അസ്സലാമുഅലൈക്കും ഗൾഫ്രാജ്യങ്ങളിൽ ഇസ്ലാമിക് ബാങ്കുകൾ നിലവിലുണ്ടല്ലോ.അതിൽ ലോൺ അനുവദനീയമാണോ? ബാങ്ക് പറയുന്നത് പ്രോഫിറ്റ് റേറ്റിലാണ്. പലിശ ഇനത്തിലല്ല. അത് അനുവദനീയമാണോ?
ചോദ്യകർത്താവ്
ഷാനവാസ്
Oct 7, 2018
CODE :Fin8923
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
ലോണ്‍ എടുക്കുകയെന്നാല്‍ എന്തെങ്കലും വിലപിടിപ്പുള്ളത് ഈട് വച്ചും വല്ലരും ജാമ്യം നിന്നും പണം കടം വാങ്ങുകയെന്നാണല്ലോ അര്‍ത്ഥം. ബാങ്ക് നമുക്ക് തന്ന പണം തിരിച്ചടക്കുമ്പോഴോ തിരിച്ചടവ് വൈകുമ്പോഴോ കൊടുത്ത പൈസയേക്കാള്‍ ഇത്ര ശതമാനം അധികം തരണം എന്ന് നിബന്ധന വെക്കുന്നുണ്ടെങ്കില്‍ ആ അധിക പൈസ പലിശയാണ്. അത് ഒഴിവാക്കണമെന്നും അക്കാര്യത്തില്‍ അല്ലാഹുവിനെ പേടിക്കണമെന്നും അത്തരം ഏര്‍പ്പാട് നിര്‍ത്തുന്നില്ലെങ്കില്‍ അല്ലാഹുവും അവന്റെ റസൂലും (സ്വ) യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ടെന്നും വിശുദ്ധ ഖുര്‍ആന്‍ മുന്നറിയിപ്പ് തന്നിട്ടുണ്ട് (സൂറത്തുല്‍ ബഖറ). അങ്ങനെ അധികം വാങ്ങുന്നില്ലെങ്കില്‍ കുഴപ്പമില്ല.
പിന്നെ, പണം കടം കൊടുക്കലും നിക്ഷേപിക്കലും തമ്മിൽ വ്യത്യാസമുണ്ട്. കടം കൊടുത്താല്‍ കൊടുത്ത കടമേ തിരിച്ചു വാങ്ങാവൂ. അല്ലാതെ കടം കൊടുത്തു എന്ന കാരണത്താല്‍ കടക്കാരനില്‍ നിന്ന് യാതൊന്നും അത് പണമായാലും സര്‍വ്വീസായാലും മറ്റെന്തായാലും ഈടാക്കല്‍ പലിശയാണ്, പാടില്ലാത്തതാണ്. ഇക്കാര്യം വ്യക്തമാക്കുന്ന സംഭവങ്ങള്‍ സ്വഹീഹുല്‍ ബുഖാരിയടക്കമുള്ള ഹദീസ് ഗ്രന്ഥങ്ങളില്‍ വന്നിട്ടുണ്ട്. എന്നാല്‍ നിക്ഷേപമായിട്ടാണ് കൊടുക്കുന്നതെങ്കില്‍ നിക്ഷേപത്തിലെ അനുപാദമനുസരിച്ച് ലാഭിത്തിലും നഷ്ടത്തിലും നിക്ഷേപകന്‍ അവകാശിയായിരിക്കും. ഇക്കാര്യങ്ങളൊക്കെ ഏത് ബാങ്കായാലും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തിയിട്ടേ ഏത് ഇടപാടിനും മുതിരാൻ പാടുള്ളൂ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.