ ആണ് സാധാരണ പണം നിക്ഷേപിക്കപ്പെടുന്നത്. ഇതൊന്നുമല്ലാതെ ലൈഫ് സൈക്കിൾ ഫണ്ട് എന്ന ഓട്ടോ ചോയ്സ് ഓപ്ഷൻ പ്രകാരമുള്ള വിവിധ നിക്ഷേപ പദ്ധതികളിലും നിക്ഷേപിക്കപ്പെടുന്നുണ്ട്.
ഇവിടെ പണം നിക്ഷേപിക്കാൻ തെരഞ്ഞെടുക്കേണ്ട ഫണ്ട് മാനേജർമാരായ ആറു സ്ഥാപനങ്ങളും പലിശാധിഷ്ഠിത ഇടപാടുകൾ നടത്തുന്നവയാണ്, മറ്റു മൂന്ന് നിക്ഷേപ മാർഗങ്ങളിലും പൊതുവെ പലിശ വരുന്നുണ്ട്. അതു പോലെ പ്രതിമാസം പെൻഷൻ വിതരണം ചെയ്യുന്നത് ഇൻഷുറൻസ് കമ്പനികൾ മൂഖേനയാണ്. ഇൻഷുറൻസ് സിസ്റ്റത്തിൽ ഇസ്ലാമിക ദൃഷ്ട്യാ പലിശയും ചൂതാട്ടവും വരുന്നുണ്ടല്ലോ. അതിന് പുറമേ ഇവിടെ അടക്കപ്പെടുന്ന തുക ഡെഡ് മണിയായിട്ട് കിടക്കുകയല്ല. മറിച്ച് ഫണ്ട് മാനേജർമാരായ ബാങ്കുകളും വിതരണക്കാരായ ഇൻഷൂറൻസ് കമ്പനികളും മറ്റും ഈ പണം ഉപയോഗിച്ച് വ്യാപാരവും മറ്റു ഇടപാടുകളും നടത്തി വൻ ലാഭം നേടുന്നുണ്ട്. അതിന്റെയൊന്നും ആനുപാതിക ലാഭമോ മറ്റോ നിക്ഷേപകന് ലഭിക്കുന്നില്ല. അത് നിക്ഷേപകന്റെ അവകാശമാണ് താനും. അതു പോലെ നിശ്ചിത സമയത്തിന് മുമ്പ് നിക്ഷേപകൻ മരിച്ചാൽ അയാളുടെ നോമിനിക്ക് പിന്നീട് പണം നൽകുന്നത് ഇസ്ലാമിലെ അനന്തര സ്വത്ത് വിഹിതത്തിന്റെ പരിധിയിൽ നിന്നു കൊണ്ടാകണം........... ഇതൊരു സർക്കാർ സംവിധാനമായതിനാൽ അതിന്റെ നിയമപരവും ഭരണഘനാപരവുമായ അസ്ഥിത്വത്തെ മുഖവിലക്കെടുക്കമ്പോൾ തന്നെ ഏത് സംരംഭത്തിൽ ഏർപ്പെടുമ്പോഴും ശറഇന്റ വിധിവിലക്കുകൾ ലംഘിക്കാതെ സൂക്ഷമത പുലർത്തൽ ഒരു വിശ്വാസിയുടെ കടമയാണ് എന്ന കാര്യം ഗൌരവത്തോടെ ഉൾക്കൊള്ളേണ്ടതാണ്..
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.