Cash on delivery ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റിൽ നിന്ന് ഡെബിറ്റ് card ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നതിന്റെ ശാഫി മദ്ഹബ് പ്രകാരം ഉള്ള വിധി?
ചോദ്യകർത്താവ്
Muhammed Shafi K H
Nov 21, 2018
CODE :Fiq8953
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
പലിശയിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന ബാങ്കിന്റെ ഡബിറ്റ് കാർഡാണ് ഉപയോഗിക്കുന്നതെങ്കിൽ അത് ഓൺലൈൻ ഷോപ്പിങ്ങിനായാലും ഓഫ് ലൈൻ ഷോപ്പിങ്ങിനായാലും ഉപയോഗിക്കാൻ പാടില്ല. ഇക്കാര്യം ശാഫിഈ മദ്ഹബ് മാത്രമല്ല മറ്റു മൂന്നു മദ്ഹബുകളും ഇക്കാര്യത്തിൽ ഏകാഭിപ്രായക്കാരാണ്. കാരണം പലിശ ഇടപാടുകാരുമായി ബന്ധപ്പെടലും സാമ്പത്തിക, വിനിമയ ഇടപാടുകളിൽ അവരെ ആശ്രയിക്കലും നിഷിദ്ധമാണെന്നും അങ്ങനെ ചെയ്യുന്നവരോട് അല്ലാഹുവും റസൂലും യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് വിശുദ്ധ ഖുർആനും (സൂറത്തുൽ ബഖറ) അവരെ അല്ലാഹു ശപിച്ചിട്ടുണ്ടെന്ന് അല്ലാഹുവിന്റെ റസൂൽ (സ്വ) യും വ്യക്തമായി പറഞ്ഞിട്ടുണ്ട് (സ്വഹീഹ് മുസ്ലിം). രണ്ടാമതായി നാം ഡബിറ്റ് കാർഡ് ഉപയോഗിച്ച് ഷോപ്പിങ് നടത്തുന്ന സ്ഥാപനങ്ങളും അതിന് ഉപയോഗിക്കുന്ന വെബ്സൈറ്റും പലിശ, ഗാമ്പ്ലിങ് തുടങ്ങിയ നിഷിദ്ധമായ വ്യവഹാരങ്ങളിലൂടെ പണം ഉണ്ടാക്കുന്നവരും അത്തരം പണം ധാരാളമായി അവരുടെ ഇടപാടുകളിൽ ഉണ്ടാകാമെന്ന് സംശയവുമുണ്ടെങ്കിൽ അവരുമായി സാമ്പത്തിക ഇടപാട് നടത്തൽ കറാഹത്തും ഉറപ്പാണെങ്കിൽ ഹറാമുമാണ് (അൽ അശബാഹു വന്നളാഇർ, ഖവാഇദുൽ അഹ്കാം). നബി (സ്വ) അരുൾ ചെയ്തു: ‘ഹറാമാണെന്ന് സംശയമുള്ള കാര്യങ്ങൾ ചെയ്യുന്നതിനെ നിങ്ങൾ സൂക്ഷിക്കണം, നിരോധിത മേഖലയുടെ അതിർത്തിയിൽ ആടിനെ മേയ്ക്കുന്നവൻ പതിയെ അറിയാതെ നിരോധിത മേഖലിയിൽ അകപ്പെടാൻ സാധ്യതയുള്ളത് പോലെ നിങ്ങൾ തനി ഹറാം ചെയ്യാൻ അത് കാരണമായേക്കും’ (സ്വഹീഹുൽ ബുഖാരി). ഇത്തരം അപാകതകളില്ലാത്ത സാഹചര്യങ്ങളിലേ ചോദ്യത്തിൽ പറയപ്പെട്ടതു പോലുള്ള ക്രയവിക്രയങ്ങൾ അനുവദനീയമാകുകയുള്ളൂ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.