മൾട്ടി ലെവൽ മാർക്കറ്റിംഗിന്റെ വിധി വിശദീകരിക്കാമോ

ചോദ്യകർത്താവ്

Mohamed

Aug 12, 2019

CODE :Fin9401

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

മൾട്ടി ലെവൽ മാർകറ്റിങ്, ചൈൻ മാർകറ്റിങ്, pyramid selling, network marketing തുടങ്ങി പല പേരുകളിലായി അറിയപ്പെടുന്നതാണ് ഈ സംവിധാനം. സാധാരണ രീതിയിൽ കമ്പനി ഉൽപന്നങ്ങളുടെ ഒരു കിറ്റ് നല്ല വില കൊടുത്ത് വാങ്ങുന്നതിലൂടെ ഈ ചങ്ങലയിൽ കണ്ണിയാകും. കമ്പനി ഉത്പന്നങ്ങൾ ഇട നിലക്കാരില്ലാതെ നേരിട്ട് വിപണം നടത്തുന്നതിലൂടെ കുറഞ്ഞ വിലക്ക് ഇത് നൽകാനാകുമെന്നും വലിയ ലാഭം കൊയ്യാമെന്നും എല്ലാമാണ് വാഗ്ദാനങ്ങൾ. അതിനു പുറമെ, പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുക വഴി വൻ കമ്മീഷനും ലഭിക്കുമത്രെ. അങ്ങനെ ചെറിയ കാലയളവിൽ കുറഞ്ഞ അധ്വാനത്തോടെ കൂടുതൽ സമ്പാദിക്കാനാകും എന്ന കണക്കു കൂട്ടലുകളാണ് പലരെയും ഇതിന്‍റെ ഇരകളാക്കുന്നത്. പണ്ട് പിരമിഡ് സ്കീം എന്ന പേരിൽ ആളുകളെ റിക്രൂട്ട് ചെയ്ത് മാത്രം കാശുണ്ടാക്കിയിരുന്ന അതേ രീതി തന്നെ, പേരിന് ഉത്പന്നങ്ങളുടെ വിൽപന എന്നത് ഉൾപ്പെടുത്തി, നിയമത്തിന്‍റെ പഴുതിലൂടെ പ്രവർത്തിച്ചു വരുന്നവയാണ് മിക്ക എം. എൽ. എം. കമ്പനികളും. 
ഏറ്റവും താഴെ തട്ടിൽ നടത്തുന്ന കച്ചവടങ്ങളുടെ ലാഭങ്ങളും മേലേ കിടയിലുള്ളവർക്ക് മേനിയനങ്ങാതെ ലഭിച്ചു കൊണ്ടിരിക്കും എന്നതാണ് ഇതിന്‍റെ പ്രത്യേകത. ഇങ്ങനെ ലഭിക്കുന്ന വിഹിതങ്ങൾ ഇസ്‍ലാമികമായി അനുവദനീയമാണോ എന്നതാണ് നമുക്ക് പരിശോധിക്കാനുള്ളത്. 


ആദ്യമായി ഇത്തരം കമ്പനികൾ യഥാർത്ഥത്തിൽ, താഴെ തട്ടിലുള്ളവരെ അന്യായമായി ചൂഷണം ചെയ്യുകയും അവർക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകി അവരെ വഞ്ചിക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം കമ്പനികളിലേക്ക് റിക്രൂട്ട് ചെയ്യുന്നവർ, സെമിനാറുകളിലൂടെയും കോൺഫ്രൻസുകളിലൂടെയും വ്യക്തപരമായ കൂടിക്കാഴ്ചകളിലൂടെയും വലിയ വലിയ വാഗ്ദാനങ്ങൾ നൽകുകയും അവയിൽ അംഗമാകുന്നതിലൂടെ ലഭിക്കാൻ പോകുന്ന ഉന്നതമായ വരുമാനങ്ങളുടെ സ്വപ്നങ്ങൾ മുന്നിൽ വെക്കുകയും ചെയ്യുമ്പോൾ അവയുടെ സ്ഥിതിവിവര കണക്കു പ്രകാരമുള്ള സാധ്യത പഠനങ്ങൾ ബോധപൂർവ്വം മറച്ചു വെക്കുകയാണ് ചെയ്യാറ്. ഫെഡറൽ ട്രൈഡ് കമ്മീഷൻ നടത്തിയ പഠന പ്രകാരം 99 ശതമാനം ആളുകൾക്ക് ഇതിൽ ചേരുന്നതോടെ നഷ്ടമാണുണ്ടായിട്ടുള്ളത്. ഒരു ന്യൂന പക്ഷത്തിന് തടിച്ചു കൊഴുക്കാനുള്ള ഒരു മാർഗ്ഗം മാത്രമാണിത് എന്ന് ചുരുക്കം. 

ആംവേ പോലുള്ള പെട്ടെന്നു പണക്കാരനാകാനുള്ള തട്ടിപ്പുകളെ വെളിച്ചത്തു കൊണ്ടു വരുന്ന My Father's Dream എന്ന ഓർമ്മ കുറിപ്പിൽ Erik German സ്വപ്നങ്ങളെ വിൽക്കുന്ന രീതിയെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. മേൽ പറഞ്ഞതിൽ നിന്ന്, ഇതിൽ അംഗമാകുന്നതിലൂടെ വഞ്ചനയിൽ തുടങ്ങി, വഞ്ചനയിലൂടെ വളർന്നു വരുന്ന ഒരു സ്ഥാപനത്തെ സഹായിക്കുകയെന്ന കുറ്റമുണ്ടാകും. അതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ ഒരു വിഹിതം ഈ വഞ്ചനയുടെ മുതലും ആണ്. അതിനു പുറമെ, തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതനാവുക എന്നത് ഒരു മുസ്ലിമിന്‍റെ ബാധ്യതയുമാണല്ലോ.

ഇതിനു പുറമേ, മേലേ തട്ടിലുള്ളവർക്ക് നൽകുന്ന കമ്മീഷൻ, ചെയ്യുന്ന ജോലിക്ക് അനുഗുണമായി തിട്ടപ്പെടുത്തി നിർണ്ണയിക്കപ്പെട്ട പ്രതിഫലമല്ല എന്ന പോരായ്മയും ഇതിനുണ്ട്. ഇക്കാരണങ്ങളാൽ എം. എൽ. എം. ഇസ്‍ലാമികമായി അംഗീകരിക്കപ്പെടാവതല്ല.

ഈ വിഷയവുമായി ബന്ധപെട്ട് മുമ്പ് പ്രസിദ്ധീകരിച്ച ഉത്തരങ്ങളും ലേഖനങ്ങളും കൂടി വായിക്കുന്നത് ഏറെ പ്രസക്തമായിരിക്കും.  Fin8913, Fin8985, Fin9709, Fin9401, തുടങ്ങിയ മറുപടികളും  ഫിഖ്ഹ്ഓണ്‍വെബില്‍ പ്രസിദ്ധീകരിച്ച മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് എന്ന ലേഖനവും വായിക്കണം. 

 കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടെ. ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണ്.

ASK YOUR QUESTION

Voting Poll

Get Newsletter