ഞാൻ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത് . മിക്ക ദിവസങ്ങളിലും ജോലിക്ക് കമ്പനിയിൽ എത്തുമ്പോൾ ട്രാഫിക്ക് കാരണമോ അല്ലാതെയോ കുറച്ചു വൈകാറുണ്ട് . എന്നിരുന്നാലും ഓഫീസിലെ മറ്റു ജീവനക്കാർ എത്തുന്നതിനു മുൻപേ അവിടെ എത്താറുണ്ട് .ചില ദിവസങ്ങളിൽ കൂടെ ജോലി ചെയ്യുന്നവരൊക്കെ നേരത്തെ പോയിട്ടുണ്ടെൽ ഞാനും ഡ്യൂട്ടി സമയം തീരുന്നതിനു മുൻപ് ഓഫീസിൽ നിന്ന് ഇറങ്ങാറുണ്ട്. ജോലി കൂടുതൽ ഉള്ളപ്പോൾ ഡ്യൂട്ടി സമയം കഴിഞ്ഞും ഓഫീസിൽ ഇരിക്കാറുണ്ട് . കമ്പനിയിലെ മാനേജരോട് ഞാൻ വൈകി വരുന്നതിനെ പറ്റിയും നേരത്തെ പോകുന്നതിനെ പറ്റിയും പറഞ്ഞപ്പോൾ അത് കുഴപ്പമില്ല എന്ന രൂപത്തിലാണ് മറുപടി തന്നത് . അങ്ങനെയാണേൽ എനിക്ക് എന്റെ ശമ്പളം എല്ലാം ഹലാൽ ആകുമോ ?
ചോദ്യകർത്താവ്
Muhammed
Jul 10, 2019
CODE :Fin9351
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ആരാണോ യഥാർത്ഥത്തിൽ നിങ്ങൾക്ക് ശമ്പളം തരുന്നത് അദ്ദേഹം അല്ലെങ്കിൽ ആ സ്ഥാപനം താങ്കളുടെ ഈ പ്രവർത്തനങ്ങളൊക്കെ അറിഞ്ഞാൽ കുഴപ്പമില്ലെങ്കിൽ കിട്ടുന്ന ശമ്പളം ഹലാലാകും. ഇക്കാര്യങ്ങളൊക്കെ അവർക്ക് കുഴപ്പുമുണ്ടാകുമോ ഇല്ലയോ എന്നറിയാൻ താങ്കളെ അവരുടെ സ്ഥാനത്ത് സങ്കൽപ്പിച്ചാൽ മതി. അഥവാ താങ്കളാണ് സ്ഥാപനം നടത്തുന്നത് എന്നും എല്ലാവർക്കും ശമ്പളം കൊടുക്കുന്നത് എന്നും സങ്കൽപ്പിക്കുക. എന്നിട്ട് തന്റെ തൊഴിലാളികൾ താനറിയാതെ ഇങ്ങനെയൊക്കെ ചെയ്താൽ തനിക്ക് അത് ഇഷ്ടപ്പെടുമോയെന്നും ചിന്തിക്കുക. അപ്പോൾ താങ്കളുടെ തൊഴിലാളികൾ ചെയ്യുന്നത് ഹലാലോ ഹറാമോ എന്നും അവർ താങ്കളിൽ നിന്ന് കൈപ്പറ്റുന്നത് ഹലാലോ ഹറാമോ എന്നും വ്യക്തമാകും. അക്കാര്യം താങ്കളുടെ ഇപ്പോഴത്തെ പ്രവർത്തനവുമായി താരതമ്യം ചെയ്താൽ ഈ വിഷയത്തിലെ നെല്ലും പതിരും വേർതിരിയും.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.