അഫിലിയേറ്റ് മാർക്കറ്റിംഗ് ന്റെ ഇസ്‌ലാമിക കാഴ്ചപ്പാട് വിശദീകരിക്കാമോ? അഫിലിയേറ്റ് മാർക്കറ്റിംഗ് ഇന്ന് ഓൺലൈനിൽ വളർന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക സ്രോതസ്സുകളിൽ പെട്ട ഒന്നാണ്. Lifeline, amazone പോലെയുള്ള വെബ്സൈറ്റ് കൾ വഴി അവരുടെ പ്രോഗ്രാമുകളോ, പ്രോഡക്റ്റ് കളോ മറ്റുള്ളവർക്ക് സോഷ്യൽ മീഡിയ വഴി എത്തിച്ചു കൊടുക്കുന്നതിലൂടെ (മറ്റുള്ളവർ ആ ലിങ്കിൽ ക്ലിക്ക് ചെയ്താൽ) അഫിലിയേഷൻ എടുത്തിട്ടുള്ള ആൾക്ക് അതിന്റെ അഡ്വെർടൈസിങ് കമ്മീഷൻ എന്ന നിലക്ക് നിശ്ചിത തുക അക്കൗണ്ടിലേക്ക് ലഭിക്കുന്നു. ആ ലിങ്കിലൂടെ മറ്റുള്ളവർ അവരുടെ പ്രോഡക്റ്റ് വാങ്ങിയാൽ 10% വരെ സാമ്പത്തിക നേട്ടം ലഭ്യമാകുന്നു... ഇത് ഇസ്ലാമിൽ അനുവദനീയമാണോ?
ചോദ്യകർത്താവ്
Mohamed haris
Jul 9, 2019
CODE :Fin9349
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ആമസോൺ, ഫ്ലിപ്കാർട്ട്, അഫോഡ് മീഡിയ, ഡിജിഎം ഇന്ത്യ, വി കമ്മീഷൻ, ലൈഫ്ലൈൻ തുടങ്ങിയ ഈ കൊമേഴ്സ വെബ്സൈറ്റുകളില്‍ നിന്നുള്ള ഉത്പന്നങ്ങൾക്ക് സ്വന്തമായി പരസ്യം ചെയ്ത് ഉപഭോക്താക്കാളെ ഇത്തരം റീട്ടെയിൽ വെബ്സൈറ്റുകളിലെത്തിട്ട് അവ വാങ്ങിപ്പിച്ച് കമ്മീഷന്‍ നേടുന്ന ഏര്‍പ്പാടാണല്ലോ അഫിലിയേറ്റ് മാര്‍ക്കറ്റിങ്. ഒരാള്‍ക്ക് തന്റെ ഉത്പന്നം പ്രമോട്ടര്‍മാരുമായി ബന്ധപ്പെട്ട് അവര്‍ക്ക് കമ്മീഷന്‍ കൊടുത്ത് കൂടുതല്‍ വിറ്റുവരവുണ്ടാക്കുന്ന റവന്യൂ ഷെയറിങ് വ്യവഹാര രീതി എന്നും ഇതിനെ വിശേഷിപ്പിക്കാം. ആകർഷകമായ പരസ്യത്തിൽ നൽകപ്പെടുന്ന ലിങ്കിലൂടെ ഉപഭോക്താവ് റീട്ടെയിൽ വെബ്സൈറ്റുകളിലെത്തി സാധനം വാങ്ങുമ്പോഴൊക്കെ അഫിലിയേറ്റ് ചെയ്യുന്ന കമ്പനിയിൽ നിന്ന് കമ്മീഷനോ ലാഭമോ പരസ്യ ഫീയോ ആയി റിട്ടേൺ ലഭിക്കുയാണ് പതിവ്. ഈ രീതിയിൽ നടത്തപ്പെടുന്ന അഫിലിയേറ്റ് മാർക്കറ്റിങ് കറ്റമറ്റതാകാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം: ഒന്നാമതായി, പരസ്യം ചെയ്യുന്ന പ്രോഡക്ട് ഹലാലായതാകണം. ഇസ്ലാം നിരോധിച്ച വസ്തുക്കളെ മറ്റുള്ളവരെക്കൊണ്ട് വാങ്ങിക്കരുത്. നാം കാരണം അവർ ഹറം തിന്നുകയോ ഉപയോഗിക്കുകയോ ചെയ്താൽ അല്ലാഹുവിന്റെ മുന്നിൽ നാം ഉത്തരവാദികളാകും. രണ്ടാമതായി, അഫിലിയേറ്റ് ചെയ്യുന്ന കമ്പനികളുടെ പ്രവർത്തനം പലിശ, ചൂതാട്ടം തുടങ്ങി ഇസ്ലാം നിഷിദ്ധമാക്കിയ സാമ്പത്തിക കുറ്റങ്ങളിലധിഷ്ഠിതമാകാതിരിക്കണം. നാം ആർക്ക് വേണ്ടിയാണോ പരസ്യം ചെയ്യുന്നത് അവർ ഹലാലായ രീതിയിൽ ബിസിനസ് ചെയ്യുന്നവരാണെന്ന് ഉറപ്പ് വരുത്തണം. അല്ലാതെ അതൊന്നും നമുക്കറിയേണ്ട ആവശ്യമില്ലായെന്ന നിലപാടും തെറ്റായ രീതിയിൽ കച്ചവടം നടത്തുന്നവനെ തടിച്ചു കൊഴുപ്പിച്ച് അതിലൊരു പങ്ക് സ്വീകരിക്കലും ഒരു വിശ്വാസിക്ക് ചേർന്നതല്ല. മൂന്നാമതായി, നാം നൽകുന്ന പരസ്യം ആ ഉത്പന്നത്തിന്റെ ശരിയായ വിവരണം ആകണം. ഇല്ലാത്തത് പറഞ്ഞ് ഉപഭോക്താവിനെക്കൊണ്ട് സാധനം വാങ്ങിപ്പിക്കുന്നത് ചതിയാണ് ഇത് ഇസ്ലാം നിരോധിച്ചതാണ് (ബുഖാരി, മുസ്ലിം). നാലാമതായി, വലിയ വിലയുള്ള വസ്തുവിന്റെ വില പെട്ടെന്ന് വലിയ തോതിൽ കുറക്കുമ്പോൾ ആ ഉത്പന്നത്തിന് ഉണ്ടാകാനിടയുള്ള ന്യൂനതകളെക്കുറിച്ച് ബോധവാനാകണം. പലപ്പോഴും ഡിസ്പ്ലേ പീസുകളോ ഷിപ്പിങ് ഡാമേജ് സംഭവിച്ചതോ ഡേറ്റ് കഴിഞ്ഞതോ മറ്റേതെങ്കിലും രീതിയിൽ ഉത്പന്നത്തിന് ഡിഫറ്റ് ഐഡന്റിഫൈ ചെയ്യപ്പെട്ടതോ ആയ വസ്തുക്കൾ എക്സ്ക്ലൂസീവ് ഓഫറായി പ്രത്യക്ഷപ്പെടാറുണ്ട്. അവയുടെ നിജസ്ഥിതി മനസ്സിലാക്കാൻ കഴിയുമെങ്കിൽ മാത്രമേ അത്തരം വസ്തുക്കളെ പരസ്യത്തിൽ ഉൾപ്പെടുത്താവൂ. അല്ലാതെ അഫിലിയേറ്റഡ് കമ്പനികൾ എങ്ങനെയെങ്കിലും അവരുടെ സാധനം വിറ്റു് പോകാൻ വേണ്ടി നടത്തുന്ന മറിമായം സത്യമാണെന്ന് വിശ്വസിച്ചോ അല്ലാതെയോ അതിൽ ഉപഭോക്താവിനെ അകപ്പെടുത്താൻ പാടില്ല. കാരണം ഒരു ഇടപാടിലും ആരോടും അക്രമം പാടില്ല അഥവാ ഇടപാടിലെ ഒരു കക്ഷിക്ക് വലിയ ലാഭവും മറുകക്ഷിക്ക് നഷ്ടവും ഉണ്ടാകുന്ന സാഹചര്യം സൃഷ്ടിക്കാൻ പാടില്ലെന്ന് ശർഅ് വ്യക്തമായി നിർദ്ദേശിക്കുന്നുണ്ട് (ഇബ്നുമാജ്ജഃ, ദാറഖുത്നീ, മുവത്വ). ചുരുക്കത്തിൽ തടിയനങ്ങാതെ വീട്ടിലിരുന്ന് ചെയ്ത് വലിയ റിട്ടേൺ നേടാവുന്ന ഏർപ്പാടാണ് അഫിലിയേറ്റഡ് മാർക്കറ്റിങ്. അത് പക്ഷേ ഒരു വിശ്വാസി ചെയ്യുമ്പോൾ ഇവിടെ സൂചിപ്പിക്കപ്പെട്ടത് പോലെ ശർഇന്റെ വീക്ഷണത്തിൽ കുറ്റമറ്റതാകണം. കുറച്ചായാലും കൂടുതലായാലും പണമുണ്ടാക്കുകയെന്നതല്ല, മറിച്ച് കിട്ടുന്നത് പരമാവാധി ഹാലാലായതാകുക എന്ന കാര്യത്തിലാണ് ഒരു വിശ്വാസി ബദ്ധശ്രദ്ധനാകേണ്ടത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.