ഞാൻ ഒരു പ്രവാസിയാണ് . കേരളം ഗവൺമെന്റ് പ്രവാസികൾക്കായി നൽകുന്ന ഒരു സംരഭമാണല്ലോ നോർക്ക പ്രവാസി ക്ഷേമ ബോർഡ് . അതിൽ അംഗം ആകാമോ ? മാസം നിശ്ചിത തുക അടക്കുകയും ചെയ്താൽ കുടുംബ പെൻഷൻ അടക്കമുള്ള ആനുകൂല്യം ഗവൺമെന്റ് നൽകുന്നുണ്ട് . വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു
ചോദ്യകർത്താവ്
SHAFEE
Oct 16, 2018
CODE :Fiq8931
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
ഏത് ക്ഷേമ ബോർഡായാലും ക്ഷേമ നിധിയായാലും മറ്റു സാമ്പത്തിക ഇടപാടുകളായാലും അതിൽ പങ്കാളികളായ രണ്ടാലൊരു കക്ഷിക്ക് നഷ്ടവും മറ്റേ കക്ഷി തടിച്ചു കൊഴുക്കുയും ചെയ്യുന്ന സാഹചര്യമുണ്ടെങ്കിൽ അത് ഇസ്ലാം അംഗീകരിക്കില്ല. അതല്ലെങ്കിൽ കുഴപ്പവുമില്ല. പല ക്ഷേമ പദ്ധതികളിലും വ്യക്തികൾ ഒരു നിശ്ചിത കാലയളവ് വരേ (ഉദാ. 60 വയസ്സുവരേ) മാസാമാസം കൃത്യമായി ഒരു നിശ്ചിത സംഖ്യ പണമടക്കുകയാണെങ്കിൽ ആ കാലയളവ് മുതൽ മരണം വരേ നിശ്ചിത സംഖ്യ പെൻഷനായി ലഭിക്കും, അയാൾ മരണപ്പെട്ടാൽ അയാളുടെ നോമിനിക്ക് ആ പെൻഷൻ ലഭിക്കും, അസുഖമുണ്ടായാൽ ഇത്ര ലഭിക്കും, മരിച്ചാൽ നോമിനിക്ക് ഇത്ര ലഭിക്കും കല്യാണത്തിനും വിദ്യാഭ്യാസത്തിനും ഇത്ര ലഭിക്കും തുടങ്ങിയ കാര്യങ്ങളാണ് പറയപ്പെടുന്നത്.
പ്രവാസി ക്ഷേമ ബോർഡിലും ഇത്തരം കാര്യങ്ങളൊക്കെയുണ്ടെന്നാണ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. നമുക്ക് ഈ സംവിധാനത്തെക്കുറിച്ച് ഹ്രസ്വമായി ചില കാര്യങ്ങൾ മാത്രം വിലിയരുത്താം. പ്രവാസി ക്ഷേമ ബോർഡിന്റെ നിയമാവലിയനുസരിച്ച് അറുപത് വായസ്സ് പൂർത്തിയായതും അഞ്ചു വർഷത്തിൽ കുറയാത്ത കാലയളവിൽ ഓരോ മാസവും 300 രൂപ അംശാദായം അടച്ചിട്ടുള്ളതുമായ ഓരോ കേരളീയനായ പ്രവാസി അംഗത്തിനും പ്രതിമാസം 1000 രൂപ ലഭിക്കും. അതേ സമയം അറുപത് വായസ്സ് പൂർത്തിയായതും അഞ്ചു വർഷത്തിൽ കുറയാത്ത കാലയളവിൽ ഓരോ മാസവും 100 രൂപ അംശാദായം അടച്ചിട്ടുള്ളതുമായ ഓരോ കേരളീയനായ മുൻ പ്രവാസി അംഗത്തിനും ഇന്ത്യയിലെ ഇതര സ്റ്റേറ്റുകളിലെ പ്രവാസിയായ അംഗത്തിനും പ്രതിമാസം 500 രൂപ ലഭിക്കും. ഈ സംഖ്യയിൽ ഇയ്യിടെയായി വർദ്ധനവുണ്ടായിട്ടുണ്ട്. ഇവിടെ സ്വദേശത്തുള്ള പ്രവാസി 100 രൂപ അടക്കുമ്പോൾ 500 രൂപ പെൻഷൻ ലഭിക്കുന്നുണ്ടെങ്കിൽ വിദേശത്തുള്ള പ്രവാസി 300 രൂപ അടക്കുന്ന സ്ഥിതിക്ക് 1500 രൂപ പെൻഷൻ ലഭിക്കണം. എന്നാൽ ലഭിക്കുന്നത് 1000 രൂപയാണ്. ഈ വിവിചനത്തിന്റെ കാരണം ബോർഡിന്റെ നിയമാവലിയിൽ കാണുന്നില്ലെങ്കിലും അതിന് തക്കതായ കാരണങ്ങളുണ്ടാകുമെന്ന് കരുതാം.
ഏതായാലും 60 വയസ്സിന് ശേഷം 1000മെന്നോ 500 എന്നോ ഉള്ള ഒരു നിശ്ചിത സഖ്യ കൊടുക്കുമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്നതിന്റെ ഉത്തരം ബോർഡിന്റെ ഔദ്യോഗിക വിശദീകരണത്തിൽ കാണുന്നില്ല.. പ്രവാസികൾ അടച്ച പണവും ഗവൺമെന്റ് ഇവർക്ക് വേണ്ടി നിക്ഷേപിച്ച പണവും കൂട്ടിയിട്ട് എത്രയാണോ ലഭിക്കുന്നത് അത് ഡിവൈഡ് ചെയ്തിട്ട് ഒന്നുകിൽ മാസാമാസം ഒരു നിശ്ചിത സംഖ്യനൽകുകയും ബാക്കി തുക നിക്ഷേപകരായ പ്രവാസികൾ മരിക്കാൻ കാത്തു നിൽക്കാതെ അവരുടെ ആവശ്യത്തിനനുസരിച്ച് അവർ ആവശ്യപ്പെടുമ്പോൾ കൊടുക്കുകയും അല്ലാത്തപ്പോൾ പിന്തിക്കുകയും ചെയ്യുകായണെങ്കിൽ വിരോധമില്ല. എന്നാൽ ഈ ഒരു രീതി ഇവിടെ കാണുന്നില്ല. ഒരാൾ തന്റെ പണം നിക്ഷേപിച്ചാൽ അത് അയാൾക്ക് ആവശ്യമായി വരുമ്പോൾ പിൻവലിക്കാനുമുള്ള അവകാശമുണ്ടെന്നും ആ സമയത്ത് അയാളോട് അക്രമം കാണിക്കരുതെന്നുമാണ് ഇസ്ലാം പറയുന്നത്. ഇവിടെ താൻ അടച്ച പണം 60 വയസ്സിന് മുമ്പ്(അസുഖം, കുട്ടികളെ കെട്ടിക്കൽ, വ്ദ്യാഭ്യാസം, പ്രയാസപ്പെട്ട അടുപ്പക്കാരെ സഹായിക്കൽ തുടങ്ങയ) തന്റെ ആവശ്യങ്ങൾക്ക് വേണ്ടി എപ്പോഴും പൂർണ്ണമായും പിൻവലിക്കാൻ സാഹചര്യമുണ്ടാകണം. കാരണം തന്റെ നിക്ഷേപം അനുഭവിക്കാൻ താൻ 60 വയസ്സുവരേ ഉണ്ടാകുമെന്ന് ഉറപ്പില്ലല്ലോ, നിലവിലെ ആയുസ് റേറ്റ് നോക്കിയാൽ 60 വയസ്സിന് ശേഷം എത്ര കാലം തനിക്ക് തന്റെ നിക്ഷേപം ഉപയോഗിക്കാൻ കഴിയും എന്നതും പ്രധാനമാണ്. ഇനി 60 വയസ്സിന ശേഷം തന്നെ തന്റെ നിക്ഷേപത്തിൽ നിന്ന് ആയിരമോ രണ്ടായിരമോ മാത്രം മാസത്തിൽ കിട്ടിയാൽ ആവശ്യങ്ങൾ തികയണമെന്നുമില്ല. അപ്പോൾ മറ്റുള്ളവരോട് ചോദിക്കുന്നതിനേക്കാൾ നല്ലത് തന്റെ നിക്ഷേപത്തിൽ നിന്ന് ആവശ്യമായത് എടുക്കുകയല്ലേയെന്ന് ചിന്തിച്ചാൽ അത് പറ്റില്ലെന്ന് പറയാനോ അത് കൊടുക്കാതെ പിടിച്ചു വെക്കാനോ പാടില്ല. അതിനാൽ നിക്ഷേപകൻ എപ്പോൾ തന്റ പണം പിൻവലിക്കാൻ തിരുമാനിച്ചാലും അത് ഔദ്യോഗിക കാര്യക്രമങ്ങൾ പൂർത്തിയാക്കി തിരിച്ചു കൊടുക്കണം. അതിന് സമ്മതിക്കാതിരക്കുകയോ സമ്മതിച്ചാൽ തന്നെ അടച്ച പണം പൂർണ്ണമായും തിരികെ നൽകാതെ പല പേരുകളിലായി കുറച്ചു പണം പിടിച്ചു വച്ച് ബാക്കി മാത്രം നൽകി കാഷ് പിൻവലിക്കാനുള്ള അയാളുടെ നിർബ്ബന്ധിതാവസ്ഥയെ ചൂഷണം ചെയ്ത് അയാൾക്ക് നഷ്ടം വരുത്തുന്നത് ഇസ്ലാം അംഗീകരിക്കുന്നില്ല.
നിക്ഷേപകൻ അടച്ച പണം സൂക്ഷിച്ചു വെക്കാതെ അത് ഉപയോഗിച്ച് ക്ഷേമ ബോർഡ് കച്ചവടമോ മറ്റുു ഇടപാടുകളോ നടത്തിയോ വലിയ വലിയ സ്ഥാപനങ്ങളിലും പ്രോജക്ടുകളിലും നിക്ഷേപിച്ചോ വൻ ലാഭമുണ്ടാക്കുന്നുണ്ടെങ്കിൽ ഓരോരുത്തരുടേയും നിക്ഷേപ തുക (അതെത്ര കുറഞ്ഞതാണെങ്കിലും)യുടെ അനുപാതമനുസരിച്ച് അയാൾക്ക് ലഭിക്കേണ്ട ലാഭം അയാളുടെ ഏക്കൌണ്ടിലേക്ക് കൃത്യമായി എത്തിക്കണം. അത് ചെയ്യാതെ അഥവാ ലക്ഷക്കണക്കിനാളുകൾ അടച്ച ഈ പണം പിന്നെ എന്ത് ചെയ്യുന്നുവെന്നോ അത് മറ്റു പല ഇടപാടുകളിലൂടെയും എത്ര ഇരട്ടിയായി വളർന്നുവെന്നോ അത് അവരെ സമ്മതമില്ലാതെ മറ്റാർക്കെങ്കിലും കടം കൊടുത്തുവെന്നോ എന്നൊന്നും നിക്ഷേപകരായ പാവങ്ങളെ കൃത്യമായി അറിയിക്കാതെ 60 വയസ്സിനു ശേഷം മാസാ മാസം 1000 മോ മറ്റോ പെൻഷനും വല്ല അസുഖവുമുണ്ടായാൽ ഒരു തവണയോ മറ്റൊ ഒരു നിശ്ചി സംഖ്യയും പ്രസവം, വിദ്യാഭ്യസം തുടങ്ങിയ കാര്യങ്ങൾക്ക് ചെറിയ സംഖ്യയും കൊടുത്ത് അവരുടെ കൂടി നിക്ഷേപം ഉപയോഗിച്ചുണ്ടാക്കിയ ബാക്കി സംഖ്യ മുഴവൻ ബോർഡ് എടുക്കുന്നുണ്ടെങ്കിൽ അത് ശരിയല്ല. അഥവാ നിക്ഷേപകന്റെ അവകാശമായ ലാഭം മുഴുവനും നൽകാതെ അവനെ പറ്റിക്കുന്ന സാഹചര്യമുണ്ടാകരുത്. അതു പോലെ ഈ ഇടപാടുകളിൽ വല്ല നഷ്ടവും വന്നിട്ടുണ്ടെങ്കിൽ നിക്ഷേപകരെല്ലാം ഈ നഷ്ടത്തനും ഉത്തരവാദികളാണ്. അഥവാ നഷ്ടത്തിന്റെ ഉത്തരവാദിത്തം ബോർഡിന് മാത്രമല്ല എന്നർത്ഥം. എന്നാൽ ബോർഡ് നടത്തുന്ന നിക്ഷേപങ്ങളും ഇടപാടുകളും അനിസ്ലാമിക സംരംഭങ്ങളുമായിട്ടാണെങ്കിൽ (ഉദാ. പലിശക്ക് ബാങ്കുുകളിൽ നിക്ഷേപിക്കുകയോ ബാങ്കുകളുടെ പലിശാധിഷ്ഠിതമായ മറ്റ വ്യവഹാരങ്ങളിൽ നിക്ഷേപിക്കുകയോ മദ്യം തുടങ്ങിയ അനിസ്ലാമികസംരംഭങ്ങളിലോ മറ്റോ നിക്ഷേപിക്കുകയോ ഒക്കെ ചെയ്തിട്ടാണെങ്കിൽ) അത് ഉപയോഗിക്കാൻ തന്നെ ഒരു മുസ്ലിമിന് പാടില്ല. അതിനാൽ തന്നെ നിക്ഷേപകന്റെ പണം ബോർഡ് എന്ത് ചെയ്യുന്നുവെന്ന് കൃത്യമായി അവനെ അറിയിക്കുകുയും അവന്റെ സമ്മതമുണ്ടെങ്കിൽ മാത്രം അവന്റെ പണം മറ്റു ഇടപാടുകൾക്കായി ഉപയോഗിക്കുകയും ഇല്ലെങ്കിൽ അത് തൊടാതരിക്കുകയും വേണം. കാരണം താൻ നിക്ഷേപിച്ച പണം എന്തു കാര്യത്തിന് വേണ്ടി ഉപയോഗിക്കപ്പെടുന്നുവെന്നും അത് ഇസ്ലാമിക ദൃഷ്ട്യാ ഹലാലാണോ ഹറാമാണോ എന്നും അതിൽ ലാഭമോ നഷ്ടമോ വന്നിട്ടുണ്ടോയെന്നും അറിയാനുള്ള അവകാശം നിക്ഷേപകന് ഇസ്ലാം വകവെച്ച് കൊടുക്കുന്നുണ്ട്. എങ്കിലേ വർഷാവർഷം തന്റെ നിക്ഷേപത്തിന് സകാത്ത് കൊടുക്കാനും ഈ ഏർപ്പാട് തന്റെ ആഖിറത്തിന് ഗുണകരമല്ലെന്ന് വ്യക്തമാകുമ്പോൾ ഉടൻ തന്റെ നിക്ഷേപം പിൻവലിച്ച് ഈ പരിപാടി അവസാനിപ്പിക്കാനും അദ്ദഹത്തിന് കഴിയുകയുള്ളൂ.
ഒരാൾ മരണപ്പെട്ടു കഴിഞ്ഞാൽ പിന്നീട് ബക്കിയുള്ള തുക അയാളുടെ അനന്തരാവകാശികൾക്ക് അർഹതപ്പെട്ടതാണ്. അത് പലപ്പോഴും വസ്വിയ്യത്ത് ചെയ്യപ്പെട്ട നോമിനിക്ക് മാത്രം അർഹതപ്പെട്ടതാകണമെന്നില്ല. ഇസ്ലാമിലെ അനന്തരാവകാശ നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നേ ഒരു വിശ്വാസിക്ക് അത് വിഹിതം വെക്കാൻ പാടുള്ളൂ.
നിയമാവലിയിൽ പറയുന്ന പ്രകാരം 'മരണം സംഭവിക്കുകയാണെങ്കിൽ', 'അസുഖം സംഭവിക്കുകയാണെങ്കിൽ', 'അവശനാകുകയാണെങ്കിൽ' എന്നിവയക്കെ ഉറപ്പില്ലാത്ത കാര്യങ്ങളാണ്. അതോടൊപ്പം ഏതൊരാളെയും ആശങ്കപ്പെടുത്തുന്നതും അസ്വസ്ഥമാക്കുന്നതുമാണ്. ഈ ആശങ്കയെ ചൂഷണം ചെയ്ത് ജനങ്ങളിൽ നിന്ന് നിക്ഷപം ധാരാളമായി സ്വീകരിച്ച് ആ പണം ഉപയോഗച്ച് ബിസിനസും നിക്ഷേപങ്ങളും നടത്തി കോടികൾ സമ്പാദിച്ച് അതിന്റെയൊന്നും ആനുപാതിക ലാഭം നിക്ഷേപകന് കൊടുക്കാതെ തങ്ങൾ പ്രഖ്യാപിച്ച ആപേക്ഷികമായി തുച്ഛമായ തുക നൽകി ബാക്കിയെല്ലാം തങ്ങളുടേതാക്കി തടിച്ച് കൊഴുക്കുന്ന ധാരാളം സ്ഥാപനങ്ങളും സംരംഭങ്ങളും വ്യക്തികളും കാലാകാലങ്ങളായി ചൂഷക വൃന്ദത്തിന്റെ കൊടി പിടിച്ചു കൊണ്ട് ലോകത്ത് നിലവിലുണ്ട്. കാരണം ഉപര്യുക്ത ആശങ്കകളെ മുൻനിർത്തി രഹസ്യമായും പരസ്യമായും നടത്തപ്പെടുന്ന പ്രചണ്ഡമായ പ്രചരണങ്ങളിൽ വഞ്ചിതരായി സാധാരക്കാരനായ ഓരോ നിക്ഷേപകനും മാസാമാസം ചെറിയ തുകയാണ് അടക്കുന്നതെങ്കിലും അത് ലക്ഷക്കണക്കിനാളുകൾ റഗുലറായി മാസാമാസം ചെയ്യുമ്പോൾ ചൂഷകരായ സ്ഥാപനങ്ങൾക്ക് ലഭിക്കുന്നത് ഭീമമായ സംഖ്യയാണ്. അത് അവരെ വലിയ വലിയ ഇടപാടുകൾ നടത്തി വൻ ലാഭം കൊയ്യാൻ പ്രാപ്തമാക്കുന്നു. ആ ഒരു ചൂഷണ ശൈലി ചെറിയ രൂപത്തലെങ്കിലും ഈ നിക്ഷേപ പദ്ധതിയിലും ഉണ്ടോ എന്നും ശ്രദ്ധിക്കേണ്ടതാണ്.
സാധാരാണ ക്ഷേമനിധിയായും പെൻഷൻ സ്കീമായും ജനങ്ങളിൽ നിന്ന് സ്വരൂപിക്കുന്ന പണം നിക്ഷേപിക്കാറുള്ളത് തനി പലിശയിൽ അധിഷ്ഠിതമായ ബാങ്കുകളിലാണ്. അഥവാ നാം നൽകുന്ന തുച്ഛമായ പണം സ്വരുക്കൂട്ടി വൻ തുകയാകുമ്പോൾ അത് ഉപയോഗിച്ച് തടിച്ചു കൊഴുക്കുന്നത് ഒരു അധ്വാനവുമില്ലാതെ പണം വന്നു ചേരുന്ന പലിശക്കമ്പനികളായ വൻകിട ബാങ്കുകളണെന്നർത്ഥം. പലിശയുടെ ഒരു അംശവും ഇസ്ലാം അംഗീകരിക്കുന്നില്ലെന്നും ഗത്യന്തരമില്ലെങ്കിൽ മാത്രമേ ബാങ്കുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് മുതിരാവൂ എന്നും ഒരു സത്യ വിശ്വാസിയെ ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ. അതു പോലെ പെൻഷനും മറ്റു ആനുകൂല്യങ്ങലും സാധാരണ വിതരണം ചെയ്യാറുള്ളത് ഇൻഷൂറൻസ് കമ്പനികൾ മുഖേനയോ അവരുടെ നിയന്ത്രണത്തിലോ ആണ്. നിലവിലെ ഇൻഷൂറൻസ് പോളിസികളിൽ പലിശയും ചൂതാട്ട സ്വഭാവും ഒരുമിച്ച് വരുന്നത് കൊണ്ടാണല്ലോ അതിനെ നിരുത്സാഹപ്പെടുത്തുന്നതും ഗത്യന്തരമില്ലായെങ്കിൽ മാതമേ അതുമായി ബന്ധപ്പെടാവൂ എന്നു പറയുന്നതും. ഇവിടെ ഈ രണ്ടു ചൂഷണോപാധികളും മുഖേന വൻ ലാഭം കൊയ്യുന്ന വൻകിട ഇൻഷൂറൻസ് കമ്പനികൾ പ്രത്യേകിച്ച് അധ്വാനമില്ലാതെത്തന്നെ കൂടുതൽ ശക്തരാകാൻ നമ്മുടെ പണം വൻ തോതിൽ അവർക്ക് നൽകുന്നുവെന്നത് ഗൌവമുള്ള കാര്യമാണ്. അതിനാൽ ഈ രണ്ടു സാഹചര്യങ്ങളും ഈ ക്ഷേമ നിധിയിലുണ്ടോയെന്ന കാര്യവും ചിന്തിക്കേണ്ടതാണ്.
മറ്റു ക്ഷേമ നിധികളെ അപേക്ഷിച്ച് ഏറെ അപകടകരമായ ഒരു നിബന്ധന ഈ ക്ഷേമനിധിയുടെ (അംഗത്വം നഷ്ടപ്പെടലും പുസ്ഥാപിക്കലും -1) എന്ന ഭാഗത്തെ പരാമർശമാണ്. അത് ഇപ്രകാരമാണ്: "അംശാദായം തുടർച്ചയായി ഒരു വർഷക്കാലമോ അതിലധികമോ അടക്കാൻ വീഴ്ച വരുത്തിയാൽ അംഗത്വം സ്വമേധയാ റദ്ദായിപ്പോകുന്നതാണ്. എന്നാൽ അംശാദായം അടക്കാതിരിക്കുന്നത് ന്യാമായ കാരണങ്ങളാലാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്കോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഓഫീസർക്കോ ബോധ്യപ്പെടുകയും നാളിതുവരേയുള്ള കുടിശ്ശിക സർക്കാർ അംഗീകാരത്തോടെ ബോർഡ് തീരുമാനിക്കുന്ന പലിശയും, പിഴപ്പലിശയും ചേർത്ത് പൂർണ്ണമായി അടച്ച് റിപ്പോർട്ട് ചെയ്യുകയും ചെയ്താൽപ്ര ത്യേക ഉത്തരവ് പ്രകാരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്കോ അദ്ദേഹം അധികാരപ്പെടുത്തുന്ന മേഖല/ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർക്കോ അംഗത്വം പുനസ്ഥാപിച്ചു കൊടുക്കാവുന്നതാണ്". അഥവാ അംശാദായം അടക്കാൻ ഒരു വർഷം വൈകിയാൽ അംഗത്വം സ്വമേധയാ റദ്ദാകും. പിന്നെ എന്തു സംഭവിക്കും എന്നത് പ്രധനാമാണ്. ആദ്യമായി, ഇതു വരേ അടച്ച പണം പൂർണ്ണമായും ലഭിക്കുമോയെന്നതാണ്. എങ്കിൽ കുഴപ്പമില്ല. അംശാദായം അടിച്ചില്ലായെന്ന കാരണത്താൽ ഇതുവരേ അടച്ച തുകയിൽ നിന്ന് അതിന് പിഴ ചുമത്തുകയോ ക്ഷേമ ബോർഡിന്റെ പ്രവർത്തനച്ചെലവിലപ്പുറും മറ്റു പല പേരുകളിലും വല്ലതും കുറക്കുയോ ചെയ്ചാൻ പാടില്ല. അത് ആ വ്യക്തിയെ വിഷമിപ്പിക്കലും അയാൾക്ക് നഷ്ടം വരുത്തലുമാണ്. പിന്നെ, നിക്ഷേപകനായ പ്രവാസി ഇനി അംഗത്വം പുനസ്ഥാപിക്കാൻ തന്റെ അസൌകര്യവും കാരണങ്ങളും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ബോധ്യപ്പെടുത്തിക്കൊടുത്താൽ മാത്രം പോരാ, പ്രത്യുത ഇതു വരേ അടക്കാനുള്ള അംശാദായത്തിന് ബോർഡ് തീരുമാനിക്കുന്ന പലിശയും പിഴപ്പലിശയും ചേർത്ത് പൂർണ്ണായും അടക്കുക കൂടി ചെയ്യണം എന്നാണ് പറയുന്നതനെങ്കിൽ ഇത് എങ്ങനെ ഒരു മുസ്ലിമിന് അംഗീകരിക്കാൻ കഴിയും. ഒന്നാമതായി, പലിശയും പിഴപ്പലിശയും ഒരു ഇടപാടിൽ നിബന്ധന വെച്ചാൽ ആ ഇടപാട് പൂർണ്ണായും നിഷിദ്ധമാണ്. അത്തരക്കാരെ അല്ലാഹു ശപിച്ചിരിക്കുന്നുവെന്ന് മുത്ത് നബി (സ്വ) സഗൌരവം അരുൾ ചെയ്തിട്ടുണ്ട് (സ്വഹീഹ് മുസ്ലിം ). അത്തരക്കാർ നാളെ ആഖിറത്തിൽ പിശാചു ബാധയേറ്റവരെപ്പോലെയാണ് ഉയർത്തെഴുന്നേൽപ്പിക്കപ്പെടുകയെന്നും അവരോട് അല്ലാഹുവും റസൂലും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്നും അല്ലാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട് (സൂറത്തുൽ ബഖറ). രണ്ടാമതായി, നാം സ്വന്തം ഇഷ്ടപ്രകാരം നിക്ഷേപിക്കുന്ന തുക നാം നിക്ഷേപിക്കാൻ വൈകിയാലെങ്ങനെയാണ് അതിനെ കുടിശ്ശികയെന്ന് വിളിക്കുക, അത് ബോർഡിനൽ നിന്ന് വാങ്ങിയിട്ടോ കുറ്റം ചെയ്തിട്ടോ ബോർഡിന് കൊടുക്കാനുള്ളതല്ലല്ലോ, സ്വമേധയാ നിക്ഷേപിക്കുകയല്ലേ. അത് അടക്കാൻ വൈകിയാലെങ്ങനെയാണ് പിഴ വരിക. അതു തന്നെ ഇസ്ലാം വെറുത്ത,സമൂഹത്തിന്റെ നട്ടെല്ല് ഒടിക്കുന്ന, മനുഷ്യന്റെ കഴുത്തറക്കുന്ന പലിശയായും പിഴപ്പലിശയായും ഈടാക്കുക. ഈ പരാമർശങ്ങൾ സത്യമണെങ്കിൽ ഒരു വിശ്വാസിക്ക് അചിന്ത്യവും അംഗീകരിക്കാൻ പ്രായസവുമുള്ള കാര്യമാണത്. ചോദ്യോത്തര പംക്തിയായതിനാൽ കൂടുതൽ വിശദീകരിക്കുന്നില്ല.
ചുരുക്കത്തിൽ പ്രവാസി ക്ഷേമ ബോർഡിലേക്ക് സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും പ്രവാസികളെ ചേർക്കുകയും ജനങ്ങളുടെ ക്ഷേമം മാത്രം മുൻനിർത്തി ഇക്കാര്യത്തിൽ കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്ന വ്യക്തികളും സംഘടനകളും ഇവിടെ പറയപ്പെട്ട കാര്യങ്ങൾ അവധാനതയോടെ പരിശോധനാ വിധേമാക്കുകയും ഈ സംരംഭത്തിൽ ഇസ്ലാമിന്റെ അതിർവരമ്പുകൾ ലംഘിക്കുന്ന കാര്യങ്ങളിൽ പ്രവാസി ക്ഷേമ ബോർഡുമായും സർക്കാറുമായും ബന്ധപ്പെട്ട് തിരുത്തലുകൾ നിർദ്ദേശിച്ച് ഇതിനെ കുറ്റമറ്റതാക്കാനുമുള്ള ശ്രമങ്ങൾ നടത്തുകയും മേലിൽ ഇത്തരം കാര്യങ്ങൾക്ക് മുന്നിട്ടിറങ്ങുമ്പോൾ ഈ വിഷയങ്ങൾ വസ്തുതാപരമായി വിലയിരുത്താൻ കഴിവുള്ളവരും അല്ലാഹുവിനെ പേടിക്കുന്നവരുമായ പണ്ഡിതന്മാരുമായി കാര്യ ഗൌരവത്തോടെ മുശാവറ നടത്തുകയും ചെയ്യണം. കാരണം നമുക്ക് എങ്ങനെയെങ്കിലും നമ്മുടേയും മക്കളുടേയും കുടുംബത്തിന്റേയും ദാരിദ്ര്യവും സാമ്പത്തിക ഞെരുക്കവും ഭാവിയിലെ ആശങ്കയും പരിഹരിച്ചാൽ മാത്രം പോരാ, മറിച്ച് ഐഹിക ജീവിതത്തിൽ അൽപം ആശ്വാസം കണ്ടെത്താൻ വേണ്ടി അല്ലാഹു ഇഷ്ടപ്പെടാത്ത രീതിയിലുള്ള സാമ്പത്തിക ഇടപാടുകൾ നടത്തി അല്ലാഹുവിന്റെ കോപം ക്ഷണിച്ചു വരുത്താതിരിക്കാനും ഹറാമായ സമ്പാദ്യം ഉപയോഗിച്ച് നമ്മുടേയും മക്കളുടേയും ആഖിറം നാളെ നഷ്ടപ്പെടുത്താതിരിക്കാനും കൂടി നാം ശ്രദ്ധിക്കേണ്ടതുണ്ട്.
സത്യം സത്യമായി മനസ്സിലാക്കാനും അത് അനുസരിച്ച് പ്രവര്‍ത്തിച്ച് അല്ലാഹുവിന്റെ പൊരുത്തം നേടാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടേ.