ചില സ്ഥലങ്ങളിലെ പ്രത്യേകിച്ചും ചില ഗള്‍ഫ് രാജ്യങ്ങളിലെ പെയ്മെന്റ് സര്‍വ്വീസ് സെന്ററുകളും ടൈപ്പിങ് സെന്ററുകളും ഗവണ്‍മെന്റ് ഫൈന്‍ അടക്കാന്‍ വേണ്ടിയോ മറ്റോ തങ്ങളെ സമീപ്പിക്കുന്നവരില്‍ നിന്ന് യഥാര്‍ത്ഥ ഫൈന്‍ സംഖ്യ വാങ്ങുകയും പഴയ അപ്ലിക്കേഷന്‍ വെച്ചോ മറ്റോ കുറഞ്ഞ പണം അടച്ച് അവരുടെ മൊത്തം ഫൈന്‍ ഒഴിവാക്കിയ ശേഷം ബാക്കിയുള്ള സംഖ്യ കസ്റ്റമറും ഗവണ്‍മെന്റും അറിയാതെ സ്വന്തം പോക്കറ്റിലിടുകയും ചെയ്യുന്ന രീതി ശ്രദ്ധയിൽ പെട്ടിട്ടുണ്ട. ഇത് ഒരു മുസ്ലിമിന് യോജിച്ചതാണോ?. പണം അടക്കുന്ന സമയത്ത് അക്ഷരത്തെറ്റോ മറ്റോ വന്ന് അപ്ലിക്കേഷൻ തള്ളപ്പെട്ടാൽ ചിലപ്പോള്‍ അടച്ച പണം പൂര്‍ണ്ണമായി തന്നെ പോകാം, അപ്പോള്‍ ആ നഷ്ടം നികത്തേണ്ടത് കസ്റ്റമറല്ല, ഈ പേയ്മെന്റ് സെന്ററാണ്. അത്തരം നഷ്ടങ്ങളൊക്കെ മുന്നില്‍ കണ്ടാണ് ഇങ്ങനെ ഒരു കാര്യം അവര്‍ ചെയ്യുന്നത്. ഈ ന്യായം അംഗീകരിക്കാമോ?
ചോദ്യകർത്താവ്
Abdulla
Feb 1, 2019
CODE :Fin9104
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
ഇങ്ങനെ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ ഈ രീതി ഒരിക്കലും ഒരു മുസ്ലിമിന് യോജിച്ചതല്ല. കാരണം ഒന്നാമതായി ഇവർ ഗവണ്‍മെന്റിനെ (ഭരണാധികാരിയെ) പറ്റിക്കുന്നു. അനധികൃതമായ വഴിയിലൂടെ ഗവണ്‍മെന്റിന് കൊടുക്കേണ്ട സംഖ്യ പൂര്‍ണ്ണമായും കൊടുക്കാതെയാണ് ഈ വഞ്ചന. ഇവിടെ ചതിയും ഗവണ്‍മെന്റിന് കിട്ടേണ്ട പണം അന്യായമായി കൈക്കലാക്കലുമുണ്ട്. രണ്ടാമതായി ഫൈന്‍ അടക്കാന്‍ തന്നെ വിശ്വസിച്ചേല്‍പ്പിച്ച കസ്റ്റമറോട് വിശ്വാസ വഞ്ചന ചെയ്യുന്നു. അയാള്‍ ഗവണ്‍മെന്റിന് കൊടുക്കാന്‍ ഏല്‍പ്പിച്ച പണത്തില്‍ നിന്ന് കുറച്ച് മാത്രം കൊടുത്ത് ബാക്കി അടിച്ചു മാറ്റുന്നു. ഈ രണ്ടു കാര്യങ്ങളും ധാരാളം ഖുര്‍ആന്‍ വചനങ്ങളിലൂടെ അല്ലാഹുവും അനേകം തവണ റസൂല്‍ (സ്വ)യും ശക്തമായി നിരോധിച്ചിട്ടുള്ളതും താക്കിത് ചെയ്തിട്ടുള്ളതുമാണ്. ചോദ്യോത്തര പംക്തിയായതിനാൽ ഓരോന്നിനും വളരെ കുറിച്ച് ഉദാഹരണങ്ങൾ മാത്രം പറയാം
വഞ്ചനയെക്കുറിച്ച് അല്ലാഹു തആലാ പറയുന്നു: നിങ്ങളെ വിശ്വസിച്ചേൽപ്പിച്ച വസ്തു അതിന് അർഹരായവർക്ക് കൊടുത്തു വീട്ടുക (സൂറത്തുന്നിസാഅ്). സത്യ വിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനേയും അവന്റെ റസൂലിനേയും ചതിക്കരുത്, നിങ്ങളെ വിശ്വസിച്ചേൽപ്പിക്കപ്പെട്ടവയിലും നിങ്ങൾ അറിഞ്ഞു കൊണ്ട് വഞ്ചന കാണിക്കരുത് (സൂറത്തുൽ അൻഫാൽ) അല്ലാഹു ചതിയന്മാരെ ഇഷ്ടപ്പെടില്ല (സൂറത്തുൽ അൻഫാൽ). അല്ലാഹുവിന്റെ റസൂൽ (സ്വ) അരുൾ ചെയ്തു: കപട വിശ്വാസിയുടെ ലക്ഷണങ്ങളിലൊന്ന് ഒരു കാര്യം വിശ്വസിച്ചേൽപ്പിച്ചാൽ അവൻ ചതിക്കും എന്നതാണ് (ബുഖാരി, മുസ്ലിം). അന്ത്യ നാളിൽ എല്ലാ ചതിയന്മാരുടേയും പൃഷ്ടത്തിൽ ഒരു കൊടി നാട്ടപ്പെടും. അവരുടെ ചതിയുടെ തോതനുസരിച്ച് അതിന്റെ ഉയരം കൂടും (സ്വഹീഹ് മുസ്ലിം). ഒരു രക്ത സാക്ഷിക്ക് അല്ലാഹു എല്ലാം പൊറുത്തു കൊടുക്കും,അവൻ അമാനത്തിൽ (തന്നെ വിശ്വസിച്ചേൽപ്പി്ച്ച കാര്യത്തിൽ) വഞ്ചന നടത്തിയതൊഴികെ. അന്നേരം അവനോട് പറയപ്പെടും: ‘നീ അമാനത്ത് കൊടുത്തു വീട്ടുക’. അവൻ പ്രതിവചിക്കും: ‘ഇനി ദുനിയാവിൽ പോയി അത് വീട്ടാൻ കഴിയില്ലല്ലോ’. തദവസരം അല്ലാഹു പറയും: ‘ഇയാളെ നരകത്തിലെ ഹാവിയയിലേക്ക് കൊണ്ടു പോകുുക’. അവിടെയെത്തിക്കുമ്പോൾ താൻ വഞ്ചന കാണിച്ച അമാനത്ത് അവിടെ കാണുകയും അത് തിരിച്ചറിയുകയും ചെയ്യും. തുടർന്ന് അത് എടുക്കാനായി അയാൾ മുട്ടിലിഴഞ്ഞ് അതിനടത്തേക്ക് പോകും. അതിനടുത്ത് എത്താറാകുമ്പോൾ വീണ്ടും സ്ലിപ്പായി താഴേക്ക് വീഴും ഈ രീതി കാലങ്ങളോളം തുടരും (ബൈഹഖീ, അഹ്മദ്).
മറ്റുള്ളവരുടെ ധനം അന്യായമായി കൈക്കലാക്കുന്നതിനെക്കുറ്ച്ച് അല്ലാഹു തആലാ പറയുന്നു: നിങ്ങൾ അന്യായമായി മറ്റുവരുടെ മുതൽ തിന്നരുത്.....അങ്ങനെ ചെയ്യുന്നവനെ നാം നരകത്തിൽ പ്രവേശിപ്പിക്കും. അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമാണ് (സൂറത്തുന്നിസാഅ്). മറ്റുള്ളവരുടെ ധനം ചതിയിലൂടെ കൈക്കലാക്കീയാൽ ആ വസ്തുവുമായിട്ടായിരിക്കും അവൻ ഖിയാമത്ത് നാളിൽ ഉയർത്തെഴുന്നേൽപ്പിക്കപ്പെടുക. പിന്നീട് അവൻ ചെയ്തതിന്റെ തിക്ത ഫലം പൂർണ്ണമായും അവൻ അനുഭവിക്കുക തന്നെ ചെയ്യും (സൂറത്ത ആലു ഇംറാൻ). അല്ലാഹുവിന്റെ റസൂൽ (സ്വ) അരുൾ ചെയ്തു: മറ്റുള്ളവരുടേത് അന്യായമായി കൈക്കലാക്കുന്നവൻ അന്ത്യ നാളിൽ അതിന് പകരമയി തന്റെ സൽകർമ്മങ്ങൾ അവർക്ക് കൊടുക്കേണ്ടി വരും. സൽക്കർമ്മങ്ങൾ തീർന്നാൽ അവരുടെ തിന്മകൾ ഏറ്റെടുക്കേണ്ടിയും വരും. അങ്ങനെ അവർ കർമ്മങ്ങളൊന്നുമില്ലാതെ പാപ്പരായി നരകത്തിൽ പോകും (സ്വഹീഹ് മുസ്ലിം). ഒരു മുസ്ലിമിന്റെ അവകാശം കൈക്കാലാക്കി മരിച്ചു ചെന്നാൽ അല്ലാഹു അവനോട് കോപിക്കും (മുസ്നദ് അഹ്മദ്)
എന്നാൽ ചിലർ പറയും: ഇന്നത്തെ കാലത്ത് ജീവിക്കണമെങ്കിൽ ഈ രീതിയിൽ നോക്കിയാൽ നടക്കില്ല. അത് കൊണ്ട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഇതൊക്കെ എല്ലാവരും ചെയ്യുന്നുണ്ട്. കാര്യം നടക്കണമെങ്കിൽ ഇങ്ങനെയൊക്കെ വേണ്ടി വരും. പല ഉസ്താദുമാരും ഇതൊക്കെ കാണുന്നുണ്ട്, ചിലരൊക്കെ ഇത് ചെയ്യുന്നുമുണ്ട് എന്ന്. എന്നാൽ ഇത്തരക്കാരോട് അല്ലാഹു പറയുന്നത് നോക്കൂ: തെറ്റുകൾ ചെയ്യാനും ശത്രുത കാണിക്കാനും ഹറാമ് ഭക്ഷിക്കാനും വലിയ ഉത്സാഹം കാണിച്ചു നടക്കുന്ന ധാരാളം ആളുകളെ നിങ്ങൾ കാണും. അവർ ചെയ്യുന്നത് എത്ര മോശപ്പെട്ട പണിയാണ്. അവരിലെ പണ്ഡിതന്മാരും മതനേതാക്കളുമൊന്നും അവരെ ഈ തിന്മകളിൽ നിന്നും നിഷിദ്ധമായത് കഴിക്കുന്നതിൽ നിന്നും എന്താണ് അവരെ വിലക്കാത്തത്. അവരെ അതിൽ നിന്ന് വിലക്കാത്ത ഈ പണ്ഡിതന്മാരുടെ ചെയ്തിയും വളരേ മോശമാണ്(സൂറത്തുൽ മാഇദഃ). ഇത് ജൂതന്മരുടേയും അവരുടെ പാതിരിമാരുടേയും കാര്യത്തിലിറങ്ങിയതാണ്. ആ അവസ്ഥയിലേക്ക് സമുദായം എത്തിയോ എന്നാണ് നാം ചിന്തിക്കേണ്ടത്. അതു പോലെ അല്ലാഹുവിന്റെ റസൂൽ (സ്വ) അരുൾ ചെയ്തു: വഞ്ചനകൾ നടമാടുന്ന കാലങ്ങൾ ജനങ്ങൾക്ക് വരാനുണ്ട്. അന്ന് കളവ് പറയുന്നവരെ ആളുകൾ വിശ്വസിക്കും, സത്യം പറയുന്നവരെ കളവാക്കുകയും ചെയ്യും. ചതിയന്മാരെ ജനങ്ങൾ വിശ്വസിക്കുകയും സത്യസന്ധരെ ആളുകൾ ചതിയന്മാരാക്കുകയും ചെയ്യും. സമൂഹത്തിലെ നീചന്മാരായിരിക്കും ജനങ്ങളുടെ കൈകാര്യ കർത്താക്കളായും പ്രതിനിധികളായും രംഗത്ത് വരിക (ഇബ്നു മാജ്ജഃ)
പിന്നെ, ഉത്തരവാദിത്തത്തോട് കൂടി ഒരു കാര്യം ചെയ്യുമ്പോള്‍ അതില്‍ അക്ഷരത്തെറ്റുകളോ മറ്റു പിഴവുകളോ ഇല്ലാതെ സൂക്ഷിക്കലും പേയ്മെന്റിന് മുമ്പ് സൂക്ഷ്മ പരിശോധന നടത്തലും ടൈപ്പിംഗ് സെന്ററുകളുടേയും പേയ്മെന്റ് ഓഫിസുകളുടേയും ചുമതലയാണ്. അതൊക്കെ കുറ്റമറ്റ രീതിയിൽ ചെയ്യാനുള്ള സൌകര്യം ഏത് ഗവണ്‍മെന്റ് സിസ്റ്റത്തിലും പൊതുവെ ഉണ്ടാകാറുണ്ട്. കസ്റ്റമര്‍ തന്ന വിവരങ്ങളിലാണ് തെറ്റുള്ളതെങ്കില്‍ അതിന്റെ ഉത്തരവാദിത്തം കസ്റ്റമറാണ് വഹിക്കേണ്ടത്. അങ്ങനെയല്ലാതെ ഇവരുടെ അശ്രദ്ധ കൊണ്ടോ മറ്റോ അതില്‍ വല്ല വീഴ്ചയും വരുത്തിയതിന്റെ പേരിൽ അപ്ലിക്കേഷൻ തള്ളിയാൽ അതിന്റെ നഷ്ടം അവര്‍ വഹിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. അല്ലാതെ മേല്‍ പറഞ്ഞ രീതിയില്‍ ഗവണ്‍മെന്റിനേയോ കസ്റ്റമറേയോ വഞ്ചിച്ചു കൊണ്ടും അവരുടെ മുതൽ അന്യായമായി കൈക്കലാക്കിയും ആകരുത്. അത് ദുനിയാവും ആഖിറവും നഷ്ടപ്പെടാൻ കാരണമാകും.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.