നമ്മുടെ നികുതിപ്പണം കൊണ്ട് സർക്കാര് ക്ഷേത്രങ്ങൾക്കും ദേവസ്വം ബോർഡിനും മറ്റും പണം നൽകുന്നു.നമുക്ക് ഇതിനോട് ശക്തമായ വിയോജിപ്പ് ഉണ്ടെന്നിരിക്കെ സർക്കാരിന് നിർബന്ധിത സാഹചര്യം ആയാലും നികുതി നൽകുന്നത് മതപരമായി കുറ്റകരം അല്ലേ?
ചോദ്യകർത്താവ്
Muhammed Shafi
Feb 23, 2019
CODE :Fin9168
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഒരു മത നിരപേക്ഷ സമൂഹത്തിന്റെ സുസ്ഥിരത നിലര്‍ത്തുന്നതിന്റെ ഭാഗമായാണ് മതേതര സര്‍ക്കാറുകള്‍ രാജ്യത്തെ എല്ലാ മത വിഭാഗങ്ങളേയും അവരുടെ മതപരമായ അവകാശങ്ങളേയും ആരാധനാലയങ്ങളേയും ആചാരങ്ങളേയും സംരക്ഷിക്കുന്നത്. ഇത് ജനാധിപത്യ സര്‍ക്കാറുകളുടം പ്രാധന ഉത്തരവാദത്തങ്ങളിലൊന്നാണ്. മാറി മാറി വരുന്ന സര്‍ക്കാറുളില്‍ നിന്ന് ഇതിന് വിരുദ്ധമായ വല്ലതും സംഭവിക്കുകയാണെങ്കില്‍ ജനാധിപത്യപരമായി അത് തിരുത്താനും എന്നിട്ടും തിരുത്തുന്നില്ലെങ്കില്‍ അഞ്ചു വര്‍ഷം കഴിയുമ്പോള്‍ അവരെ മാറ്റി നിര്‍ത്താനും ജനാധിപത്യ ഭരണഘടന ഓരോ പൌരനും അവകാശം നല്‍കുന്നുണ്ട്.
കേരളത്തിന്റെ സവിശേഷമായ സാഹചര്യത്തില്‍ മുസ്ലിം മത ധമ്മ സ്ഥാപനങ്ങള്‍ സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും പരസഹായമില്ലാതെയും അവരുടെ സാമ്പത്തികവും അല്ലാത്തതുമായ പ്രശ്നങ്ങള്‍ അതത് പ്രദേശത്തുള്ള മുസ്ലിംകള്‍ തന്നെ പരിഹരിച്ചും ഒരു സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമില്ലാത്ത വിധം ഭംഗിയായി നടന്നു പോകുന്നു. ഈ അവസ്ഥ എന്നും അല്ലാഹു തആലാ നിലനിര്‍ത്തിത്തരട്ടേ. എന്നാല്‍ ഭൂരിപക്ഷ വിഭാഗമായ ഹൈന്ദവരുടെ മത ധര്‍മ്മ സ്ഥാപനങ്ങള്‍ മുമ്പ് രാജാക്കന്മാരായിരുന്നു കൈകാര്യം ചെയ്തിരുന്നത്. രാജ ഭരണം പോയി ജനാധിപത്യ ഭരണഘടനാനുസൃതമായി ഭരണം നിലവില്‍ വന്നപ്പോള്‍ രാജാവ് കൈകാര്യം ചെയ്തിരുന്ന ക്ഷേത്ര നടത്തിപ്പ് സര്‍ക്കാര്‍ ഏറ്റെടുത്ത് ദേവസ്വം ബോര്‍ഡ് രൂപീകരിച്ചും മറ്റും നടത്തുവാന്‍ തുടങ്ങുകുയും ഇപ്പോഴും തല്‍സ്ഥിതി തുടരുകയും ചെയ്യുന്നു. സ്വാഭാവികമായും അവിടത്തെ ആവശ്യത്തിന് വരുമാനം തികയാതെ വരുമ്പോള്‍ ഒരു നിശ്ചിത തുക സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കി ആ സംവിധാനത്തെ സഹായിക്കുന്നു.
യഥാര്‍ത്ഥത്തില്‍ ഏതൊരു ബഹുസ്വര സമൂഹത്തിന്റേയും ആരോഗ്യകരവും സമാധാനപരവുമായ നിലനില്‍പ്പിന് സാമുദായികമായ അരക്ഷിത ബോധം ഇല്ലാതാകണം. അല്ലെങ്കില്‍ പല തരത്തിലുള്ള അസ്വസ്ഥതകള്‍ സമൂഹത്തില്‍ പടരുകയും അത് എല്ലാ വിഭാഗം ജനങ്ങളുടേയും വ്യക്തിപരവും സാമൂഹികവും മതപരവുമായ നിലനില്‍പ്പിനെ ദോഷകരമായി ബാധിക്കുകയും ചെയ്യും. അത് കൊണ്ട് തന്നെ ഇതര മതസ്ഥരുടെ ഇസ്ലാം നിരോധിച്ച ആരാധനെയെ നമ്മുടെ നികുതിപ്പണം കൊണ്ട് സര്‍ക്കാര്‍ സഹായിക്കുന്നു എന്ന് ചിന്തിക്കുന്നതിന് പകരം സര്‍ക്കാറിന്റെ ആ നടപടി ഹൈന്ദവ സഹോദരങ്ങളുടെ മതപരമായ അരക്ഷിത ബോധം ഇല്ലാതാക്കാനുള്ള പൊതു മസ്ലഹത്തിന്റെ ഭാഗമായി കാണുന്നതാകും ഉചിതം. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലായിരുന്നു മഹാനായ ടിപ്പു സുല്‍ത്വാന്‍ അടക്കം കഴിഞ്ഞുപോയ സ്വാലീഹീങ്ങളായ മുസ്ലിം ഭരണാധികാരികളും ഇതര മത വിഭാഗങ്ങളുടെ പ്രശ്നങ്ങളോട് ഈ രീതിയിലുള്ള നിലപാടുകള്‍ സ്വീകരിച്ചിരുന്നത്. കാരണം അവരാരും മുസ്ലിംകളുടെ മാത്രം ഭരണാധികാരികളായിരുന്നു തങ്ങള്‍ എന്നല്ല ധരിച്ചിരുന്നത്, പ്രത്യുത എല്ലാ വിഭാഗം ജനങ്ങളും എല്ലാവരുടേയും ആവശ്യങ്ങള്‍ നിറവേറ്റപ്പെടാനും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനും വേണ്ടി നികുതിയടക്കുന്ന ബഹുസ്വര സമൂത്തിന്റെ ഭരണപരമായ പ്രതിനിധികള്‍ എന്ന അര്‍ത്ഥത്തിലായിരുന്നു.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.