ഉസ്താദേ , ബൈക്ക് അടവിന് എടുക്കുക എന്ന് കാണാറുണ്ട് .ശെരിയായ തുക ഒന്നിച്ചു കൊടുക്കാൻ ഇല്ലെങ്കിൽ തവണകൾ ആയി അടക്കാവുന്നത് .ഇത് മൊത്തം അടച്ചു വരുമ്പോൾ 10000 രൂപയൊക്കെ കൂടുതൽ അടവു വരും.പലിശ ആയിട് ഇതു പറയുന്നുമില്ല ..ഇതു പലിശ ഇനത്തിൽ പെടുമോ?ഇങ്ങനെ വണ്ടികൾ അടവിനു എടുക്കാൻ പാടുണ്ടോ?
ചോദ്യകർത്താവ്
oru sahodhari
Dec 9, 2018
CODE :Abo8989
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
ബൈക്ക് അടവിന് എടുക്കുമ്പോള്‍ റെഡി കാഷ് വിലയില്‍ നിന്ന് വിഭിന്നമായി ഇത്ര രൂപ വേണമെന്ന് വില്‍പ്പനക്കാരനും ആ രൂപക്ക് അത് വാങ്ങാന്‍ തയ്യാറാണെന്ന് വാങ്ങുന്നവനും നിലപാടെടുത്താൽ നിഷിദ്ധമായ മറ്റു നിബന്ധനകളൊന്നുമില്ലാത്ത പക്ഷം ആ ഇടപാട് സാധുവാകും. എന്നാല്‍ അടവ് തെറ്റിയാല്‍ ഇത്ര ശതമാനം പണം കൂടുതല്‍ തരണമെന്നോ മറ്റോ നിബന്ധന വെക്കുന്നുണ്ടെങ്കില്‍ അത് തനി പലിശ ഇടപാടാണ്. ഇത്തരം ഒരു ദുഷ് പ്രവണത സാധാരണ വണ്ടി അടവുകളിൽ കണ്ടുവരാറുണ്ട്. അടവ് കൃത്യത്തിന് അടക്കാന്‍ കഴിയാത്തയാളുടെ നിസ്സഹായത ചൂഷണം ചെയ്യുകയാണിവിടെ ചെയ്യുന്നത്. ഇടപാടില്‍ രണ്ടാലൊരാള്‍ക്ക് നഷ്ടവും അപരന് കൊള്ള ലാഭവും വരുന്ന രീതീയാണ്. ഇത് ഹലാലിനെ ഹറാമാക്കുകയും ഹറാമിനെ ഹലാലുമാക്കുകയും ചെയ്യുന്ന നിബന്ധനയാണ്. അല്ലാഹുവിന്റെ കിതാബിലില്ലാത്ത ഇത്തരം നിബന്ധനകൾ എത്രയുണ്ടെങ്കിലും ആ ഇടപാട് സാധുവല്ല (ബുഖാരി, മുസ്ലിം). മാത്രവുമല്ല ജാഹിലിയ്യാ ഇടപാടിന്റെ തനി പകർപ്പുമാണിത്. ‘നീ പണം തന്നു തീർക്കുന്നോ അതല്ല പലിശ തരുന്നോ’ എന്ന് അവരിലെ പലശക്കൊതിയന്മാർ ഇടപാട് നടത്തുമ്പോൾ ചോദിക്കുമായിരുന്നു (മുവത്വ, ബൈഹഖി, ത്വബ്രി, ഫത്ഹുൽ ബാരി). ഈ ചൂഷണ രീതി ഇസ്ലാം കണിശമായി നിരോധിച്ചതാണ്. അതിനാല്‍ അത്തരം നിബന്ധനകളുള്ള ഇടപാട് സാധുവാകില്ല. പലിശയും അതില്‍ അധിഷ്ഠിതമായ വ്യവഹാരങ്ങളും നിഷിദ്ധമാണെന്നും കഠിന ശിക്ഷയെ ദുനിയാവിലും ആഖിറത്തിലും ക്ഷണിച്ചു വരുത്തുന്നതാണെന്നും വിശുദ്ധ ഖുആനിലും (സൂറത്തുൽ ബഖറഃ) തിരു ഹദീസിലും (ബുഖാരി, മുസ്ലിം) ധാരാളം തവണ താക്കിത് നൽകപ്പെട്ട കാര്യവുമാണ്..
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.